ബ്ലാസ്റ്റേഴ്‌സ് ബദ്ധവൈരികളുടെ പരിശീലക സ്ഥാനത്തേക്ക് എല്‍ക്കോ വരുന്നു
കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി മറ്റൊരു ഐഎസ്എല്‍ ക്ലബിന്റെ പരിശീലകനാകാന്‍ സാധ്യത തെളിയുന്നു. ചെന്നൈയിന്‍ എഫ്‌സിയാണ് എല്‍ക്കോ ഷറ്റോരിയെ പരിശീലകനാക്കാനുളള സാധ്യതകള്‍ ആരായുന്നത്. രണ്ട് പേരുകളാണ് ചെന്നൈയിന്‍ എഫ്‌സി പരിശീലക സ്ഥാനത്തേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ ഒരാള്‍ ഡച്ച് സ്വദേശിയായ എല്‍ക്കോ ഷറ്റോരിയാണ്.
നേരത്തെ ചെന്നൈയിന്‍ സിറ്റി എഫ്‌സി പരിശീലകനായ ഓവന്‍ കോയിലിനെ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ പരിശീലകനെ തേടാന്‍ ധോണിയുടെ സഹഉടമസ്ഥതയിലുളള ടീം നിര്‍ബന്ധിതരായത്.
കഴിഞ്ഞ ഐഎസ്എല്‍ സീസണിനിടേയായിരുന്നു ഇംഗ്ലീഷ് പരിശീലകനായ കോയില്‍ ചെന്നൈ എഫ്സിയുമായി കരാര്‍ ഒപ്പിട്ടത്. അതുവരെ ദയനീയ പ്രകടനം കാഴ്ച്ചവെക്കുകയായിരുന്ന ചെന്നൈ പിന്നീട് അവിശ്വസനീയമായി മുന്നേറുകയായിരുന്നു. ഒടുവില്‍ ഐഎസ്എല്‍ ഫൈനല്‍ വരെ ചെന്നൈയെ ഓവല്‍ കൈപിടിച്ചുയര്‍ത്തി.
അതെസമയം എല്‍ക്കോയെ പരിശീലകനാക്കാന്‍ അദ്ദേഹത്തിന്റെ പഴയ ക്ലബായ നോര്‍ത്ത് ഈ്‌സ്റ്റ് യുണൈറ്റഡും ശ്രമിക്കുന്നതായി സൂചനയുണ്ട്. എല്‍ക്കോയെ തിരിച്ച് കൊണ്ട് വരണമെന്ന് നോര്‍ത്ത് ഈസ്റ്റ് റിസര്‍വ്വ ടീം പരിശീലകര്‍ ആവിശ്യപ്പെട്ടാതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേഓഫിലെത്തിച്ച പരിശീലകനാണ് എല്‍ക്കോ ഷറ്റോരി. ഐഎസ്എല്‍ അഞ്ചാം സീസണിലായിരുന്നു എല്‍ക്കോ നോര്‍ത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ചത്. ഓഗ്ബെചെ അടക്കമുളള താരങ്ങളെ ഐഎസ്എല്ലില്‍ എത്തിച്ചതും ഷറ്റോരിയുടെ മിടുക്കായിരുന്നു. പിന്നീടാണ് ഷറ്റോരി ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഷറ്റോരിയെ പുറത്താക്കുകയായിരുന്നു.