ഫത്തോര്‍ഡയുടെ കണ്ണീരായി ബ്ലാസ്റ്റേഴ്‌സ്, ഈ നാണക്കേടിന് എന്ത് പരിഹാരം?

ബംഗളൂരു എഫ്സി-4, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-2

ഫത്തോര്‍ഡ (ഗോവ): ഐഎസ്എലിലെ ഗോള്‍മഴ പെയ്ത കളിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിക്ക് മുന്നില്‍ പൊരുതി വീണു. 2-4നായിരുന്നു തോല്‍വി. കെ.പി രാഹുലിലൂടെ ആദ്യ ഗോള്‍ നേടിയത് ബ്ലാസ്റ്റേഴ്സായിരുന്നു. ബംഗളൂരു ക്ലെയ്റ്റണ്‍ സില്‍വ, എറിക് പാര്‍ത്താലു, ഡെല്‍ഗാഡോ ഡിമാസ്, സുനില്‍ ഛേത്രി എന്നിവരിലൂടെ തിരിച്ചടിച്ചു. ജോര്‍ദാന്‍ മറെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംഗോള്‍ നേടി.

അഞ്ച് കളിയില്‍ നിന്ന് രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്. ഡിസംബര്‍ 20ന് എസ്സി ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.

ഗാരി ഹൂപ്പര്‍, കെ.പി രാഹുല്‍, ജോര്‍ദാന്‍ മറെ എന്നിവരായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയില്‍. മധ്യനിരയില്‍ ഫക്കുണ്ടോ പെരേര, ജീക്സണ്‍ സിങ്, വിസെന്റെ ഗോമെസ്, എന്നിവര്‍ ഇറങ്ങി. പ്രതിരോധത്തില്‍ ബകാറി കോനെ, നിഷു കുമാര്‍, ലാല്‍വുറാത്താറ, കെ.പ്രശാന്ത് എന്നിവര്‍. ഗോള്‍ വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസും. ബംഗളൂരു എഫ്സി മുന്നേറ്റത്തില്‍ ക്രിസ്റ്റിയന്‍ ഒപ്സേത്, സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍ എന്നിവര്‍ അണിനിരന്നു. ഹര്‍മന്‍ജോത് സിങ് കബ്ര, ക്ലെയ്റ്റണ്‍ സില്‍വ, ഡിമാസ് ഡെല്‍ഗാഡോ എന്നിവര്‍ മധ്യനിരയിലും എറിക് പാര്‍ത്താലു, യുവാനന്‍, പ്രതീക് ചൗധരി,സുരേഷ് സിങ് വാങ്ജം എന്നിവര്‍ പ്രതിരോധത്തിലും ഇറങ്ങി. ഗോള്‍ കീപ്പറായി ഗുര്‍പ്രീത് സിങ് സന്ധു.

കളിയുടെ തുടക്കത്തില്‍ ബംഗളൂരുവിന്റെ മുന്നേറ്റങ്ങളെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൃത്യമായി തടഞ്ഞു. ആറാം മിനിറ്റില്‍ ഫക്കുണ്ടോ പെരേരയുടെ നീക്കം ബംഗളൂരു പ്രതിരോധത്തെ ചെറുതായി പരീക്ഷിച്ചു. പതിനൊന്നാം മിനിറ്റില്‍ ഹൂപ്പറുടെ കൃത്യതയുള്ള ക്രോസ് പെരേരയക്ക് കിട്ടി. പക്ഷേ, ക്ലോസ് റേഞ്ചില്‍വച്ചുള്ള പെരേരയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെയാണ് പറന്നത്. അപ്പോഴേക്കും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചുകൊണ്ടിരുന്നു. മൂന്ന് മിനിറ്റിനിടെ അടുത്ത മികച്ച നീക്കം ബ്ലാസ്റ്റേഴ്സില്‍നിന്നുണ്ടായി. മധ്യഭാഗത്ത് നിന്നുള്ള ക്രോസ് പെരേരയ്ക്ക്. ബംഗളൂരു പ്രതിരോധത്തിനെ കാഴ്ചക്കാരാക്കി പെരേരയുടെ മുന്നേറ്റം. പിന്നെ മറെയിലേക്ക് തകര്‍പ്പന്‍ ക്രോസ്. പന്തുമായി കുതിച്ച മറെ ബോക്സിന്റെ വലതുപാര്‍ശ്വത്തില്‍നിന്ന് തകര്‍പ്പന്‍ ഷോട്ട് തൊടുത്തു. വലയിലേക്ക് കുതിച്ചെത്തിയ പന്തിനെ ബംഗളൂരു ഗോള്‍ കീപ്പര്‍ ഒന്നാന്തരമായി തടഞ്ഞു. ഗുര്‍പ്രീതിന്റെ കൈകളില്‍ തട്ടി പന്ത് പുറത്തേക്ക്. കോര്‍ണര്‍ കിക്ക് ബംഗളൂരു പ്രതിരോധത്തിനെ പരീക്ഷിക്കാതെ അവസാനിച്ചു.

