ഇഷ്ഫാഖ് അഹമ്മദിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

സൂപ്പര്‍ കപ്പ് തോല്‍വിയ്ക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാര്‍ അവസാനിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. സമ്മര്‍ സീസണില്‍ കരാര്‍ പൂര്‍ത്തിയാകുന്നതോടെയാണ് ഇഷ്ഫാഖും ക്ലബും തമ്മിലുള്ള ബന്ധം പരസ്പര ധാരണയില്‍ അവസാനിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ മൂന്ന് വര്‍ഷം മൈതാനത്ത് തിളങ്ങിയ ശേഷമാണ് കഴിഞ്ഞ നാല് വര്‍ഷം അദ്ദേഹം അസിസ്റ്റന്റ് കോച്ചായി ക്ലബ്ബിനൊപ്പം പ്രവര്‍ത്തിച്ചത്.

‘കഴിഞ്ഞ 4 വര്‍ഷമായി ഒരു അസിസ്റ്റന്റ് കോച്ചെന്ന നിലയില്‍ ടീമിനോട് കാണിച്ച കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഇഷ്ഫാഖിനോട് പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആഗ്രഹിക്കുന്നു. ആദ്യം ഒരു കളിക്കാരന്‍ എന്ന നിലയിലും പിന്നീട് കോച്ച് എന്ന സ്ഥാനം വഹിച്ചുകൊണ്ടും കാണിച്ച കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ക്ലബ്ബിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം സവിശേഷമാക്കി നിലനിര്‍ത്തും’ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു

‘കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായി ക്ലബ്ബ് അദ്ദേഹത്തെ എപ്പോഴും ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇഷ്ഫാഖിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു,’ കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

പുതിയ അസിസ്റ്റന്റ് കോച്ചിനെ നിയമിക്കുന്നത് സംബന്ധിച്ച തുടര്‍പ്രഖ്യാപനംഉടനുണ്ടാകും.

You Might Also Like