കെനിയയിലല്ലായിരുന്നു ജനിച്ചതെങ്കില്‍ അവന്‍ ഇതിഹാസങ്ങളുടെ ഇതിഹാസമായേനെ, ടിക്കോളെ നിങ്ങളെയെങ്ങനെ മറക്കാനാകും
ധനേഷ് ദാമോദരന്‍
ക്വാലാലാംപൂരില്‍ വന്യമായ കരുത്തോടെ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ബംഗ്ലാദേശിന്റെ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ പ്രഹരിച്ച് 152 പന്തില്‍ നിന്നും 12 ഫോറുകളും ഒരു സിക്‌സറും അടക്കം 147 റണ്‍സ് നേടി ആ അസോസിയേറ്റ് താരം പവലിയനിലേക്ക് മടങ്ങുമ്പോള്‍ മലേഷ്യന്‍ രാജാവ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന കാഴ്ച കാണാമായിരുന്നു .
വര്‍ഷം 1997 ഐസിസി ലോകകപ്പ് ക്വാളിഫയര്‍ ടൂര്‍ണമെന്റ് ഫൈനലില്‍ 147 റണ്‍സടിച്ച സ്റ്റീവന്‍ ടിക്കോളോ എന്ന നെയ്‌റോബിക്കാരന്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 230 ലെത്തിയതേ ഉണ്ടായിരുന്നുള്ളൂ .ഒടുവില്‍ 50 ഓവറില്‍ ടീം 241/7 ലെത്തിയ ശേഷം ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ബംഗ്ലാദേശ് രണ്ടുവിക്കറ്റിന് വിജയിച്ചുവെങ്കിലും കളിയിലെ കേമന്‍ ആയ സ്റ്റീഫ് ടിക്കോളോ തന്റെ വന്യമായ ബാറ്റിംഗ് കരുത്ത് ഒന്നുകൂടി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ആ ഇന്നിംഗ്‌സ് 1999 ലോകകപ്പിനുള്ള യോഗ്യത കൂടി കെനിയക്ക് നേടിക്കൊടുത്തു.
1993 മുതല്‍ 2014 വരെ നീണ്ട 21 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍. വളരെ അപൂര്‍വം കളിക്കാര്‍ക്ക് മാത്രം അവകാശപ്പെട്ട അഞ്ചു ലോകകപ്പ് പങ്കാളിത്തം . രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ .വിക്കറ്റ് നേട്ടത്തില്‍ രാജ്യത്തിന്റെ രണ്ടാമന്‍. സത്യത്തില്‍ മറ്റൊരു ക്രിക്കറ്റര്‍ക്കും ലഭിക്കാത്ത ഒരു സൗഭാഗ്യമാണ് ടിക്കോളോക്ക് ലഭിച്ചത് എന്ന് പറയുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്മാരിലൊരാളാണ് അദ്ദേഹം എന്ന് പറയേണ്ടിവരും .
ലോക ക്രിക്കറ്റില്‍ ഒരുപാട് നിര്‍ഭാഗ്യവാന്‍മാരെ കണ്ടിട്ടുണ്ട്. പലപ്പോഴും തികച്ചും അര്‍ഹതയുണ്ടായിട്ടും അതേ കാലഘട്ടത്തില്‍ മറ്റു ഇതിഹാസങ്ങള്‍ക്കൊപ്പം ജനിച്ചതുകൊണ്ടും കിട്ടിയ അവസരങ്ങള്‍ നിര്‍ഭാഗ്യവശാല്‍ മുതലാക്കാന്‍ പറ്റാതെയും പാതിവഴിയില്‍ വീണ എത്രയോ ചരിത്രം ക്രിക്കറ്റില്‍കാണാം .
എന്നാല്‍ തന്റെ കാലഘട്ടത്തില്‍ ടീമിലെ ഏറ്റവും പ്രധാന താരമായിട്ടും അക്കാലഘട്ടത്തില്‍ അദ്ദേഹമില്ലാതെ ഒരു മത്സരം ആലോചിക്കുകപോലും ചെയ്യാത്ത തരത്തില്‍ മികച്ചവന്‍ ആയിട്ടും ടിക്കോളോ എന്ന പാവങ്ങളുടെ വിവിയന്‍ റിച്ചാര്‍ഡ്‌സിന് തന്റെ കുറവു കൊണ്ടായിരുന്നില്ല ഉയരങ്ങളിലെത്താന്‍ പറ്റാതെ പോയത് .
2003 ലോകകപ്പില്‍ ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും അപ്രതീക്ഷിതമായി കെനിയ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ടീമിനെ നയിച്ച ടിക്കോളോയ്ക്ക് വിധി നല്‍കിയത് കാവ്യനീതിയാകാം . പക്ഷേ തന്റെ കെനിയക്ക് അക്കാലഘട്ടത്തില്‍ അര്‍ഹതപ്പെട്ട ടെസ്റ്റ് പദവി കിട്ടാത്തത് കൊണ്ടുമാത്രം താനെന്നും ആഗ്രഹിച്ച ഒരു ടെസ്റ്റ് ക്യാപ് നഷ്ടമായത് വിരമിച്ച് ഇത്രയും കാലമായിട്ടും ടിക്കോളോയെ അലട്ടിക്കൊണ്ടിരിക്കുന്നു.
