ജിങ്കന്റെ വാക്ക് അറംപറ്റി, ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍

ഐ എസ് എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ എ ടി കെ മോഹന്‍ ബഗാന്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. ഫിജിയന്‍ താരം റോയ് കൃഷ്ണ നേടിയ ഗോളാണ് എടികെയ്ക്ക് വിജയമൊരുക്കിയത്.

ആദ്യ പകുതി ഇരുടീമുകളും ഗോള്‍ രഹിതമായാണ് അവസാനിപ്പിച്ചത്. കുറിയ പാസുകളുമായി പ്രതിരോധാത്മക ശൈലിയിലായിരുന്നു ഇരു ടീമുകളുടേയും കളി. ആദ്യ പകുതിയില്‍ സൂസൈരാജ് പരിക്കേറ്റ് പുറത്ത് പോയത് മോഹന്‍ ബഗാന് ക്ഷീണമായി. 34ആം മിനുട്ടില്‍ റോയ് കൃഷ്ണയുടെ ഒരു ലോങ് റേഞ്ചര്‍ ആയിരുന്നു മോഹന്‍ ബഗാന് ലഭിച്ച മികച്ച അവസരം. ആ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി.

രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച കളി കെട്ടഴിച്ചെങ്കിലും 67ാം മിനിറ്റില്‍ മത്സര ഗതിയ്ക്ക് വിരുദ്ധമായി ഗോള്‍ വഴങ്ങുകയായിരുന്നു. റോയ് കൃഷ്ണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ ആശയക്കുഴപ്പം മുതലെടുത്ത് പന്ത് വലയിലെത്തിച്ചത്.

പിന്നീട് ബ്ലാസ്റ്റേഴ്‌സ് ആക്രമം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. മധ്യനിരയില്‍ ബ്ലാസ്റ്റഴ്‌സ് ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് ഈ മത്സരം സൂചിപ്പിക്കുന്നത്. കൂട്ടായ ആക്രമം നടത്താന്‍ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ബ്ലാസ്റ്റേഴ്‌സ് അവസാന നിമിഷങ്ങളില്‍ ഫക്കുണ്ടോ പെരേരയേയും ജോര്‍ദാന്‍ മുറെയേയുമെല്ലാം പരീക്ഷിച്ചെങ്കിലും കാര്യമായ ചലനമൊന്നും ഉണ്ടായില്ല.

ഇതോടെ മത്സരം ആരംഭിക്കും മുമ്പ് എന്ത് വിലകൊടുത്തും ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിക്കുമെന്ന ജിങ്കന്റെ അവകാശവാദമാണ് അറംപറ്റിയിരിക്കുന്നത്.

You Might Also Like