ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേട്ടം, ലൂണയെ തേടി അപൂര്‍വ്വ റെക്കോര്‍ഡ്

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനായി വിജയഗോള്‍ നേടിയതോടെ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയെ തേടിയെത്തിയിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും അധികം ഗോള്‍ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡാണ് ലൂണയെ തേടിയെത്തിയിരിക്കുന്നത്.

മലയാളി താരം സികെ വിനീതിന്റെ പേരിലുളള റെക്കോര്‍ഡാണ് ലൂണ പഴങ്കഥയാക്കിയിരിക്കുന്നത്. 11 ഗോളുകളായിരുന്നു വിനീത് മഞ്ഞ ജഴ്സിയില്‍ നേരത്തേ നേടിയത്. എന്നാല്‍ ജംഷഡ്പൂരിനെതിരേ നേടിയ ഗോളോടെ ലൂണ തന്റെ ഗോള്‍ സമ്പാദ്യം 12 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ജംഷഡ്പൂരിനെതിരെ ആദ്യപകുതിയില്‍ ഇരുടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. അറ്റാക്കിങ് നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും നടത്തിയെങ്കിലും ഗോളെന്നുറപ്പിച്ച ശ്രമങ്ങള്‍ കുറവായിരുന്നു. പല ഗോള്‍ ശ്രമങ്ങളും ഗോള്‍ പോസ്റ്റിനു മുകളിലൂടെയും വശങ്ങളിലൂടെയും ലക്ഷ്യം കാണാതെ പുറത്തു പോവുകയായിരുന്നു. കളി.

74ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍. മനോഹരമായൊരു നീക്കത്തില്‍ നിന്നായിരുന്നു സ്റ്റേഡിയത്തെ ഇളക്കി മറിച്ച ലൂണയുടെ കിടിലന്‍ ഗോള്‍.

വലതുവിങില്‍ നിന്നും വന്ന ലോങ്ബോളില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളിലേക്കു വഴി തുറന്നത്. ബോക്സിലേക്കു വന്ന ലൂണയുടെ ത്രൂബോള്‍ ദിമിത്രിയോ ഡയാമെന്റക്കോസിന്റെ കാലില്‍. അദ്ദേഹത്തിന്റെ ബാക്ക് പാസ് ബോക്സിനകത്തേക്കു ഓടിക്കയറിയ ലൂണ പിടിച്ചെടുക്കുന്നു.

മുന്നോട്ട് കയറിയ ഗോളി ടി പി രഹനേഷിനു ഒരു പഴുതും നല്‍കാതെ മനോഹരമായ ഒരു വലംകാല്‍ ഷോട്ടിലൂടെ ഫസ്റ്റ് പോസ്റ്റിന്റെ മൂലയിലേക്കു ലൂണ അടിച്ചുകയറ്റുകയായിരുന്നു. സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പൊട്ടിത്തെറിച്ച നിമിഷമായിരുന്നു ഇത്.

പത്താം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണിത്. നേരത്തേ കൊച്ചിയില്‍ തന്നെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്സിയെ 2-1നു തകര്‍ത്തായിരുന്നു മഞ്ഞപ്പട തുടങ്ങിയത്.

 

You Might Also Like