സഹതാരങ്ങളെ കാണാന്‍ ആകാംക്ഷ, ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടിക്കൊടുക്കണം: ഹൂപ്പര്‍
ഐഎസ്എല്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്കുളള വരവ് വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന ഇംഗ്ലീഷ് താരം ഗാരി ഹൂപ്പര്‍. ബ്ലാസ്റ്റേഴ്‌സിനായി തന്റെ പരിചയ സമ്പത്ത് വിനിയോഗിക്കാനാകും എന്ന പ്രതീക്ഷ പങ്കുവെച്ച താരം നിര്‍ണ്ണായക ഗോളുകളും ടീമിനായി നേടാനാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു ഹൂപ്പര്‍.
‘എന്റെ കളി ജീവിതത്തിലെ അടുത്ത അധ്യായം കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണെന്നും അതിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. തന്റെ പരിചയ സമ്പത്ത് ടീമിനെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടീമിന് വേണ്ടി നിര്‍ണായ ഗോളുകള്‍ നേടാനും വെല്ലുവിളികള്‍ അതിജീവിക്കാനും ഐഎസ്എല്‍ കിരീടത്തിനായി ടീമിനെ സഹായിക്കാനും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ ഹൂപ്പര്‍ പറയുന്നു.
ബ്ലാസ്റ്റേഴ്‌സിലെ സഹതാരങ്ങളെ കണ്ടുമുട്ടാനും പുതിയ സീസണിനായി പരിശീലനം ആരംഭിക്കാനുമുള്ള ആകാംക്ഷയിലാണ് താനെന്ന് പറയുന്ന ഇംഗ്ലീഷ് താരം ഗോവയില്‍ പ്രീ സീസണിനായി ഉടന്‍ ടീമിനൊപ്പം ചേരുമെന്നും കൂട്ടിചേര്‍ത്തു.
ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നുള്ള 32കാരനായ ഗാരി ഹൂപ്പര്‍, ഏഴാം വയസില്‍ തന്നെ ടോട്ടനം ഹോട്സ്പര്‍ അക്കാദമിയില്‍ നിന്ന് കളിപഠിച്ചു തുടങ്ങിയിരുന്നു. ലില്ലി വൈറ്റ്സിലെ ഏഴുവര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രേസ് അത്ലറ്റിക്കില്‍ ചേര്‍ന്നു. 2004ലാണ് ഗ്രേസിനൊപ്പം സീനിയര്‍ ടീം അരങ്ങേറ്റം. പുതുതായി രൂപീകരിച്ച കോണ്‍ഫറന്‍സ് സൗത്തിലേക്ക് (നാഷണല്‍ ലീഗ് സൗത്ത്) ടീമിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴായിരുന്നു ഇത്. സൗത്തെന്‍ഡ് യുണൈറ്റഡിലേക്ക് ചേക്കേറും മുമ്പ് ഗ്രേസിനായി 30 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ താരം നേടി. സൗത്തെന്‍ഡിലെ രണ്ടുവര്‍ഷം തുടര്‍ന്നുള്ള സീസണുകളില്‍ രണ്ടു വിജയകരമായ വായ്പ അടിസ്ഥാനത്തിലുള്ള മാറ്റത്തിനും വഴിയൊരുക്കി. 19 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളുമായി ഹെര്‍ഫോര്‍ഡ് യുണൈറ്റഡിലെ മികച്ച പ്രകടനം ലീഗ് വണ്‍ ക്ലബ്ബായ സ്‌കന്തോര്‍പ് യുണൈറ്റഡില്‍ സ്ഥിരമായ സ്ഥാനം നേടിക്കൊടുത്തു.
സ്‌കന്തോര്‍പിലെ മികച്ച ഫോം 2010ല്‍ ഹൂപ്പറെ സ്‌കോട്ടിഷ് വമ്പന്‍മാരായ സെല്‍റ്റിക്കില്‍ എത്തിച്ചു. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ടീമിനായി കളിച്ചു. ആദ്യ സീസണില്‍ തന്നെ സെല്‍റ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പര്‍ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടര്‍ന്നുള്ള രണ്ടു സീസണുകളില്‍ തുടര്‍ച്ചയായ ലീഗ് കിരീടവും താരം നേടി. 2012-13ലെ 51 മത്സരങ്ങളില്‍ 31 ഗോള്‍ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസണ്‍ പ്രകടനം ഡബിള്‍ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്.
അടുത്ത സീസണില്‍ നോര്‍വിച്ച് സിറ്റി എഫ്സിയുമായി കരാര്‍ ഒപ്പുവച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരമൊരുങ്ങി. ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ ആയാണ് ഹൂപ്പര്‍ നോര്‍വിച്ചിനൊപ്പം ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയത്. പിന്നീട് ടീം തരംതാഴ്ത്തപ്പെട്ടു. എന്നാല്‍ ഹൂപ്പറിന്റെ ക്ലിനിക്കില്‍ ഫിനിഷിലൂടെയുള്ള സുപ്രധാന ഗോളുകളിലൂടെ ഉടന്‍ തന്നെ ടോപ്പ് ഡിവിഷനിലേക്ക് ടീം തിരിച്ചെത്തുകയും ചെയ്തു.
കളത്തില്‍ സ്വാഭാവിക ആക്രമണത്വരയുള്ള ഗോളടിക്കാരനാണ് ഗാരിയെന്നും ബ്ലാസ്റ്റേഴ്സിനായി മികച്ച ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഗോളടി മികവില്‍ ആരാധകര്‍ ഉടനെ തന്നെ താരവുമായി ഇഷ്ടത്തിലാവും. അത്തരം കഴിവുള്ള ഒരു കളിക്കാരന്‍ ടീമിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന സീസണില്‍ താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
2015-16 സീസണില്‍ വായ്പയിലൂടെ ഷെഫീല്‍ഡിലേക്ക് മാറിയ ഹൂപ്പര്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷം ടീമിനായി കഠിനാധ്വാനം ചെയ്തു. ഓസ്ട്രേലിയന്‍ ലീഗിലെ വെല്ലിംഗ്ടണ്‍ ഫിയോണിക്സിനൊപ്പം കളിച്ച ഒരേയൊരു സീസണില്‍ തന്നെ എട്ട് തവണയാണ് ഹൂപ്പര്‍ സ്‌കോര്‍ ചെയ്തത്. ഇത് ടീമിനെ ലീഗില്‍ മൂന്നാം സ്ഥാനെത്തെത്തിച്ചു. യുവാക്കളും ഊര്‍ജസ്വലരും ചേര്‍ന്ന കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലാണ് ഹൂപ്പര്‍ ചേരുന്നത്. താരത്തിന്റെ അനുഭവസമ്പത്തും ഫുട്ബോള്‍ വൈദഗ്ധ്യവും യുവ ടീമിനെ വരാനിരിക്കുന്ന സീസണില്‍ ശക്തമായി മുന്നേറാന്‍ സഹായിക്കും.