ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ നീക്കം, ലാറ്റിനമേരിക്കൻ ക്ലബിൽ കളിക്കുന്ന സ്‌ട്രൈക്കർക്ക് ഓഫർ നൽകി

ഈ സീസണിലും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്നത് ആരാധകരുടെ രോഷം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ തിരിയാൻ കാരണമായിട്ടുണ്ട്. നിലവിൽ ഐഎസ്എല്ലിൽ കളിച്ചു കൊണ്ടിരിക്കുന്ന ക്ലബുകളിൽ കിരീടം നേടാൻ ബാക്കിയുള്ള രണ്ടു ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ടു തന്നെ അടുത്ത സീസണിലേക്കായി ടീമിനെ മികച്ച രീതിയിൽ അഴിച്ചു പണിയാനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചു കഴിഞ്ഞു.

ഏതാനും താരങ്ങൾ ക്ലബ് വിട്ടെങ്കിലും ദിമിത്രിയോസുമായി കരാർ പുതുക്കുകയും ഓസ്‌ട്രേലിയൻ താരം ജോഷുവയെ സ്വന്തമാക്കുകയും ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത താരത്തിനുള്ള ഓഫർ നൽകിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബൊളീവിയൻ ലീഗിൽ ഓൾവെയ്‌സ് റെഡി ക്ലബിന് വേണ്ടി കളിക്കുന്ന ഡൊമിനിക്കൻ താരമായ ഡോർണി റൊമേറോയെ സ്വന്തമാക്കാനാണ് ക്ലബിന്റെ ശ്രമം.

ബൊളീവിയൻ ലീഗിൽ ഏഴാം സ്ഥാനത്തുള്ള ക്ലബിന് വേണ്ടി ഏഴു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ റോമെറോ നേടിയിട്ടുണ്ട്. വളരെ വേഗതയുള്ള താരമായ റോമെറോ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ക്ലബായ എൽ സീബോ യൂത്ത് അക്കാദമിയിൽ കരിയർ ആരംഭിച്ച് അഞ്ചു വര്ഷം അവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും റിയൽ സാന്താക്രൂസിലേക്ക് ചേക്കേറിയ താരം 51 മത്സരങ്ങളിൽ നിന്നും പതിനേഴു ഗോളുകൾ നേടി.

ഡൊമിനിക്കൻ റിപ്പബ്ലിക്ക് ദേശീയ ടീമിനായി 23 മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ റോമെറോ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയത്താണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്. 2024 വരെ കരാറുള്ള താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് പണം മുടക്കേണ്ടി വരും. എന്നാൽ ഇതുപോലെയൊരു താരത്തിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

You Might Also Like