ബ്ലാസ്‌റ്റേഴ്‌സിലേക്ക് പുതിയ താരമെത്തും, നിര്‍ണ്ണായക അറിയിപ്പുമായി വുകമനോവിച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് പുതിയ താരമെത്തുമെന്ന് അറിയിച്ച കോച്ച് ഇവാന്‍ വുകമനോവിച്ച്. ഈ മാസത്തെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെയാകും പുതിയ ഒരു കളിക്കാരന്‍ കൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചേരുകയെന്നാണ് കോച്ച് അറിയ്ക്കുന്നത്. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കോച്ച്.

‘ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരു താരവുമായി ധാരണയില്‍ എത്താനുള്ള ശ്രമത്തിലാണ്. അദ്ദേഹം ഈ മാസം തന്നെ ടീമിനൊപ്പം ചേരണമെന്നാണ് ആഗ്രഹം. സാധിച്ചില്ലെങ്കില്‍, സീസണ്‍ അവസാനിക്കും വരെ കാത്തിരിക്കും’ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് അറിയിച്ചു.

പ്രതിരോധത്തിലെ പാളിച്ചകളെ കുറിച്ചും കോച്ച് മനസ് തുറന്നു. ‘തുടക്കത്തില്‍ പ്രതിരോധം വലിയ പ്രശ്‌നമായിരുന്നു. പതിയെ പ്രതിരോധം മുറുക്കിയതോടെ വിജയങ്ങളായി. ഇപ്പോള്‍ പക്ഷേ, വീണ്ടും പിഴവുകള്‍ വന്നു; തോല്‍വികളും. അടുത്ത കളികളില്‍ പ്രതിരോധത്തിന്റെ കെട്ടുറപ്പു വീണ്ടെടുത്തേ പറ്റൂ. പരുക്കേറ്റ സന്ദീപ് സിങ് ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിലാണ്. ആ സ്ഥാനത്തു കളിക്കാന്‍ കഴിയുന്നവര്‍ വേറെയുണ്ട് കോച്ച് കൂട്ടിച്ചേര്‍ത്തു.

ഇനിയുള്ള ഓരോ കളിയും പ്രധാനം. ബ്ലാസ്റ്റേഴ്‌സിനെതിരെ മികച്ച കളി പുറത്തെടുക്കാനാണ് എല്ലാ ടീമും ആഗ്രഹിക്കുന്നത്. കാരണം, ഇത്രയേറെ തീവ്രമായ വികാരത്തോടെ, ആരാധകരുടെ വൈകാരിക പിന്തുണയോടെ കളിക്കുന്ന മറ്റൊരു ടീമില്ല’ ഇവാന്‍ പറഞ്ഞ് നിര്‍ത്തി.

You Might Also Like