ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെ കടന്ന് പോകുന്നു, ഫകുണ്ടോയെ ഞെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ അര്‍ജന്റീനന്‍ മധ്യനിര താരം ഫകുണ്ടോ പെരേര കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശക്തി ശരിക്കും തിരിച്ചറിഞ്ഞിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് താരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അര്‍ജന്റീനന്‍ താരത്തെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആക്കിയിരിക്കുകയാണ് ആരാധകര്‍.

ഇന്‍സ്റ്റഗ്രാമിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശക്തി ഫക്കുണ്ടോ ശരിക്കും തിരിച്ചറിഞ്ഞത്. അതുവരെ ഇന്‍സ്റ്റഗ്രാമിന്റെ തന്റെ പ്രൈഫൈലില്‍ 200ന് മുകളില്‍ മാത്രം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ബ്ലാസറ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ശേഷം പ്രൈവറ്റ് ആക അകൗണ്ട് പബ്ലിക്ക് ആക്കിയപ്പോള്‍ ഇരുപതിനായിരത്തിലധികം ആരാധകരാണ് നിമിഷ നേരം കൊണ്ട് ഫകുണ്ടോയുടെ പ്രൈഫൈലിനെ ഫോളോ ചെയ്തത്.

അര്‍ജന്റീനന്‍ താരത്തെ സംബന്ധിച്ച് അമ്പരപ്പിക്കുന്ന അനുഭവമാണ് ഇതെന്ന് തീര്‍ച്ചയാണ്. ഇതുവരെ കളിച്ച മറ്റ് ക്ലബുകളിലൊന്നും ഇത്തരത്തിലൊരു ആരാധക പിന്തുണ താരത്തിന് ലഭിച്ചിട്ടില്ല.

കൂടാതെ ബ്ലാസ്‌റ്റേഴ്‌സ താരത്തെ അനൗണ്‍സ് ചെയ്തപ്പോള്‍ ലക്ഷത്തിലധികം ആരാധകരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളില്‍ റിയാക്ഷനുകളും കമന്റുകളുമായെത്തിയത്. ആയിരകണക്കിന് ഷെയറുകളും സോഷ്യല്‍ മീഡിയയിലാകെ പറന്ന് നടന്നു. തൊട്ടടുത്ത ദിവസം ഫകുണ്ടോയുടെ ജന്മദിനം കൂടി ആയതോട ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുന്ന കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയ കണ്ടത്.

അര്‍ജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേര അമേച്വര്‍ ടീമായ എസ്റ്റുഡിയന്റ്സ് ഡി ബ്യൂണസ് അയേഴ്സിലാണ് തന്റെ ഔദ്യോഗിക ഫുട്ബാള്‍ ജീവിതം ആരംഭിച്ചത്. 2006മുതല്‍ 2009 വരെ അവിടെ തുടര്‍ന്ന അദ്ദേഹം ലോണില്‍ ചിലിയന്‍ ഫുട്ബോള്‍ ക്ലബ്ബായ പലസ്തീനോയിലേക്ക് എത്തപ്പെടുകയും ടീമിനായി ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി.

തുടര്‍ വര്‍ഷങ്ങളില്‍ ചിലിയന്‍, മെക്സിക്കന്‍, അര്‍ജന്റീനിയന്‍ ലീഗുകളില്‍ മാറി മാറി മാറ്റുരച്ച അദ്ദേഹം പിന്നീട് ഗ്രീക്ക് ക്ലബ്ബായ പിഎഒകെയ് ക്കായി ബൂട്ടണിഞ്ഞു. സ്ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിയുന്ന പെരേരയുടെ കരിയറിലെ ഏറ്റവും മികച്ച നീക്കമായി ആണ് അതിനെ വിലയിരുത്തുന്നത്.

അന്നത്തെ പിഎഒകെ പരിശീലകന്‍, ‘ഫാനൂറിസ്’ എന്ന് വിശേഷിപ്പിച്ച പെരേര മൂന്ന് വര്‍ഷം കൊണ്ട് രണ്ട് ലോണുകളില്‍ നിന്നായി 14 തവണ ടീമിനായി വലചലിപ്പിച്ചിട്ടുണ്ട്. ഇടതുകാല്‍ കളിക്കാരനായ അദ്ദേഹം 2018ല്‍ അപ്പോളന്‍ ലിമാസ്സോളില്‍ എത്തുകയും ക്ലബ്ബിനായി യോഗ്യത മത്സരങ്ങള്‍ ഉള്‍പ്പടെ 53 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കി. ബോക്സില്‍ പെരേയ്റയുടെ ചടുലതയും, അനുഭവവ പരിജ്ഞാനവും, അര്‍ജന്റീനിയന്‍ നിലവാരവും സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് കരുത്താകും.