ഷറ്റോരിയെ ഗെറ്റൗട്ട് അടിച്ചു, ബ്ലാസ്‌റ്റേഴ്‌സില്‍ ലിത്വാനിയന്‍ കൊടുങ്കാറ്റ്

Image 3
FootballISL

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മലയാളത്തിന്റെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്സും ഡച്ച് പരിശീലകന്‍ എല്‍കോ ഷറ്റോറിയും വഴിപിരിഞ്ഞു. ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചതാണ് ഇക്കാര്യം.

ഇതോടെ വരുന്ന സീസണില്‍ മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ സ്പാനിഷ് പരിശീലകന്‍ കിബു വികുന ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് ഉറപ്പായി. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന്‍ കരോലിസ് സ്‌കിന്‍കിസ് വരുന്നതോടെയാണ് പുതിയ മാറ്റങ്ങളെന്നാണ് സൂചന.

201920 ഐ.എസ്.എല്‍ സീസണില്‍ 18 കളികളില്‍ നിന്ന് വെറും നാലു ജയങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായിരുന്നത്. ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെ ഷറ്റോറി വരുന്ന സീസണില്‍ പരിശീലക സ്ഥാനത്ത് ഉണ്ടാകില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍നിന്നുമാണ് ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.എന്നാല്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ബ്ലാസ്റ്റേഴ്‌സിനുള്ളിലെ ഷട്ടോരിയുടെ ഭാവി ഏറെക്കുറെ തുലാസില്‍ ആയിരുന്നു. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കെതിരെ ഷറ്റോരി ആരോപണവുമായി ഷറ്റോരി രംഗത്തെത്തിയത് സ്ഥിതി ഗുരുതരമാക്കിയിരുന്നു.