ഓഗ്ബെച്ചെ എന്ത് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് വിട്ടു, വെളിപ്പെടുത്തലുമായി കരോളിസ്

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചെ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് ഔദ്യോഗിക സ്ഥിരീകരണവുമായി കേരള ക്ലബ്. ബ്ലാസ്‌റ്റേഴ്‌സ് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്തകുറിപ്പിലൂടെയാണ് ഓഗ്‌ബെചെയുമായുളള ബന്ധ അവസാനിച്ചതായി ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞത്.

ഓഗ്‌ബെചെയുടെ പ്രതിഫലം വെട്ടികുറച്ചതാണ് അദ്ദേഹവും ടീമുമായി അകലാനുണ്ടായ കാരണമെന്നും പരസ്പര ബഹുമാനത്തോടെയാണ് ഓഗ്‌ബെചെ ക്ലബ് വിടുന്നതെന്നും സ്‌കിന്‍കിസ് പറയുന്നു.

‘അദ്ദേഹത്തെ പരിചയപ്പെട്ട ചുരുങ്ങിയ സമയത്തിനുള്ളില്‍, ക്ലബ്ബിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പ്രൊഫഷണലിസത്തിനും ബാര്‍ട്ടിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തില്‍ ഞങ്ങള്‍ ഒരു പുതുക്കിയ ഓഫര്‍ അദ്ദേഹത്തിന് നല്‍കി, പക്ഷേ അവസാനം ഞങ്ങള്‍ രണ്ടുപേരും വലിയ പരസ്പര ബഹുമാനത്തോടെ വഴിപിരിയുകയാണ്. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങള്‍ക്ക് ഞാന്‍ നന്മ നേരുന്നു”, ഒഗ്ബെച്ചെയുടെ വഴിപിരിയലിനെകുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറയുന്നു

കഴിഞ്ഞ ദിവസമാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിട്ട വാര്‍ത്ത പുറത്ത് വന്നത്. മുംബൈ സിറ്റി എഫ്‌സിയിലേക്കാണ് ഈ നൈജീരിയന്‍ സ്‌ട്രൈക്കര്‍ കൂറുമാറുന്നത്. ബ്ലാസ്റ്റേഴ്‌സിനായി ഒരു സീസണ്‍ മാത്രമേ കളിച്ചിട്ടുളളുവെങ്കിലും 15 ഗോളുകള്‍ നേടി ക്ലബിന്റെ എക്കാലത്തേയും വലിയ ഗോള്‍ വേട്ടക്കാരനായി ഓഗ്‌ബെചെ മാറിയിരുന്നു.

ഐഎസ്എല്ലിന്റെ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ എത്തിയത്. മുമ്പ് യൂറോപ്പിലുടനീളം നിരവധി ക്ലബുകള്‍ക്കായി കളിച്ച ഫോര്‍വേഡ് ഒഗ്ബെച്ചെ ക്ലബ്ബിന് നല്‍കിയ സേവനങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൃതജ്ഞതയും, അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.