ബ്ലാസ്‌റ്റേഴ്‌സ് ഹീറോയാകുന്നത് ഇക്കാര്യത്തിലാണ്, കൈയ്യടിച്ച് ഫുട്‌ബോള്‍ ലോകം

Image 3
FootballISL

കോവിഡ് 19നെതിരായ പോരാട്ടത്തിന് പിന്തുണ തുടരുന്നതിന്റെ ഭാഗമായി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സംസ്ഥാന സര്‍ക്കാരിന് 10,000 എന്‍ 95 മാസ്‌കുകള്‍ സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഐഎഎസ്, കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷ്റഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റനീഷ്, വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്ത് എന്നിവര്‍ക്ക്, സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായ മുന്‍നിര പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിന് എന്‍95 മാസ്‌കുകള്‍ കൈമാറി.

ക്ലബിന്റെ യെല്ലോ ഹാര്‍ട്ട് സംരംഭത്തിന് കീഴില്‍, ആവശ്യ സേവനങ്ങള്‍ വേണ്ട പൗരന്മാരെ സഹായിക്കുന്നതിന് ക്ലബ് അതിന്റെ എല്ലാ മാര്‍ഗങ്ങളും പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നത് തുടരുകയാണ്. മറ്റ് ട്വിറ്റര്‍ പ്രൊഫൈലുകളില്‍ നിന്നുള്ള കോവിഡ് 19 പിന്തുണ അഭ്യര്‍ഥന ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനും, വൈറസ്, വാക്സിനേഷന്‍ ഡ്രൈവുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിനും, ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടും മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഉപയോഗിക്കുന്നുണ്ട്.

സാധ്യമായ എല്ലാ വഴികളിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ ക്ലബ് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. സാഹചര്യത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോള്‍, കുതിച്ചുയരുന്ന പകര്‍ച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തില്‍ ധീരരായ മുന്‍നിര പ്രവര്‍ത്തകരെ സഹായിക്കുന്നതിന്, എന്‍95 മാസ്‌കുകള്‍ കൈമാറേണ്ടത് ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. ആരോഗ്യ, പൊതു ഉദ്യോഗസ്ഥരുടെ ഉത്തരവുകളും നിര്‍ദേശങ്ങളും മാനിച്ച് നമുക്ക് കാര്യങ്ങള്‍ ചെയ്യാം-നിഖില്‍ ഭരദ്വാജ് ആഹ്വാനം ചെയ്തു.

മാസ്‌ക് വിതരണത്തിന് പുറമെ, 2020 മെയ് മാസത്തില്‍ 25,000ത്തോളം മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പിന്തുണയായി രണ്ടു ലക്ഷം ഹൈഡ്രോക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകളും ക്ലബ്ബ് വിതരണം ചെയ്തിരുന്നു.