ഇന്ത്യയിലേക്ക് വന്നത് രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി, ബക്കരി കോനെ തുറന്ന് പറയുന്നു

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത് ഐഎസ്എല്‍ കിരീടം നേടാനാണെന്ന് വ്യക്തമാക്കി മുന്‍ ലിയോണ്‍ സൂപ്പര്‍ താരം ബക്കരി കോനെ. ഗോള്‍ ഡോട്ട് കോമിനോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം കോനെ പ്രഖ്യാപിച്ചത്.

‘എനിക്ക് ലിയോളിനായി കോപ്പെ ഡെ ഫ്രാന്‍സ് സ്വന്തമാക്കാനായി. തീര്‍ച്ചയായും ഇന്ത്യയിലും സമാനമായ നേട്ടം ആവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ കോനെ പറയുന്നു.

തന്റെ ഇന്ത്യയിലെ ലക്ഷ്യം ഐഎസ്എല്ലിലെ മികച്ച കളിക്കാരില്‍ ഒരാളാകുക എന്നത് പോലെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് ലീഗ് കിരീടം നേടിക്കൊടുക്കുക എന്നതുമാണെന്നും കോനെ പറയുന്നു.

2011 മുതല്‍ അഞ്ച് വര്‍ഷക്കാലം ഫ്രഞ്ച് സൂപ്പര്‍ ക്ലബ് ലിയോണിന്റെ പ്രതിരോധം കാത്ത താരമാണ് ബക്കരി കോനെ. ഇക്കാലയളവില്‍ 32കാരനായ കോനെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനേയും എഡിസന്‍ കവാനിയേയും എല്ലാം എതിരിട്ട് ക്ലബിനായി കോപ്പെ ഡെ ഫ്രാന്‍സ് കിരീടവും ഡെസ് ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം കരസ്ഥമാക്കിയുന്നു.

കോനെ ലിയോണിനായി കളിച്ചപ്പോള്‍ 2014, 2015 സീസണുകളില്‍ ഫ്രഞ്ച് ലിഗാ വണ്‍ റണ്ണറപ്പാകാനും ലിയോണിനായി. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് അനുഭവ സമ്പത്തുളള താരം കൂടിയാണ് കോനെ.

‘ലിയോണിലെ എന്റെ മികച്ച ഓര്‍മ്മകളിലൊന്ന് ചാമ്പ്യന്‍സ് ലീഗില്‍ റുബിന്‍ കസാനെതിരെ എന്റെ ആദ്യ മത്സരമാണ്. എന്നെ സംബന്ധിച്ച് അതൊരു മികച്ച അനുഭവമായിരുന്നു. നിങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുമ്പോള്‍ നിങ്ങള്‍ കളിക്കുന്നത് ഏറ്റവും ടോപ് ലെവലിലാണ്’ കോനെ പറയുന്നു.

ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് ഐഎസ്എല്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ബക്കരി കോന. 2014ല്‍ പൂണെ സിറ്റിയ്ക്കായി കളിച്ച സൈയ്‌ഡോ പാനന്‍ഡെത്തിഗുരി ആണ് ആദ്യത്തെ ഐഎസ്എല്‍ കളിക്കുന്ന ബുര്‍ക്കിനോ ഫാസോ താരം. തന്റെ വരവ് ബുര്‍ക്കിനോ ഫാസോ താരങ്ങള്‍ക്ക് ഐഎസ്എല്ലിലേക്കുളള വാതില്‍ തുറക്കാന്‍ കരണമാകും എന്ന് പ്രതീക്ഷിക്കുന്ന ബക്കരി കോന പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും കൂട്ടിചേര്‍ത്തു.