കെനിയക്കുവേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം അന്താരാഷ്ട്ര റണ്‍സുകള്‍ എന്നതിനൊപ്പം ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ രണ്ടാമന്‍ കൂടിയാണ് സ്റ്റീവ് ടിക്കോളോ എന്ന വലംകൈയന്‍ എന്നത് അയാളെ അ ടീം എത്രത്തോളം ആശ്രയിച്ചു എന്നതിന്റെ മകുടോദാഹരണമാണ്.
രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ടികോളയുടെ വരവ് രാജകീയമായി തന്നെയായിരുന്നു. 1996 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ മാച്ചില്‍ കട്ടക്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്താക്കാതെ 127 റണ്‍സ് കാണികളെ ആനന്ദിപ്പിക്കുന്നതിന് മുന്‍പ് ആദ്യം ബാറ്റ് ചെയ്ത 203 റണ്‍സെടുത്ത കെനിയക്ക് വേണ്ടി ക്രീസ് ഭരിച്ചത് 83 പന്തില്‍ 65 റണ്‍ നേടിയ ടിക്കോളോ ആയിരുന്നു .മറ്റൊരു കെനിയന്‍ ബാറ്റ്‌സ്മാനും ആ മേച്ചില്‍ 30 റണ്‍ പോലും നേടാനായില്ല .
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറി എന്ന് നിസ്സംശയം പറയാവുന്ന പുനെയില്‍ നടന്ന വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തുമ്പോള്‍ ആ മാച്ചില്‍ അംബ്രോസ് ,വാല്‍ഷ്, ബിഷപ്പ് മാര്‍ക്കെതിരെ പടനയിച്ച ആ മാച്ചില്‍ ടോപ് സ്‌കോര്‍ ആയതും 29 റണ്‍സ് നേടിയ ടിക്കോളോ ആയിരുന്നു. ആ മാച്ചില്‍ ഇരു ടീമുകളിലായി ഒരേയൊരു ഒരു സിക്‌സര്‍ നേടിയതും ടിക്കോളോ തന്നെയായിരുന്നു .വാല്‍ഷിനെ മിഡ് വിക്കറ്റിനു മുകളിലൂടെ പറത്തിയ സിക്‌സറും ചന്ദര്‍പോളിനെ ഒഡുംബെയുടെ പന്തില്‍ പിടിച്ചു പുറത്താക്കിയതും തന്നെയായിരിക്കും ടിക്കോളോയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ മുഹൂര്‍ത്തം.
ടികോളോയുടെ യഥാര്‍ത്ഥ മികവു പുറത്തുവരാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്കുറി ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്കെതിരെ മുരളിധരനും വാസും ഉള്‍പ്പെട്ട ബൗളിങ്ങ് നിരക്കെതിരെ 95 പന്തില്‍ നേടിയ 96 പ്രകടനത്തെ ലോകോത്തരം എന്ന് തന്നെ പറയാവുന്നതാണ് .ആ ലോകകപ്പിലെ 6 മാച്ചുകളില്‍ 39.20 ശരാശരിയിലും 80.18 സ്‌ട്രൈക് റേറ്റിലും നേടിയ 196 റണ്‍സ് ടിക്കോളോയെ വലിയ താരങ്ങള്‍ക്കൊപ്പം ലോകശ്രദ്ധ നേടിക്കൊടുത്തു .
തന്റെ പ്രകടങ്ങള്‍ മുഴുവന്‍ ലോക വേദികളിലെ വലിയ മത്സരങ്ങള്‍ക്ക് വേണ്ടി എന്നും കരുതി വെച്ചവനായിരുന്നു ടിക്കോളോ. പല മത്സരങ്ങളിലും അയാള്‍ നേടിയതിന്റെ പകുതി റണ്‍സെങ്കിലും മറ്റുള്ളവര്‍ക്ക് നേടാന്‍ പറ്റിയിരുന്നെങ്കില്‍ കെനിയക്ക് പല വമ്പന്‍മാരേയും തറ പറ്റിക്കാന്‍ പറ്റുമായിരുന്നു .
കെനിയയുടെ ആദ്യത്തെ 30 ടോപ് സ്‌കോര്‍ എടുത്തു കഴിഞ്ഞാല്‍ അതില്‍ 15 ഉം ടിക്കോളോയുടേതായി കാണാം . ആദ്യ 10 പ്രകടനം എടുത്തു കഴിഞ്ഞാല്‍ 6ലും വരുന്നതിനൊപ്പം 90 നു മുകളില്‍ വരുന്ന 9 സ്‌കോറുകള്‍ നോക്കിയാല്‍ അതില്‍ 5 ഉം സ്വന്തമായുള്ള ടിക്കോളോയുടെ ബാറ്റില്‍ താന്‍ കുട്ടിക്കാലത്ത് ആരാധിച്ച് റോള്‍ മോഡലാക്കിയ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ കരീബിയന്‍ സൗന്ദര്യം കാണാം .അപാര കാഴ്ചശക്തിയോടെ വ്യത്യസ്തമായ ഷോട്ടുകള്‍ക്ക് ഉടമയായ ടിക്കോളോക്ക് സാങ്കേതികത്തികവ് കൂടി അവകാശപ്പെടാം . കൂടാതെ മീഡിയം പേസില്‍ തുടങ്ങി ഓഫ് സ്പിന്നിലേക്ക് തിരിഞ്ഞ ബൗളിങ്ങ് മികവിലൂടെ നിര്‍ണായക വിക്കറ്റുകള്‍ നേടാനുള്ള അധിക മികവും .
