നോഹ സദൂയി എന്ന ഹീറോ, ജയിക്കാവുന്ന കളി കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ്, നോര്‍ത്ത് ഈസ്റ്റിനെതിരെ സമനിലയില്‍ കുടുങ്ങി

Image 3
FeaturedFootballISL

ഗുവാഹത്തി: നോഹ സദൂയിയുടെ സുന്ദരഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ 1-1ന് പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ഐഎസ്എല്‍ പതിനൊന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരമായിരുന്നു ഇത്. അലാദീന്‍ അജാറിയുടെ ഗോളില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെ 66-ാം മിനിറ്റില്‍ സദൂയിയിലൂടെ ബ്ലാസ്റ്റേഴ്സ് തളയ്ക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ അഷീര്‍ അക്തര്‍ നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. നോഹ സദൂയിയാണ് നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ച്.

മൂന്നാം കിറ്റില്‍ ഓറഞ്ചും വെള്ളയും നിറഞ്ഞ ജേഴ്സിയുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുണ്ടായിരുന്നില്ല. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്. പ്രതിരോധത്തില്‍ സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, പ്രീതം കോട്ടല്‍, നവോച്ച സിങ്. മധ്യനിരയില്‍ വിബിന്‍ മോഹനന്‍, അലെക്സാന്‍ഡ്രെ കൊയെഫ്, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തില്‍ കെ പി രാഹുല്‍, നോഹ സദൂയി, ഹെസ്യൂസ് ഹിമിനെസ്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍ കീപ്പറായി ഗുര്‍മീത്. പ്രതിരോധത്തില്‍ ദിനേഷ് സിങ്, മിഗ്വേല്‍ സബാക്കോ ടോമെ, അഷീര്‍ അക്തര്‍, സാംതെ എന്നിവര്‍. മുത്തു മായക്കണ്ണന്‍, മുഹമ്മദ് അലി ബെമെമ്മര്‍, ഫാല്‍ഗുനി സിങ് എന്നിവര്‍ മധ്യനിരില്‍. അലാദീനെ അജാറിയെയും ഗില്ലെര്‍മോ ഹിയെറൊയും എം.എസ് ജിതിനുമായിരുന്നു മുന്നേറ്റത്തില്‍.

സീസണിലെ ആദ്യ എവേ മത്സരത്തില്‍ സമ്മര്‍ദമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടിയത്. രണ്ട് തവണ ബ്ലാസ്റ്റേഴ്സ് ആദ്യ ഘട്ടത്തില്‍ ഗോളിന് അരികയെത്തി. ഒരു തവണ സദൂയിയുടെ ഒന്നാന്തരം ക്രോസില്‍ ഡാനിഷിന് കാല്‍വയ്ക്കാനായില്ല. പിന്നാലെ കിട്ടിയ അവസരം സദൂയി ബാറിന് മുകളിലൂടെ പറത്തി. മറുവശത്ത് പ്രതിരോധത്തിലും ബ്ലാസ്റ്റേഴ്സ് മികച്ചുനിന്നു. ഒരു തവണ അജാറിയുടെ ഗോളെന്നുറച്ച ഷോട്ട് പ്രീതം ലൈനിന് തൊട്ടുമുന്നില്‍വച്ച് തട്ടിയകറ്റി. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് കടുത്ത ആക്രമണക്കളി പുറത്തെടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 33-ാം മിനിറ്റില്‍ ജിതിന്‍ നീട്ടിനല്‍കിയ പന്തുമായി ബോക്സില്‍ കയറിയ ഗില്ലര്‍മോ ഫെര്‍ണാണ്ടസ് പന്ത് പുറത്തേക്കടിച്ച് കളഞ്ഞു. 35-ാം മിനിറ്റില്‍ അജാറിയുടെ കരുത്തുറ്റ ഷോട്ട് സച്ചിന്‍ സുരേഷ് ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റി.

