കോറോയുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ചര്‍ച്ച, സൂചനകളിങ്ങനെ

Image 3
FootballISL

ഐഎസ്എല്ലിലെ എക്കാലത്തേയും ടോപ്‌സ്‌കോറര്‍ ഫെറാന്‍ കോറോമിനാസുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ തുടക്കം കുറിച്ചതായി റിപ്പോര്‍ട്ടുകള്‍. ചില ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ കോറോ ഒരിക്കലും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ബൂട്ടണിയാന്‍ സാധ്യതയില്ലെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മര്‍ക്കസ് മെര്‍ഗുളാനോ പറയുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ ചേരാന്‍ കോറോ പ്രതിഫലം കുറയ്ക്കാന്‍ വരെ തയ്യാറാണെന്നും എന്നാല്‍ കോറോയ്ക്ക് കൊടുക്കാനുന്ന ബഡ്ജറ്റ് ഉണ്ടെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനായാസം ഓഗ്‌ബെചെയെ നിലനിര്‍ത്താനാകുമെന്നും മെര്‍ഗുളാനോ പറയുന്നു.

2017 മുതല്‍ കഴിഞ്ഞ മൂന്ന് സീസണിലും എഫ്‌സി ഗോവയ്ക്കായി കളിച്ച കോറോ രണ്ട് തവണ ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഗോവയ്ക്കായി 57 മത്സരങ്ങള്‍ ഇതിനോടകം കളിച്ച ഈ മുന്‍ എസ്പാനിയോള്‍ താരം 48 ഗോളും അടിച്ച് കൂട്ടിയിട്ടുണ്ട്.

ഗോവ കരാര്‍ പുതുക്കുന്നതിന്റെ ഭാഗമായി തനിക്ക് തന്ന ഓഫര്‍ വളരെ ചെറുതാണെന്ന് ആരോപിച്ചാണ് കോറോ കഴിഞ്ഞ മാസം ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോറോയെ സ്വന്തമാക്കാന്‍ നിരവധി ഐഎസ്എല്‍ ക്ലബുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ഉയര്‍ന്ന വേതനം എന്ന ആവശ്യത്തിന് മുന്നില്‍ പല ക്ലബുകളും പിന്മാറുകയായിരുന്നു.

‘ഭാവി എന്തെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഒരു ക്ലബുമായി നിലവില്‍ എനിക്ക് കരാറില്ല. ഞാന്‍ വിവിധ പ്രെപ്പോസലുകള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡ് മാഹാമാരി പ്രശ്‌നമാണ്. എഫ്‌സി ഗോവ മാത്രമാണ് എനിക്ക് ഓഫര്‍ തന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പ്രെപ്പോസലുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിമിഷം ഒരു തീരുമാനവും ഞാനെടുത്തിട്ടില്ല’ കോറോ നേരത്തെ സൂചിപ്പിച്ചത് ഇപ്രകാരമാണ്.

ബ്ലാസ്റ്റേഴ്‌സിന് ഓഗ്‌ബെചെ നഷ്ടപ്പെടുമോ എന്നതിനെ ആശ്രയിച്ചിരിക്കും മുന്‍ നിരയില്‍ പുതിയ താരങ്ങളുടെ വരവ്. കോറോയെ കൂടാതെ മാര്‍സീല്യോയും ബ്ലാസ്‌റ്റേഴ്‌സില്‍ വരാന്‍ വേതനം കുറക്കാന്‍ തയ്യാറാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് അന്തിമ തീരുമാനം എടുത്തിട്ടില്ല.