നാല് വിദേശ താരങ്ങളുമായി ധാരണയിലെത്തി ബ്ലാസ്‌റ്റേഴ്‌സ്: റിപ്പോര്‍ട്ട്

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നാല് വിദേശ താരങ്ങളുമായി ധാരണയിലെത്തിയതായി സൂചനകള്‍. ക്ലബുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ തന്നെ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുമെന്ന് പ്രതീക്ഷിച്ച ബ്രസീല്‍ ലീഗില്‍ കളിക്കുന്ന കൊളംമ്പിയന്‍ താരം ഓസ്വല്‍ഡോ ഹെന്‍ക്വിസ് ഉള്‍പ്പെടെ രണ്ട് പ്രതിരോധ താരങ്ങളും ഒരു മധ്യനിരതാരവും ഒരു സ്‌ട്രൈക്കറും ആണ് ബ്ലാസ്‌റ്റേഴ്‌സുമായി ധാരണയിലെത്തിയിരിക്കുന്നത്.

ഏഷ്യന്‍ ക്വാട്ടയിലേക്ക് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ട്രാവിസ് മേജറുമായി ബ്ലാസ്‌റ്റേഴസിന്റെ ചര്‍ച്ച അവസാന ഘട്ടത്തിലാണ്. ബ്ലാസ്റ്റേഴ്സ് വിട്ട ഓഗ്ബേചെയ്ക്ക് പകരക്കാരനായാണ് ട്രാവിസിനെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ട്രാവിസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രതിഫലതുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍ ഏത് ക്ലബ് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ ട്രാവിസ് അന്തിമ തീരുമാനം എടുക്കും.

നേരത്തെ ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ് സെന്‍ട്രല്‍ കോസ്റ്റ് മറീനയ്ക്കായും കളിച്ചിട്ടുളള താരമാണ് ട്രാവിസ്. മറ്റൊരു ഓസീസ് ക്ലബ് ബ്ലാക്ക ടൗണ്‍ സിറ്റിയ്ക്കായും നൂറ്റി അന്‍പതിലധികം മത്സരങ്ങളില്‍ ട്രാവിസ് പന്ത് തട്ടിയിട്ടുണ്ട്.

ഇതോടെ നേരത്തെ ടീമിന്റെ ഒപ്പമുള്ള സ്പാനിഷ് മധ്യനിര താരം സിഡോഞ്ച അടകം അഞ്ച് വിദേശ താരങ്ങളുടെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കി കഴിഞ്ഞത്രെ. ആദ്യ വിദേശ താരത്തെ ആഗസ്റ്റ് അവസാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.