രണ്ടാംപകുതിയില്‍ കൊയെഫിന് പകരം മുന്നേറ്റക്കാരന്‍ ക്വാമി പെപ്രയെത്തി. തുടക്കംമുതല്‍ ആക്രമണക്കളിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. സദൂയിയുടെ ഫ്രീകിക്ക് അപകടകാരിയായിരുന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം തട്ടിയകറ്റി. പന്ത് കിട്ടിയത് രാഹുലിന്റെ കാലില്‍. തകര്‍പ്പന്‍ ഷോട്ട് തൊടുത്തെങ്കിലും ഗുര്‍മീത് സിങ് ഒറ്റക്കൈ കൊണ്ട് തട്ടി. പന്ത് ഹിമിനെസിന് കിട്ടുംമുമ്പ് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അടിച്ചകറ്റി. പിന്നാലെ രാഹുലിന്റെ രണ്ട് ഷോട്ടുകള്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 58-ാം മിനിറ്റില്‍ അജാറിയുടെ ഫ്രീകിക്ക് സച്ചിന്‍ സുരേഷിനെ കീഴടക്കി, പന്തിനെ കൈയിലൊതുക്കാനായില്ല ഗോള്‍ കീപ്പര്‍ക്ക്, വഴുതിപോയി ലൈനന്‍ കടന്നു. 60-ാം മിനിറ്റില്‍ രാഹുലിന് പകരം മുഹമ്മദ് ഐമന്‍ ഇറങ്ങി. ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണം നടത്തി. ഡാനിഷിന്റെ ഹെഡര്‍ പക്ഷേ, ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു. 66-ാം മിനിറ്റില്‍ തിരിച്ചടിവന്നു. സദൂയിയുടെ സൂപ്പര്‍ ഗോളില്‍ സമനില. ഇടതുവശത്ത്നിന്ന് മുഹമ്മദ് ഐമന്‍ പായിച്ച പാസ് പിടിച്ചെടുത്ത സദൂയി നോര്‍ത്ത് ഈസ്റ്റിന്റെ മൂന്ന് പ്രതിരോധക്കാര്‍ക്കിടയിലൂടെ അടിതൊടുത്തു. ഗോളി ഗുര്‍മീത് ചാടിയെങ്കിലും പിടിച്ചെടുക്കാനായില്ല. ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം കളിയിലാണ് ഈ മൊറോക്കക്കാരന്‍ ഗോളടിക്കുന്നത്.

70-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് അയ്മന്‍ തൊടുത്ത അടി പുറത്തുപോയി. ഇതിനിടെ ഗില്ലെര്‍മോ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. 77-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം കിട്ടി. പെപ്ര ഗോള്‍മുഖത്തേക്ക് തൊടുത്ത ക്രോസില്‍ കാല്‍വയ്ക്കാന്‍ സദൂയിക്ക് കഴിഞ്ഞില്ല.
78-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ കളത്തിലെത്തി. ഹിമിനെസിന് പകരമായാണ് ലൂണ എത്തിയത്. സന്ദീപ് സിങ്ങിന് പകരം റുയ്വാ ഹോര്‍മിപാമും വന്നു. 82-ാം മിനിറ്റില്‍ സദൂയിയെ ഗുരുതര ഫൗള്‍ ചെയ്ത അഷീറിന് റഫറി നേരിട്ട് ചുവപ്പുകാര്‍ഡ് വീശി. 91-ാം മിനിറ്റില്‍ മറ്റൊരു മനോഹര അവസരം ബ്ലാസ്റ്റേഴ്സിന് കിട്ടി. ഗോള്‍ കീപ്പറെ വെട്ടിച്ച് മുന്നേറിയ ഐമനെ ബോക്സില്‍വച്ച് നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ സബാക്കോ തടഞ്ഞു. പിന്നാലെ ഐമന്റെ മറ്റൊരു ശ്രമം ഗോളിയും പിടിച്ചെടുത്തു. അവസാന മിനിറ്റില്‍ കളംനിറഞ്ഞു കളിച്ചെങ്കിലും വിജയഗോള്‍ നേടാനായില്ല.

ഒക്ടോബര്‍ മൂന്നിന് ഒഡീഷ എഫ്‌സിക്കെതിരെ ഭുവനേശ്വറിലാണ് ബ്ലാസ്റ്റെഴ്സിന്റെ അടുത്ത മത്സരം