ആദ്യ വിദേശ സൈനിംഗ് ഓസീസ് താരം, ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ നീക്കം

Image 3
FootballISL

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗിനെ കുറിച്ചുളള സൂചനകള്‍ പുറത്ത്. ഓസ്‌ട്രേലിയന്‍ സെന്റര്‍ ബാക്കായ ഡൈലന്‍ മക്‌ഗോവനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പ്രമുഖ സ്‌പോട്‌സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുളാനോ അടക്കം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

29കാരനായ മക്‌ഗോവനുമായി ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഘട്ട ചര്‍ച്ചകശാണ് നടത്തിയിരിക്കുന്നതെന്നാണ് മാര്‍ക്‌സ് പറയുന്നത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സൈനിംഗിനെ കുറിച്ച് ഊഹാപോഹങ്ങള്‍ ശക്തമായിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ ദേശീയ ടീമിനായി വരെ കളിച്ചിട്ടുളള താരമാണ് മക്‌ഗോവന്‍. ഓസ്‌ട്രേലിയന്‍ എ ലീഗില്‍ വെസ്റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സിന് വേണ്ടിയാണ് അവസാനം അദ്ദേഹം കളിച്ചത്. 2014 മുതല്‍ 2017 വരെ എ ലീഗില്‍ തന്നെ അഡ്‌ലൈഡ് യുണൈറ്റഡിനായും അദ്ദേഹം കളിച്ചിരുന്നു.

നിരവധി യൂറോപ്യന്‍, ഏഷ്യന്‍ ക്ലബുകള്‍ക്കായിും മക്‌ഗോവന്‍ കളിച്ചിട്ടുണ്ട്. ഡാനിഷ് ക്ലബായ വെന്ദ്‌സിസല്‍, കൊറിയന്‍ ക്ലബായ ഗാങ്വോണ്‍, പോര്‍ച്ചുഗല്‍ ക്ലബായ പാകോസ് തുടങ്ങിയ ക്ലബുകളില്‍ അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.

അതെസമയം ടീമില്‍ വിദേശ താരങ്ങളുടെ കാര്യത്തില്‍ അടിമുടി പരീക്ഷണത്തിന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും. കഴിഞ്ഞ സീസണില്‍ കളിച്ച ഏഴ് വിദേശ താരങ്ങളേയും ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കിയിരുന്നു.