ട്രാന്‍സ്ഫര്‍ നിരോധനം, ആരാധകരോട് ബ്ലാസ്റ്റേഴ്സിന്റെ വിശദീകരണം

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ വിലക്കില്‍ വിശദീകരണവുമായി ക്ലബ് മാനേജുമെന്റ്. പുതിയ സീസണില്‍ തയ്യാറെടുപ്പുകളെ ട്രാന്‍സ്ഫര്‍ വിലക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കുന്ന വിശദീകരണം. ഇക്കാര്യത്തില്‍ യഥാസമയം ബ്ലാസ്റ്റേഴ്‌സ് ആവശ്യമായ ക്ലിയറന്‍സ് ഉറപ്പാക്കുമെന്നും മാനേജുമെന്റ് അവകാശപ്പെടുന്നു.

ബ്ലാസ്റ്റേഴ്‌സ് നല്‍കിയ വിശദീകരണം

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ നിരോധനം മാനിച്ച്, അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കഴിയും. യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്ന് എല്ലാ ആരാധകര്‍ക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉറപ്പ് നല്‍കുന്നു

അതെസമയം കേരള ബ്ലാസ്റ്റേഴ്സിന് പുറമെ മറ്റൊരു ഐഎസ്എല്‍ ക്ലബായ ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിലക്ക് തീരുന്നത് വരെ പുതിയ താരങ്ങളെ സൈന്‍ ചെയ്യാനോ രജിസ്റ്റര്‍ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും ആകില്ല. ഫിഫയുടെ സാമ്പത്തികമായ ചടങ്ങള്‍ ലംഘിച്ചതിനാണ് ഇരു ക്ലബുകള്‍ക്കും വിലക്ക് എന്ന് ഫിഫ അറിയിച്ചു.

ബ്ലാസ്റ്റേഴ്സിന് ഏറെ തിരിച്ചടിയാണ് ഈ വിലക്ക്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി്ല്ലെങ്കില്‍ പുതിയ സീസണായി നല്ല സ്‌ക്വാഡ് ഒരുക്കാന്‍ ഇനി ബ്ലാസ്റ്റേഴ്സിനാകില്ല.

മുന്‍ ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ വേതനം നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ലഭിച്ചിരിക്കുന്നത്. ജോണി അകോസ്റ്റയുടെ വേതനം നല്‍കാത്തതാണ് ഈസ്റ്റ് ബംഗാളിന് പ്രശ്നമായത്. ഈ രണ്ട് താരങ്ങളുടെയും വേതനം നല്‍കി പ്രശ്നം പരിഹരിച്ചാല്‍ ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് പിന്‍വലിക്കും.