ബ്ലാസ്റ്റേഴ്‌സില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി, അഞ്ച് താരങ്ങളെ ഒഴിവാക്കി

ഐഎസ്എല്ലിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ വന്‍ അഴിച്ചു പണി. കഴിഞ്ഞ സീസണിലെ സൂപ്പര്‍ താരങ്ങളായ ഇവാന്‍ കല്യൂഷ്നി, ജിയാനു, ഹര്‍മന്‍ജോത് ഖബ്ര, വിക്ടര്‍ മോംഗില്‍ തുടങ്ങി അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍ണെയ്റോയും ക്ലബ് വിട്ടിരുന്നു. ഇതോടെ പുതിയ സീസണില്‍ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് അടിമുടി പുതിയ ടീമാകുമെന്ന് ഉറപ്പായി.

യുക്രെയന്‍കാരനായ ഇവാന്‍ കല്യൂഷ്നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. ലോണ്‍ കാലാവധി അവസാനിക്കുന്നതോടെയാണ് താരം നാട്ടിലേക്ക് തിരിക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളാണ് ഐഎസ്എല്ലില്‍ കല്യൂഷ്നി നേടിയത്.

അതേസമയം വിടവാങ്ങല്‍ കുറിപ്പുമായി മോംഗില്‍ രംഗത്തെത്തി. ഒരിക്കലും എത്തിചേരരുതെന്നാ ആഗ്രഹിച്ച ദിവസമാണിതെന്ന് മോംഗില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ.. ‘

‘ഇന്നാട്ടില്‍ ചെലവഴിച്ച് മൂന്ന് വര്‍ഷങ്ങളും ഞാന്‍ മറക്കില്ല. നാട്ടുകാരനായിട്ടാണ് എന്നെ നിങ്ങള്‍ കണ്ടത്. ഇവിടെ ലഭിച്ച പിന്തുണയും സ്നേഹവും ഒരിക്കലും മറക്കില്ല. ഈ നഗരത്തോടും അമ്പരപ്പിച്ച ആരാധകരോടും യാത്ര പറയാന്‍ സമയമായി. കേരളത്തില്‍ തുടരാനാണ് എന്റെ ആഗ്രഹം.

എന്നാല്‍ ഒന്നും എന്റെ തീരുമാനമല്ല. അടുത്ത സീസണില്‍ ഞാന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമല്ല. അത്തരത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞു. ജീവിതത്തില്‍ ഇനിയെന്നും ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കും. എല്ലാവരും നന്ദി. ഈ കുടുംബത്തിലെ ചെറിയൊരു അംഗമാകാന്‍ അനുവദിച്ചതിന് നന്ദി’ മോംഗില്‍ പറഞ്ഞു.

You Might Also Like