ജിങ്കനാണ് ക്ലബ് വിടാന്‍ ആഗ്രഹിച്ചതെന്ന് ബ്ലാസ്റ്റേഴ്‌സ്, നിര്‍ണ്ണായക പ്രഖ്യാപനം
ബ്ലാസ്റ്റേഴ്‌സ് വിടാന്‍ സന്ദേഷ് ജിങ്കനാണ് ആഗ്രഹം പ്രകടിപ്പിച്ചതെന്നും അതിന് തങ്ങള്‍ പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക വിശദീരണം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് ആണ് വാര്‍ത്ത കുറിപ്പിലൂടെ ഇക്കാര്യം അറിച്ചത്.
ജിങ്കനോടുളള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പര്‍ 21 ഇനി ടീമില്‍ ഉണ്ടാകില്ലെന്നും അതും സ്ഥിരമായി വിരമിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘ക്ലബ്ബിനോടും അതിന്റെ പിന്തുണക്കാരോടും സന്ദേശിനുള്ള പ്രതിബദ്ധത, വിശ്വസ്തത, അഭിനിവേശം എന്നിവയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരു പുതിയ വെല്ലുവിളി പിന്തുടരാനുള്ള സന്ദേഷിന്റെ ആഗ്രഹത്തെ ബ്ലാസ്റ്റേഴ്‌സ് മാനിക്കുന്നു, ഈ പുതിയ യാത്രയ്ക്ക് ഞങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നു’ ഭരദ്വാജ് പറയുന്നു.
‘ജിങ്കന്‍ എല്ലായ്‌പ്പോഴും ഹൃദയത്തില്‍ ഒരു ബ്ലാസ്റ്ററായി തുടരും. ക്ലബിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പര്‍ 21 ഇനി ടീമില്‍ ഉണ്ടാകില്ല, അതും സ്ഥിരമായി വിരമിക്കും ‘ നിഖില്‍ ഭരദ്വാജ് കൂട്ടിചേര്‍ത്തു.
ബ്ലാസ്റ്റേഴ്‌സ് വിടുന്നതിനെ കുറിച്ചുളള ജിങ്കന്റെ പ്രതികരണം ഇപ്രകാരമാണ്. ‘ആദ്യ ദിവസം മുതല്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ പരസ്പരം വളരാന്‍ സഹായിച്ചെങ്കിലും ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ചില മികച്ച ഓര്‍മ്മകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു’ ജിങ്കന്‍ പറയുന്നു.
‘ക്ലബ്ബിന് പിന്നില്‍ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് എനിയ്ക്ക് ഒന്ന് പറയാനുണ്ട്, നിങ്ങള്‍ എന്നോടും, ബ്ലാസ്റ്റേഴ്‌സിനോടും കാണിച്ച എല്ലാ സ്‌നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങള്‍ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബും ആരാധകരും എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തും. നന്ദി! ‘ സന്ദേഷ് പറയുന്നു.