ആശങ്കകള്‍ക്ക് സഡന്‍ ബ്രേക്ക്, ബ്ലാസ്റ്റേഴ്‌സ് പരിശീലനം പുനരാരംഭിച്ചു

ഐഎസ്എല്ലില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തതിന് പിന്നാലെ ക്ഷണിക്കാത്ത അതിഥിയായ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തിയ കോവിഡ് മാഹമാരി തീര്‍ത്ത ദുരിത പര്‍വ്വത്തില്‍ ടീം പതുക്കെ കരകയറുന്നു. ഒമ്പത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനുശേഷം ടീം അംഗങ്ങളില്‍ ചിലര്‍ പരിശീലനം പുനരാരംഭിച്ചു.

ഒമ്പത് ദിവസത്തെ ഇടവേളയ്ക്കുശേഷം ഏഴ് ബ്ലാസ്റ്റേഴ്സ് കളിക്കാരാണ് പരിശീനത്തിനായി കഴിഞ്ഞ ദിവസം വൈകുന്നേരം മൈതാനത്ത് എത്തിയത്. ചെറിയ തോതിലുള്ള പരിശീലനം നടത്തിയശേഷം ടീം അംഗങ്ങള്‍ മടങ്ങി. വരും ദിവസങ്ങളില്‍ ടീം ഒന്നടങ്കം മൈതാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ സൂപ്പര്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ബയോ സെക്യൂര്‍ ബബിളില്‍ കോവിഡ്-19 വ്യാപനം ഉണ്ടായതിനെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നു. ജനുവരി 12ന് ഒഡീഷ എഫ്സിക്ക് എതിരായ മത്സരത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ഒഡീഷയ്ക്കെതിരായ 2-0 ജയത്തിനു പിന്നാലെ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങള്‍ മാറ്റിവയ്ക്കപ്പെട്ടു. മുംബൈ സിറ്റി എഫ്സി, എടികെ മോഹന്‍ ബഗാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് മാറ്റിവയ്ക്കപ്പെട്ടത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ജനുവരി 30ന് ബംഗളൂരു എഫ്സിക്ക് എതിരേയാണ്. അപ്പോഴേക്കും ടീം മുഴുവനും ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരു എഫ്സിക്കെതിരായ ആദ്യ പാദ പോരാട്ടം 1 – 1 സമനിലയില്‍ അവസാനിച്ചിരുന്നു.

തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളില്‍ 20 പോയിന്റുമായി ലീഗിന്റെ തലപ്പത്താണിപ്പോള്‍. 11 മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബംഗളൂരു.

You Might Also Like