മണിപ്പൂരില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്
ഇന്ത്യന്‍ യുവ സൂപ്പര്‍ താരം ബോറിസ് സിംഗുമായി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 20 വയസ്സുകാരനായി ബോറിസ് സിംഗ് നിലവില്‍ എടികെ മോഹന്‍ ബഗാന്‍ താരമാണ്. റൈറ്റ് ബാക്ക് ആണ് മണിപ്പൂരി സ്വദേശിയായ ബോറിസ് സിംഗിന്റെ പൊസിഷന്‍
ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരമാണ് ബോറിസ് സിംഗ്. ലോകകപ്പിന് ശേഷം ഇന്ത്യന്‍ ആരോസില്‍ ബൂട്ടണിഞ്ഞ ബോറിസ് ഐലീഗില്‍ 31 മത്സരങ്ങളാണ് കളിച്ചത്. രണ്ട് ഗോളും സ്വന്തം പേരില്‍ കുറിച്ചു. ഡ്യൂറാന്റ് കപ്പില്‍ ആരോസിനായി നാല് മത്സരവും കളിച്ചു.
അവിടെ നിന്നാണ് കഴിഞ്ഞ സീസണില്‍ ബോറിസ് എടികെയില്‍ എത്തിയത്. എന്നാല്‍ നിരവധി സൂപ്പര്‍ താരങ്ങളടങ്ങിയ കൊല്‍ക്കത്തയില്‍ ബോറിസിന് ഒരു മത്സരം പോലും കളിക്കാനായില്ല. ഇതോടെയാണ് കൂടുതല്‍ പ്ലേയിംഗ് സമയം ലക്ഷ്യമിട്ട് ബോറിസ് ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടാന്‍ ശ്രമിക്കുന്നത്.
അണ്ടര്‍ 17 ലോകപ്പിലെ ബോറിസ് സിംഗിന്റെ സഹ താരങ്ങള്‍ ആയിരുന്ന ജീക്‌സണ്‍ സിംഗ്, ഗിവ്‌സണ്‍ സിംഗ് തുടങ്ങിയ താരങ്ങള്‍ നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാണ്. മാത്രമല്ല ഇന്ത്യന്‍ ആരോസ് സഹതാരം ആയുഷ് അധികാരിയും ബ്ലാസ്റ്റേഴ്‌സിലാണ് കളിക്കുന്നത്. ഇതോടെയാണ് ബോറിസ് ബ്ലാസറ്റേഴ്‌സിലേക്ക് വരാന്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തുന്നത്.
ഇന്ത്യന്‍ അണ്ടര്‍ 17 ടീമില്‍ 35 മത്സരവും അണ്ടര്‍ 20 ടീമില്‍ മൂന്ന് മത്സരവും കളിച്ചിട്ടുളള ഈ പ്രതിരോധ താരം ഭാവി ഇന്ത്യന്‍ സീനിയര്‍ ടീമിലെ പ്രധാന താരമായാണ് വിലയിരുത്തുന്നത്.