ബ്ലാസ്റ്റേഴ്‌സ് വിദേശതാരത്തിന്റെ പ്രഖ്യാപനത്തിനൊരുങ്ങുന്നു, ഇനി ഉറക്കമില്ലാ മണിക്കൂറുകള്‍

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് ഫല പ്രാപ്തി ഉണ്ടാകാന്‍ പോകുന്നു. വരുന്ന ബുധനാഴ്ച്ച ആദ്യ വിദേശ താരത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തിരുവോണ നാളില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബ്ലാസ്‌റ്റേഴ്‌സ് എത്തിയിരിക്കുന്നത്.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിക്കുന്ന ആദ്യ വിദേശ താരമാരാണെന്ന് അറിയാനുളള ആകാംക്ഷയിലാണ് ആരാധകര്‍. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട എല്ലാ ആരാധക ഗ്രൂപ്പുകളിലും ഇക്കാര്യത്തില്‍ ചൂടുളള ചര്‍ച്ചയാണ് നടക്കുന്നത്.

അര്‍ജന്റീനന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫാക്കുണ്ടോ പെരേരയുടെ പ്രഖ്യാപനമാകുമോ ബ്ലാസ്‌റ്റേഴ്‌സ് നടത്തുക എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന പ്രകാരം ഫാക്കുണ്ടോയുമായുളള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പ് വെച്ച് കഴിഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്.

അതെസമയം ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയ സ്പാനിഷ് താരം സിഡോചയുടെ പ്രഖ്യാപനമാകുമോ ബുധനാഴ്ച്ച വരുന്നതെന്ന് സംശയിക്കുന്നവരും കുറവല്ല. മോഹന്‍ ബഗാന്‍ താരങ്ങളായിരുന്ന ജൊസബെ ബെയ്റ്റിയ, ഫ്രാന്‍ ഗോണ്‍സാലസ് തുടങ്ങിയ താരങ്ങളില്‍ ഒരാളേയും ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നവരും കുറവല്ല.

ഏതായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്നതാണ് വിദേശ താരങ്ങളുടെ പ്രഖ്യാപനം. നിലവില്‍ നിരവധി താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതായി വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആശങ്കയിലായ ആരാധകരെ ആവേശത്തില്‍ അലിയിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ വിദേശ താരത്തിന്റെ പ്രഖ്യാപനം കൊണ്ടായേക്കും.

You Might Also Like