പതിനേഴാം മിനിറ്റില്‍ അതുവരെ നടത്തിയ തകര്‍പ്പന്‍ നീക്കങ്ങളുടെ ഫലം ബ്ലാസ്റ്റേഴ്സിന് കിട്ടി. പ്രത്യാക്രമണത്തില്‍നിന്നായിരുന്നു തുടക്കം. ബംഗളൂരുവിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ബംഗളൂരു ടീം ഒന്നടങ്കം ബ്ലാസ്റ്റേഴ്സ് ഗോള്‍ മേഖലയിലായിരുന്നു. പന്ത് ഹൂപ്പറിന് കിട്ടി. ഹൂപ്പര്‍ കുതിച്ചു. ഇരുവശങ്ങളിലുമായി ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര ഒപ്പം കൂടി. ബംഗളൂരു പ്രതിരോധത്തിന് ഒപ്പമെത്താനായില്ല. ബോക്സിന് തൊട്ടുമുമ്പില്‍വച്ച് ഹൂപ്പര്‍ വലതുപാര്‍ശ്വത്തില്‍ രാഹുലിന് പാസ് നല്‍കി. രാഹുല്‍ രണ്ടടി മുന്നേറി. പിന്നെ ശക്തിയില്‍ അടിതൊടുത്തു. ഇക്കുറി ഗുര്‍പ്രീതിന് ഒന്നും ചെയ്യാനായില്ല. ഗോളിന്റെ ആനുകൂല്യത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറിക്കളിച്ചു. ഇതിനിടെ ചെറിയൊരു പിഴവ് ബ്ലാസ്റ്റേഴ്സിന്റെ ആനുകൂല്യം കളഞ്ഞു. ഇരുപത്തൊമ്പതാം മിനിറ്റിലായിരുന്നു ബംഗളൂരുവിന്റെ സമനില ഗോള്‍. ബോക്സിന് തൊട്ടുമുമ്പില്‍വച്ച് ലാല്‍റുവാത്താറയ്ക്ക് പന്ത് കൃത്യമായി അടിച്ചൊഴിവാക്കാനായില്ല. കിട്ടിയത് സില്‍വയ്ക്കായിരുന്നു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സില്‍വ ഷോട്ട് തൊടുത്തു. ആല്‍ബിനോയ്ക്ക് തടയാനായില്ല. ആദ്യപകുതി അവസാനിക്കുംമുമ്പ് ഹൂപ്പറിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും കുതിപ്പ് നടത്തി. എന്നാല്‍ ഇക്കുറി ബംഗളൂരൂ പ്രതിരോധം മറെയെ വീഴ്ത്തി. യുവാനന് മഞ്ഞക്കാര്‍ഡും കിട്ടി. ആദ്യപകുതിയുടെ പരിക്കുസമയത്ത് മറെയെ ഫൗള്‍ ചെയ്തതിന് ആഷിഖിനും കാര്‍ഡ് കിട്ടി.

രണ്ടാംപകുതിയില്‍ ഗോള്‍ മഴയായിരുന്നു. ഒപ്സേതിലൂടെ ബംഗളൂരു അമ്പത്തൊന്നാം മിനിറ്റില്‍ ലീഡ് നേടി. പാര്‍ത്താലുവാണ് അവസരമൊരുക്കിയത്. രണ്ട് മിനിറ്റിനിടെ ഡിമാസിന്റെ ശക്തമായ ഷോട്ട് ആല്‍ബിനോയെ നിഷ്പ്രഭനാക്കി. ബംഗളൂരു 3-1ന് മുന്നില്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുത്തില്ല. പത്ത് മിനിറ്റിനുള്ളില്‍ ഒരെണ്ണം മടക്കി. മറെ ലക്ഷ്യം കണ്ടു. പെരേരയാണ് അവസരമൊരുക്കിയത്. സമനില ഗോളിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമത്തിനിടെയാണ് ബംഗളൂരു വീണ്ടും ഗോളടിച്ചത്. ഇക്കുറി ഛേത്രിയുടെ ഹെഡര്‍ ബ്ലാസ്റ്റേഴ്സ് വലയില്‍ കയറി. കളിയുടെ അവസാന ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് നാലു മാറ്റങ്ങള്‍ നടത്തി. ജീക്സണ്‍, പ്രശാന്ത്, ലാല്‍റുവാത്താറ, പെരേര എന്നിവര്‍ക്ക് പകരം രോഹിത് കുമാര്‍, ജെസെല്‍ കര്‍ണെയ്റോ, സെയ്ത്യാസെന്‍ സിങ്, സന്ദീപ് സിങ് എന്നിവര്‍ ഇറങ്ങി. പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോള്‍ മടക്കാനായില്ല.

You Might Also Like