ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം അധാര്‍മികം, , പൊട്ടിത്തെറിച്ച് ഗോകുലം എഫ്‌സി

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാന്‍ നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മലബാറില്‍ നിന്നുളള ഐലീഗ് ക്ലബ് ഗോകുലം എഫ്‌സി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടാണെന്നും ഒരു ടീമിന്റെ ഹോം ഗ്രൗണ്ട് മറ്റൊരു ക്ലബ് കൈയ്യേറുന്നത് അധാര്‍മികമാണെന്നും ഗോകുലം ക്ലബ് പ്രസിഡന്റ് വിസി പ്രവീണ്‍ ഗോള്‍ ഡോട്ട് കോമിനോട് പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗോകുലം എഫ്‌സിയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഉപയോഗിക്കുന്നത്. സ്‌റ്റേഡിയത്തിലെ അറ്റകുറ്റ പണികള്‍ വരെ നടത്തുന്നതും ഗോകുലമാണ്. കഴിഞ്ഞ ആഴ്ച്ച സ്‌റ്റേഡിയം ഉപയോഗിക്കാനുളള കരാര്‍ നീട്ടി നല്‍കണമെന്ന് ഗോകുലം കോഴിക്കോട് കോര്‍പറേഷന് അപേക്ഷയും സമര്‍പ്പിച്ചിരുന്നു.

അതിനിടെയാണ് മേയറുടെ അധ്യക്ഷതയില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നിരിക്കുന്നത്. യോഗത്തില്‍ അടുത്ത സീസണില്‍ തന്നെ ഐഎസ്എല്‍ മത്സരങ്ങള്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്താനുളള മുന്നൊരുക്കങ്ങള്‍ ചെയ്യാനാണ് തീരുമാനം

‘അടുത്ത സീസണിലും ഇഎംഎസ് സ്‌റ്റേഡിയത്തില്‍ കളിക്കാനുളള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഞങ്ങളുടെ ഹോം ഗ്രൗണ്ട് മറ്റൊരു ക്ലബിന് വിട്ടുകൊടുക്കാനുളള നീക്കം അധാര്‍മികവും അണ്‍പ്രഫഷണലുമായ നീക്കമാണ്. എന്നാല്‍ ഞങ്ങള്‍ക്കുറപ്പുണ്ട് ബ്ലാസ്റ്റേഴ്‌സ് അക്കാര്യം ചെയ്യില്ലെന്ന്’ പ്രശാന്ത് പറയുന്നു.

ബ്ലാസ്റ്റേഴ്‌സിന് ഒന്നോ രണ്ടോ മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് പറയുന്ന പ്രശാന്ത് കോഴിക്കോട് സ്‌റ്റേഡിയം ഈ വിധത്തിലാക്കിയതിലുളള തങ്ങളുടെ കഠിനാധ്വാനത്തില്‍ പങ്കുപറ്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കമെങ്കില്‍ അംഗീകരിക്കാനാകില്ലെന്നും കൂട്ടിചേര്‍ത്തു.

ഇതോടെ ജൂണ്‍ 10ന് മേയറുടെ ചേംമ്പറില്‍ ചേരുന്ന യോഗം ഗോകുലത്തിന് നിര്‍ണ്ണായകമാകും. ഗോകുലത്തിന്റെ അതൃപ്തി കൂടി അടുത്ത യോഗം ചര്‍ച്ച ചെയ്‌തേക്കു.