രണ്ട് വിദേശ സൂപ്പര്‍ താരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടു, വിശദാംശങ്ങള്‍ പുറത്ത്

ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറിന്റെയും സിംബാബ്വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സുവുമായി ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു എന്ന് റിപ്പോര്‍ട്ടുകള്‍. കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇരുവും ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷത്തേക്കാണ് ഇരുതാരങ്ങളും ബ്ലാസ്റ്റേഴ്‌സിനായി കൡക്കുക. ക്ലബ്ബിന്റെ ഭാഗത്ത് നിന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസങ്ങളില്‍ ഉണ്ടായേക്കാം.

ചെക്ക് റിപ്പബ്ലിക്കന്‍ ടോപ് ഡിവിഷന്‍ ക്ലബായ സ്പാര്‍ട്ടാ പ്രാഗേയുമായുളള ഏഴ് വര്‍ഷത്തെ ബന്ധമാണ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടതോടെ ഈ സിംബാബാവെ താരം ഉപേക്ഷിച്ചത്. ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുകയും പിന്നീട് കോവിഡ് പേടിച്ച് വരാന്‍ മടിയ്ക്കുകയും ചെയ്ത കൊളംമ്പിയന്‍ പ്രതിരോധ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസിന് പകരക്കാരനായിട്ടാണ് സിംബാബാവെ താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

2011ല്‍ പോളിഷ് ക്ലബ്ബായ സാഗ്ലബി ലുബിനില്‍ നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകനായ കിബു വിക്യൂന അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിക്കുന്ന സമയത്ത് ആ ടീമിലെ കളിക്കാരന്‍ ആയിരുന്നു കോസ്റ്റ. 2013ലാണ് നമോയ്നെസു സ്പാര്‍ട്ടന്‍ ക്ലബില്‍ ചേര്‍ന്നത്.

ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ ജനിച്ച ഗാരി ഹൂപ്പര്‍ അവസാനമായി കളിച്ചത് കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫീനിക്‌സിനു വേണ്ടി ആയിരുന്നു. സീസണില്‍ താരം എട്ട് ഗോളുകളും അഞ്ചു അസ്സിസ്റ്റുകളും നേടി ക്ലബ്ബിനെ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചു.

സ്‌കന്‍തോര്‍പ്പ് യുണൈറ്റഡ്, സെലിറ്റിക് എഫ്സി, നോര്‍വിച്ച് സിറ്റി, ഷെഫീല്‍ഡ് വെഡ്‌നെസ്ഡേ, ലെയ്ട്ടണ്‍ ഓറിയന്റ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി താരം കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്പ്, ഇഎഫ്എല്‍ ലീഗ് 1, ഇഎഫ്എല്‍ ലീഗ് 2, എഫ്എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, ഫുട്‌ബോള്‍ ലീഗ് ട്രോഫി, എഫ്എ ട്രോഫി, യുവേഫ ചാമ്പ്യന്‍സ് ലീഗ് , യുവേഫ യൂറോപ്പ ലീഗ്, സ്‌കോട്ടിഷ് കപ്പ്, സ്‌കോട്ടിഷ് ലീഗ് കപ്പ്, സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ഏക ഫുട്‌ബോള്‍ താരമാണ് മുപ്പത്തിരണ്ടുകാരനായ ഹൂപ്പര്‍.

You Might Also Like