ബ്ലാസ്‌റ്റേഴ്‌സിന്റെ റഡാറിലുളള വിദേശ താരത്തെ റാഞ്ചാന്‍ ഗോകുലവും

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് ഓഫര്‍ നല്‍കിയിട്ടുളള മുന്‍ മോഹന്‍ ബഗാന്‍ താരവും സ്‌പെയിന്‍ സ്വദേശിയുമായ ജൊസബെ ബെയ്റ്റിയയെ സ്വന്തമാക്കാന്‍ കേരളത്തില്‍ നിന്നുളള ഏക ഐലീഗ് ക്ലബായ ഗോകുലം എഫ്‌സിയും. ബെയ്റ്റിയക്കായി ഗോകുലം ഓഫര്‍ നല്‍കിയ കഴിഞ്ഞെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗോകുലത്തെ കൂടാതെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും, ഈസ്റ്റ് ബംഗാളും താരത്തിന് പിന്നാലെയുണ്ട്. എന്നാല്‍ ബെയ്റ്റിയ എങ്ങോട്ടേയ്ക്ക് പോകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുതതിട്ടില്ല.

മോഹന്‍ ബഗാനില്‍ ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുടെ പ്രിയശിഷ്യനായി അറിയപ്പെടുന്ന താരമാണ് അദ്ദേഹത്തിന്റെ നാട്ടുകാരന്‍ കൂടിയയായ ബെയ്റ്റിയ. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനെ ഐലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ കളിക്കളത്തില്‍ മികച്ച പ്രകടനമാണ് ബെയ്റ്റിയ കാഴ്ച്ചവെച്ചത്.

ഇതോടെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് 75 ലക്ഷം രൂപയുടെ ഓഫറാണ് ബെയ്റ്റിയക്ക് നല്‍കിയത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറില്‍ ബെയ്റ്റിയ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. മാത്രമല്ല മറ്റ് ഓഫറുകള്‍ കൂടി പരിഗണിച്ച ശേഷം ട്രാന്‍സ്ഫര്‍ കാര്യത്തില്‍ തീരുമാനം എടുക്കാമെന്നായിരുന്നു ബെയ്റ്റിയയുടെ നിലപാട്.

ഇതോടെ മധ്യനിരയില്‍ പുതിയ സാധ്യതകള്‍ തേടി ബ്ലാസ്റ്റേഴ്‌സ് ചില നീക്കങ്ങള്‍ നടത്തി. സെര്‍ജിയോ സിഡോചയെ ബ്ലാസ്‌റ്റേഴ്‌സില്‍ നിലനിര്‍ത്തിയ സ്‌പോട്ടിംഗ് ഡയറക്ടര്‍ അര്‍ജന്റീന താരം ഫക്കുണ്ടോ പെരേരയേയും ടീമിലെത്തിച്ചു.

ഇതോടെ ഇനി ബ്ലാസ്‌റ്റേഴ്‌സ് ബെയ്റ്റിയയെ പരിഗണിക്കുമോയെന്ന് കാത്തിരുന്ന് കാണണം. ഇതിനിടേയാണ് ഗോകുലം അടക്കമുളള ക്ലബുകള്‍ ബെയ്റ്റിയക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.