ഈ താരത്തിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തം, പുതിയ സൈനിംഗിനെ കുറിച്ച് എസ്ഡി

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് പുതുതായി കരാര്‍ ഒപ്പിട്ട ദെനേചന്ദ്ര മേയ്‌തേയെ ടീമിലേക്ക് സ്വാഗതം ചെയ്ത ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. മേയ്‌തേയ തന്റെ പൊസിഷനില്‍ വളരെ മികച്ചതും കഴിവുളള താരവുമാണെന്ന് പറഞ്ഞ കരോളിസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നതോടെ വലിയ ഉത്തരവാദിത്തവും നിര്‍വ്വഹിക്കാനുണ്ടെന്ന് കൂട്ടിചേര്‍ത്തു.

‘ദെനേചന്ദ്ര മേയ്തേയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. തന്റെ പൊസിഷനില്‍ വളരെ മികച്ചതും കഴിവുള്ളതുമായ കളിക്കാരനായ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത് അഭിമാനത്തിന്റെ നിമിഷമാണ്, ഒപ്പം ഒരു വലിയ ഉത്തരവാദിത്തവും. ടീമിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം എല്ലാ ശ്രമങ്ങളും, കഠിനാധ്വാനവും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ സീസണില്‍ വെല്ലുവിളികള്‍ നേരിടാനും, പ്രചോദിതനാകാനും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ കരോലിസ് സ്‌കിന്‍കിസ് പറയുന്നു.

ബ്ലാസ്‌റ്റേഴ്‌സില്‍ എത്താനായത് അഭിമാന നിമിശമെന്നാണ് മേയ്‌തേയ് പ്രതികരിച്ചത്. ഐഎസ്എല്‍ പോലുളള ലീഗിന്റെ ഭാഗമാകുന്നത് സ്വപ്‌നമാണെന്നും അതും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാകുന്നത് അവിശ്വസനീയമാണെന്നും താരം വിലയിരുത്തുന്നു.

‘ഐഎസ്എല്‍ പോലുള്ള അഭിമാനകരമായ ലീഗിന്റെ ഭാഗമാകുക എന്നത് എനിക്ക് എല്ലായ്‌പ്പോഴും ഒരു സ്വപ്നമാണ്, മാത്രമല്ല വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തെടുത്തുകൊണ്ട് ടീമിന്റെ വിജയത്തിന് സംഭാവന നല്‍കുവാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു . ക്ലബ്ബിന് രാജ്യമെമ്പാടും പ്രസിദ്ധമായ മികച്ച ആരാധകവൃന്ദമുണ്ട്, അവര്‍ക്ക് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ് ‘ ദെനേചന്ദ്ര മേയ്തേയ് പറഞ്ഞു.

2013ല്‍ പൂനെ എഫ്.സിയിലൂടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മേയ്‌കെയ്. തുടര്‍ന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിലെത്തിയ അദ്ദേഹം 15 മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ രണ്ട് സീസണുകളില്‍ യഥാക്രമം നെറോക എഫ്സി, ട്രാഉ എഫ്സി എന്നീ ക്ലബ്ബുകളിലൂടെ ഐ-ലീഗിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇടത് കാല്‍ പ്രതിരോധ ഫുട്ബോളറായ മേയ്‌തേ അണ്ടര്‍ 13 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.