അടുത്തത് റയല്‍ താരം, വീണ്ടും അമ്പരപ്പിക്കാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ് ?
മുന്‍ റയല്‍ മാഡ്രിഡ് താരവും സ്പാനിഷ് പ്രതിരോധ താരവുമായ ഡേവിഡ് മാറ്റിയോസിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മാറ്റിയോസുമായി ബ്ലാസ്റ്റേഴ്സിന്റെ ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
നിലവില്‍ ഇസ്രായേല്‍ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ ഉം അല്‍ ഫംനുവേണ്ടിയാണ് താരം കളിക്കുന്നത്. മാഡ്രിഡില്‍ ജനിച്ച ഡേവിഡ് മാറ്റിയോസ് പ്രശസ്തമായ റയല്‍ മാഡ്രിഡ് അക്കാദമിയില്‍ നിന്നുമാണ് വളര്‍ന്നു വന്നത്. റിയല്‍ മാഡ്രിഡ് ബി ടീമിനായി 120 ലേറെ മത്സരങ്ങളില്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്.
2010 ല്‍ യുഇഎഫ ചാമ്പ്യന്‍സ് ലീഗില്‍ അജാക്‌സിനെതിരെയാണ് മാറ്റിയോസ് റയല്‍ മാഡ്രിഡ് സീനിയര്‍ ടീമിനായി തന്റെ ഔദ്യോഗിക അരങ്ങേറ്റം നടത്തുന്നത്. ശേഷം 33 കാരന്‍ എഇകെ ഏഥന്‍സ്, ഫെറന്‍ക്വരോസി ടിസി മുതലായ 4 വ്യത്യസ്ത രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്കായി കളിച്ചു.നിരവധി ക്ലബ്ബുകള്‍ക്കു വേണ്ടി 250 ലേറെ മത്സരങ്ങളില്‍ കളിച്ച പരിചയം താരത്തിനുണ്ട്.
അതെസമയം ബ്ലാസ്‌റ്റേഴ്‌സ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതായി തനിക്ക് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ പറയുന്നത്. ഇതോടെ ഈ വാര്‍ത്തയെ കുറിച്ച് സംശയങ്ങളും ഉയരുന്നുണ്ട്.
നിലവില്‍ മൂന്ന് വിദേശ താരങ്ങളുടെ കാര്യത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപനം നടത്തിയിട്ടുളളത്. സെര്‍ജിയോ സിഡോചയെ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയപ്പോള്‍ ഫക്കുണ്ടോ പെരേരയും ഗോമസും ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടാകുമെന്ന് ഉറപ്പായി. ഇനി ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറിന്റേയും സിംബാബ് വെ താരം കോസ്റ്റ നമോനിസുവിന്റേയും പ്രഖ്യാപനം വരാനുണ്ട്.