ബ്ലാസ്റ്റേഴ്‌സിന്റെ പൂഴിക്കടകന്‍, ഗില്ലുമായി കരാര്‍ ഉടന്‍ പുതുക്കുന്നു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന ഗോള്‍ കീപ്പര്‍ പ്രഭുസുഖാന്‍ ഗില്ലുമായുളള കരാര്‍ നീട്ടാന്‍ നീക്കം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. പകരക്കാരനായെത്തിയ അത്ഭുതം കാട്ടിയ ഗില്ലിനെ എന്ത് വിലകൊടുത്തും തുടര്‍ന്നുളള സീസണുകളിലും കളിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന് മൂന്നാം മത്സരത്തില്‍ തന്നെ പരിക്കേറ്റതോടെയാണ് ഗില്ലിനെ പരീക്ഷിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് നിര്‍ബന്ധിതനായത്. എന്നാല്‍ 21കാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുകയായിരുന്നു.

എട്ട് മത്സരങ്ങളില്‍ ഇതിനോടകം ബ്ലാസ്‌റ്റേഴ്‌സിന്റെ വലകാത്ത ഗില്‍ 22 തകര്‍പ്പന്‍ സേവുകളാണ് നടത്തിയത്. ഗോള്‍ വഴങ്ങിയതാകട്ടെ അഞ്ചെണ്ണം മാത്രം. നാല് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റും സമ്പാദിച്ചു. ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ എന്ന നേട്ടത്തിലേക്കാണ് ഗില്‍ ചുവടുറപ്പിക്കുന്നത്.

ഇതോടെ ഗില്ലിനെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ വമ്പന്മാരെല്ലാം നീക്കം നടത്തുന്നുണ്ട്. അതിനാല്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കരാര്‍ ഉടനടി പുതുക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

കഴിഞ്ഞ ദിവസം ഒഡീഷ എഫ്.സിയ്‌ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗില്ലിന്റെ പ്രകടനത്തില്‍ സംതൃപ്തനാണെന്നും, ടീം മാനേജ്‌മെന്റ് താരവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നതെന്നും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പ്രതികരിച്ചിരുന്നു. മാനേജ്‌മെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവാന്‍ വ്യക്തമാക്കിയിരുന്നു.

You Might Also Like