കരാര്‍ ഇനിയും ബാക്കിയുണ്ട്, ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ പോരാടുമെന്ന് ഇന്ത്യന്‍ താരം

മലയാളി താരം അര്‍ജുന്‍ ജയരാജിന് നിരാശയുടെ വര്‍ഷമാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ കടുന്നു പോയത്. ഏറെ പ്രതീക്ഷയോടെ ഗോകുലം എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ അര്‍ജുന് പക്ഷെ സീസണ് മുമ്പ് നടന്ന പരിശീലനത്തിനിടെ കൂട്ടിടിച്ച് കണ്ണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ എല്‍ക്കോ ഷറ്റോരി പരിശീലിപ്പിച്ച ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് അര്‍ജുന്‍ പുറത്താകുകയായിരുന്നു.

എന്നാല്‍ പുതിയ സീസണില്‍ കിബു വികൂനയ്ക്ക് കീഴില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുകയാണ് ഈ മലപ്പുറം സ്വദേശി. പരിക്ക് ഭേദമായെന്ന് പറയുന്ന അര്‍ജുന്‍ മധ്യനിരയില്‍ ബ്ലാസ്റ്റേഴ്‌സിനായി ഇത്തവണ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ബ്ലാസ്റ്റേഴ്‌സുമായി ഇനിയും രണ്ട് വര്‍ഷത്തെ കരാറുളള ഈ 24 കാരന്‍ മഞ്ഞപ്പടയില്‍ തുടരാനും അവസരത്തിനായി പോരാടുമെന്നും തീര്‍ത്ത് പറയുന്നു.

പരിക്ക് തന്നെ ആകെ നിരാശനാക്കിയെന്ന് പറഞ്ഞ അര്‍ജുന്‍ ഒരിക്കലും സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുന്നതിലേക്ക് ഇതെത്തിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും പറയുന്നു. സ്വപ്‌ന സമാനമായ നേട്ടം സ്വന്തമാക്കിയതിന് ശേഷമുളള ഈ വീഴ്ച്ചയില്‍ നിന്ന് കരയറാന്‍ താനെറെ സയമെടുത്തെന്നും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഗോള്‍ ഡോട്ട്‌കോമിന് അനുവദിച്ച അഭിമുഖത്തില്‍ അര്‍ജുന്‍ കൂട്ടിചേര്‍ത്തു.

‘കഴിഞ്ഞ സീസണ്‍ മുഴുവന്‍ നഷ്ടപ്പെട്ടത് നിരാശപ്പെടുതുന്നതാണ്, ഇത്തരമൊരു പരിക്ക് എന്റെ കരിയറിലെ ആദ്യത്തേതാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പരിശീലനത്തിനിടെ കൂട്ടിയിടിയില്‍ പരിക്കേറ്റപ്പോള്‍ ആദ്യം ഞാന്‍ വലിയ കാര്യമാക്കിയില്ല കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നല്ല വേദന തോന്നിയത്തോടെ ചികിത്സാതേടി, ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്തോടെയാണ് ഈ പരിക്ക് ഇത്രമാത്രം വലുതാണെന്ന് അറിയുന്നത്. ടീമില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ് ഈ ലോക്ഡൗണ്‍ കാലം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതില്‍ തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും ഉടന്‍ തിരിച്ചുവരാനാണ് ശ്രമം’ അര്‍ജുന്‍ പറയുന്നു

എംഎസ്പി ഫുട്‌ബോള്‍ അക്കാദമിയില്‍ കരിയര്‍ ആരംഭിച്ച അര്‍ജുന്‍ 2012 സുബ്രതോ കപ്പില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഓള്‍ ഇന്ത്യ ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച കാലിക്കറ്റ് സര്‍വകലശാല ടീമില്‍ അംഗമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ഗോകുലം എഫ്‌സിയുമായി നടന്ന സൗഹൃദ മത്സരത്തിലെ മികച്ച പ്രകടനമാണ് അര്‍ജുന്‍ ജയരാജിന് ഗോകുലം കേരള എഫ്‌സിയിലേക്കു വഴി തുറന്നത്.

2017-18 സീസണില്‍ കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി കളിച്ച അര്‍ജുന്‍ ഫൈനലില്‍ ഒരു ഗോള്‍ നേടുകയും ചെയ്തു. ആ സീസണിലെ ഏക ഗോളായിരുന്നെങ്കിലും അത് ക്ലബ്ബിനെ വിജയത്തിലെത്തിച്ചു. തുടര്‍ന്ന് ഗോകുലം ഐ ലീഗ് ടീമില്‍ അര്‍ജുനെ ഉള്‍പ്പെടുത്തി. 2017ലാണ് അര്‍ജുന്‍ ഇന്ത്യന്‍ ആരോസിനെതിരായ മല്‍സരത്തിലൂടെ പ്രഫഷനല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം നടത്തിയത്.

സാങ്കേതിക മികവുള്ള വൈവിധ്യമാര്‍ന്ന കളിക്കാരനാണ് അര്‍ജുനെന്ന് ആന്നത്തെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരി നിരീക്ഷിച്ചിരുന്നു. വിങ്, മിഡ് ഫീല്‍ഡ് തുടങ്ങി ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ അര്‍ജുന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഇടത്, വലത് കാലുകള്‍ക്കൊണ്ട് കളിക്കാന്‍ സാധിക്കുന്ന താരം എന്നതും അര്‍ജുന്റെ പ്രത്യേകതയാണ്.

You Might Also Like