ഗോകുലം സൂപ്പര്‍ താരത്തെ റാഞ്ചാനൊരുങ്ങുന്നു, രണ്ടും കല്‍പിച്ച് ബ്ലാസ്റ്റേഴ്‌സ്

ഐലീഗിന്റെ മലയാളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി കിരീടം സ്വന്തമാക്കിയ ഗോകുലം എഫ്‌സിയില്‍ നിന്ന് ഒരു പ്രധാന താരത്തെ സ്വന്തമാക്കാന്‍ നീക്കം സജീവമാക്കി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോകുലത്തിന്റെ യുവ വിംഗറായ വിന്‍സി ബാരറ്റോയെയാണ് ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വലയെറിയുന്നത്.

പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോകുലത്തിന് ഐലീഗ് കിരീടം സമ്മാനിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് വിന്‍സി ബാരറ്റോ. വിംഗുകളില്‍ നിന്ന് ബാരറ്റോ നടത്തുന്ന ആക്രമണം എതിരാളികളുടെ ഉറക്കം കെടുത്തുന്നതായിരുന്നു.

ബാരറ്റോയെ സ്വന്തമാക്കാന്‍ ഗോകുലത്തിന് ട്രാന്‍സ്ഫര്‍ ഫീ നല്‍കാനും ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എത്ര തുകയാണ് ബ്ലാസ്‌റ്റേഴ്‌സ് യുവതാരത്തിന് ഓഫര്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമല്ല.

ഐഎസ്എല്‍ ആറാം സീസണില്‍ എഫ്‌സി ഗോവയുടെ റിസര്‍വ്വ് ടീമില്‍ ഉണ്ടായിരുന്ന താരമാണ് ബാരറ്റോ. ഈ സീസണില്‍ ഗോകുലം കോഴിക്കോട്ടേയ്ക്ക് എത്തിക്കുകയായിരുന്നു. ഐലീഗില്‍ 13 മത്സരങ്ങളിലാണ് 21 വയസ് മാത്രമുളള ഈ വിംഗര്‍ ബൂട്ടണിഞ്ഞത്. മികച്ച വേഗതയും ചടുലമായ നീക്കങ്ങളുമാണ് ബാരറ്റോയെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിച്ചത്.

You Might Also Like