എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് വിടുന്നു, നിലപാട് വ്യക്തമാക്കി കിബു വികൂന

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദി താനാണെന്നും അതിനാലാണ് താന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതെന്നും സ്പാനിഷ് കോച്ച് കിബു വികൂന. ക്ലബും താരങ്ങളും ആരാധകരും തനിയ്ക്ക് തന്ന പിന്തുണ മറക്കാനാകാത്തതാണെന്നും കിബു കൂട്ടിചേര്‍ത്തു.

നിര്‍ഭാഗ്യവശാല്‍, അസാധാരണവും അപ്രതീക്ഷിതവുമായ സീസണായിരുന്നു ഇതെന്ന് വേര്‍പിരിയില്‍ തീരുമാനത്തെക്കുറിച്ച് സംസാരിച്ച കിബു വികുന പറഞ്ഞു. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ സ്വയം ഉത്തരവാദിത്വം ഉണ്ടാവണമെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്. അതിനാല്‍ ഞാന്‍ എല്ലായ്പ്പോഴും എന്റെ പരമാവധി അതിനായി നല്‍കി, ഒരു ഒഴിവുകഴിവും അക്കാര്യത്തിലുണ്ടായില്ല’ കിബു പറഞ്ഞു.

‘മാനേജ്മെന്റ്, താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, ക്ലബ് അംഗങ്ങള്‍ എന്നിവരുടെ തൊഴില്‍പരമായ വൈശിഷ്ട്യം, അനുകമ്പ, ആത്മബന്ധം എന്നിവയ്ക്ക് ഞാന്‍ നന്ദി പറയുന്നു. പ്രത്യേകിച്ചും, ആദ്യം മുതല്‍ അവസാന ദിവസം വരെ പിന്തുണ നല്‍കിയതിന്, കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് എന്റെ നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, ഇത് നിങ്ങളെ വിശിഷ്ടവും വിസ്മയകരവുമാക്കി. നിങ്ങള്‍ക്കും ക്ലബ്ബിനും ഭാവിയില്‍ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങള്‍ അത് അര്‍ഹിക്കുന്നു’ കിബു വികുന കൂട്ടിചേര്‍ത്തു.

ഈ തീരുമാനത്തിലെ സത്യസന്ധതയ്ക്കും ഉത്തരവാദിത്തത്തിനും കിബുവിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ഈ സീസണില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ ഞങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഫലങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതു പോലെയായില്ല. ക്ലബ്ബിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും തൊഴില്‍പരമായ വൈശിഷ്ട്യത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്, ഭാവിയില്‍ അദ്ദേഹത്തിനായി നന്മകള്‍ ആശംസിക്കുന്നു-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

You Might Also Like