ഞങ്ങളുടെ ഇതിഹാസമാണ്, കോസ്റ്റയെ പൊന്നുപോലെ നോക്കണമെന്ന് ബ്ലാസ്‌റ്റേഴ്‌സിനോട് സ്പാര്‍ട്ട

കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ സിംബാബ്‌വെ താരം കോസ്റ്റ നമോയിന്‍സുവിന് വികാരനിര്‍ഭരമായ യാത്രയപ്പ് നല്‍ക്കി ചെക്ക് റിപ്പബ്ലിക്ക് ക്ലബ് സ്പാര്‍ട്ട പ്രാഗ് ആരാധകരുടെ. തങ്ങളുടെ ഇതിഹാസ താരമാണ് കോസ്റ്റയെന്ന് അദ്ദേഹത്തെ ആ രീതിയില്‍ തന്നെ പരിഗണിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് സ്പാര്‍ട്ട ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സ്പാര്‍ട്ട ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് ആരാധരോട് ഇത്തരത്തിലുളള അഭ്യര്‍ത്ഥന നടത്തുന്നത്.

2013 മുതല്‍ ചെക്ക് ക്ലബ് സ്പാര്‍ട്ടയ്ക്കായി ബൂട്ടണിയുന്ന താരമാണ് കോസ്റ്റ. ക്ലബിനായി ഇരുനൂറിലധികം മത്സരം കളിച്ച പ്രതിരോധ താരം ഒന്‍പത് ഗോളുകളും നേടിയിരുന്നു.

അതെസമയം കോസ്റ്റ പ്രഖ്യാപിച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കി ഔദ്യോഗിക വീഡിയോയും ഏറെ ശ്രദ്ധേയമായി. കോസ്റ്റയുടെ അമ്മ കഥപറയുന്ന രീതിയില്‍ നിര്‍മ്മിച്ച ഈ വീഡിയോയെ പ്രശംസിച്ച് നിരവധി ഫുട്‌ബോള്‍ വിദഗ്ദരും ആരാധകരും രംഗത്തെത്തിയിരുന്നു.

ഹരാരെയില്‍ നിന്നുള്ള താരം സിംബാബ്വെന്‍ ക്ലബ്ബായ അമാസുലു എഫ്‌സിക്കൊപ്പമാണ് സീനിയര്‍ കരിയര്‍ തുടങ്ങിയത്. 2005ല്‍ മാസ്വിങോ യുണൈറ്റഡിനൊപ്പം ചേര്‍ന്നു. സിംബാബ്വെ പ്രീമിയര്‍ സോക്കര്‍ ലീഗിലെ ഒരു സീസണിനുശേഷം 2007ല്‍ പോളണ്ടിലേക്ക് മാറി. വായ്പ അടിസ്ഥാനത്തില്‍ കെഎസ് വിസ്ല ഉസ്‌ത്രോണിയങ്കയ്ക്കായി കളിച്ച താരം 2008 മുതല്‍ രണ്ടു സീസണുകളിലായി പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു. ടീമിലെ മികച്ച പ്രകടനം താരത്തിന് ക്ലബ്ബില്‍ സ്ഥിരം കരാറും നേടിക്കൊടുത്തു.

ലൂബിന് വേണ്ടി 136 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെന്റര്‍ ബാക്ക് ആയും മാറി. 2013ലാണ് ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലേക്കുള്ള കൂടൂമാറ്റം. ക്ലബ്ബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു.

You Might Also Like