ഗോവയിലേക്ക് ‘പറക്കാന്‍’ ബ്ലാസ്റ്റേഴ്‌സിന് ബെന്‍സ് ഒരുങ്ങി, തയ്യാറെടുപ്പുകള്‍ ഇങ്ങനെ

Image 3
FootballISL

പ്രീസീസണിനും തുടര്‍ന്ന് വരുന്ന ഐഎസ്എല്ലിനുമായി ഈ മാസം അവസാനത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഗോവയിലേക്ക് തിരിക്കും. പതിവില്‍ നിന്ന് വിപരീതമായി ഇപ്രാവശ്യം ബസ് വഴിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഗോവയിലേക്ക് എത്തിക്കുക. ബസ് വഴി എത്താനാകാത്തവര്‍ മാത്രമാണ് വിമാനത്തില്‍ ഗോവയിലെത്തുക.

ബ്ലാസ്‌റ്റേഴ്‌സിന്റെ യാത്ര പദ്ധതിയ്ക്കായി ബസ് ഒരുങ്ങി കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തെത്തിയിട്ടുണ്ട്. മെയ്‌സിഡസ് ബെന്‍സിന്റെ ആഡംബര ബസാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഗോവയിലേക്ക് കൊണ്ട് പോകാന്‍ ഒരുക്കിയിരിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ പേര് ആലേഖനം ചെയ്ത ബസ് നിലവില്‍ കൊച്ചിയിലാണ് ഒരുക്കിയിരിക്കുന്നത്. ഗോവയില്‍ മൈതാനങ്ങളിലേക്കും പരിശീലന ഗ്രൗണ്ടിലേക്കും എല്ലാം ഈ ബസിലാകും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ യാത്ര ചെയ്യുക.

നേരത്തെ സോണ ട്രാവല്‍സ് എന്ന പ്രൈവറ്റ് കമ്പനിയുടെ ഇസുസു ബസ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഉപയോഗിച്ചിരുന്നത്. അതില്‍ നിന്നാണ് ബെന്‍സിന്റെ ബസിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ മാറുന്നത്.

അതെസമയം പ്രീസീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയെല്ലാം ആദ്യ ഘട്ട കോവിഡ് പരിശോധന പൂര്‍ത്തിയായി. ആര്‍ക്കും കോവിഡ് പോസിറ്റീവ് ഇല്ല എന്ന വാര്‍ത്ത ക്ലബ് അധികൃതര്‍ക്ക് ആശ്വാസമായി. വീടുകളിലാണ് താരങ്ങളുടെ പരിശോധനയ്ക്ക് ബ്ലാസ്റ്റേഴ്സ് സംവിധാനം ഒരുക്കിയത്.

പ്രീസീസണ് മുന്നോടിയായി മൂന്ന് ഘട്ട പരിശോനയ്ക്കാണ് താരങ്ങള്‍ വിധേയമാകുക. അതിന് ശേഷം മാത്രമേ ഏതൊരു കളിക്കാരനും ഗോവയിലെ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിക്കു.