ഫക്കുണ്ടോ വരുമ്പോള്‍ ചരിത്രം വഴിമാറുമോ? അര്‍ജന്റീനന്‍ താരത്തിന് ചിലത് തെളിയ്ക്കാനുണ്ട്

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തിയ ആദ്യ വിദേശ താരമാണ് ഫക്കുണ്ടോ പെരേര. പൊതുവില്‍ അര്‍ജന്റീനന്‍ താരങ്ങളൊന്നും ഐഎസ്എല്ലില്‍ വിജയിക്കാതെ പോയ ചരിത്രമുളളപ്പോള്‍ ഫക്കുണ്ടോയുടെ വരവ് ഐഎസ്എല്ലില്‍ എന്ത് ഇമ്പാക്റ്റ് ആയിരിക്കും ഉണ്ടാക്കുക എന്നത് ഫുട്‌ബോള്‍ വിദഗ്ധര്‍ കൗതുകത്തോടെ നോക്കുന്ന ഒരു സംഗതിയാണ്.
ലോകഫുട്‌ബോളിന്റെ വിളനിലമായിട്ടും ഐഎസ്എല്ലില്‍ ഒരു അര്‍ജന്റീനന്‍ താരത്തിനും തന്റേതായ ഇടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ പൊതുവെ അര്‍ജന്റീനന്‍ താരങ്ങളെ ഐഎസ്എല്‍ ടീമുകള്‍ക്ക് അത്ര പ്രിയമല്ല.
മാക്സിമിലിയാനോ ബാരീറോ, മാര്‍ട്ടിന്‍ പെരസ് ഗ്വെഡസ് തുടങ്ങിയവര്‍ ഐഎസ്എല്ലില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ച് കളിച്ചെങ്കിലും അവരുടെയെല്ലാം പ്രകടനം ശരാശരി മാത്രമായി ഒതുങ്ങുകയായിരുന്നു. ഈ സവിശേഷ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് ഫക്കുണ്ടോ എത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏഴാം സീസണ്‍ കളിക്കുന്ന ഏക അര്‍ജന്റീനന്‍ താരവും ഫക്കുണ്ടോ പെരേരയാണ്.
അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് ബാലികേറാ മലയായ ഐഎസ്എല്ലില്‍ ഫക്കുണ്ടോ പുതിയ ചരിത്രം രചിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായും, സ്ട്രൈക്കറായും കളിക്കാന്‍ കഴിയുന്ന ഫക്കുണ്ടോ മികച്ച പ്രകടനം പുറത്തെടുത്താല്‍ അത് കൂടുതല്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് ഐഎസ്എല്ലിലേക്കു വഴിയാകും.
ഇന്ത്യന്‍ സാഹചര്യത്തില്‍ വിജയകരമായി കളിക്കാന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്കും കഴിയും എന്ന് തെളിക്കേണ്ടത് നിലവില്‍ ഫക്കുണ്ടോയാണ്. ഏതായാലും ഫക്കുണ്ടോ ഇന്ത്യയില്‍ ഫോം കണ്ടെത്തിയാല്‍ ഐഎസ്എല്ലില്‍ പുതിയ ചരിത്രത്തിനാകും തുടക്കമാകുക.