1995 ല്‍ 1996 വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മാച്ചില്‍ നെയ്‌റോബിയില്‍ ആദ്യമായി ഒരു റപ്രസന്റേറ്റീവ് മാച്ചില്‍ അരങ്ങേറുമ്പോള്‍ ടിക്കോളോയുടെ പ്രായം 21 വയസ് മാത്രം .ആ മത്സരം കെനിയ 3വിക്കറ്റിന് വിജയിച്ചിരുന്നു. 1997-ലെ ക്വാളിഫയര്‍ മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരില്‍ രണ്ടാമന്‍ 44.83 ശരാശരിയില്‍ 399 റണ്ണടിച്ച ടിക്കോളോ ആയിരുന്നു.
1998 ല്‍ ഇന്ത്യയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്കെതിരെ ബാംഗ്ലൂരില്‍ 77 ഉം ബംഗ്ലാദേശിനെതിരെ ചെന്നൈയില്‍ 65 റണ്‍സ് നേടുകയും രണ്ടു വിക്കറ്റും ചെയ്ത ടിക്കോളോ ഗ്വാളിയോറിയില്‍ ഇന്ത്യയെ 69 റണ്‍സിന് അട്ടിമറിച്ച മത്സരത്തില്‍ നിര്‍ണായക പ്രകടനം നടത്തി .ബാറ്റിംഗില്‍ 21 റണ്‍ മാത്രമേ നേടിയുള്ളൂവെങ്കിലും ദ്രാവിഡിന്റെയും റോബിന്‍ സിങ്ങിന്റെയും ജതിന്‍ പരാഞ്‌പെയുടെയും വിക്കറ്റുകള്‍ പിഴുത ടികോളയുടെ ബൗളിങ് സ്‌പെല്‍ 10- 0 -23-3 എന്നായായിരുന്നു .
96 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 4 റണ്‍സിന് നഷ്ടമായ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി 1999 ല്‍ ഡാക്കയില്‍ ബംഗ്ലാദേശിനെതിരെ 106 റണ്‍സടിച്ച് കുറിച്ച മത്സരത്തില്‍ മാച്ച് കെനിയ 214 ചേസ് ചെയ്ത് വിജയിച്ചപ്പോള്‍ തൊട്ടടുത്ത മാച്ചില്‍ സിംബാബ് വെക്കെതിരെ ടിക്കോളോ 78 റണ്‍സടിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ടീം പരാജയപ്പെട്ടു . 99 ല്‍ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ് കെനിയില്‍ പര്യടനത്തിന് വന്നപ്പോള്‍ കെനിയ ക്രിക്കറ്റ് അസോസിയേഷന്‍ ഇലവന് വേണ്ടി മൂന്നാം മേച്ചില്‍ 137 റണ്‍സടിച്ച ടിക്കോളോയുടെ പ്രകടനം കണ്ട് MCC നായകന്‍ മാത്യു മെയ്‌നാര്‍ഡ് പറഞ്ഞത് ഇയാള്‍ ഏത് ഇന്റര്‍നാഷണല്‍ ടീമിലും കളിക്കാന്‍ യോഗ്യനാണെന്നായിരുന്നു .
1999 ലോകകപ്പില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ 71 ഉം ഇന്ത്യക്കെതിരെ 58 റണ്‍സും നേടിയ ടിക്കോളോ ലോക വേദിയില്‍ വീണ്ടും മികവു തെളിയിച്ചു. ആ ടൂര്‍ണ്ണമെന്റില്‍ 5 മാച്ചുകളില്‍ 33 ശരാശരിയില്‍ 167 റണ്‍സ് നേടിയ ടികോളോ തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടുകയുണ്ടായി .
2002 ല്‍ കെനിയ തങ്ങളുടെ എക്കാലത്തെയും മികച്ച താരത്തിന് നായക പദവി സമ്മാനിച്ചു.അതാകട്ടെ കെനിയയുടെ ചരിത്രപരമായ ഒരു നിമിഷവുമായി . ആ വര്‍ഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ വീണ്ടും തുടര്‍ച്ചയായ രണ്ട് 50 കള്‍ . ഫൈനലിസ്റ്റുകളായ വിന്‍ഡീസിനെതിരെ ലീഗ് മാച്ചില്‍ 93 റണ്‍സടിച്ച ടിക്കോളോ ചാംപ്യന്‍മാരായ സൗത്താഫ്രിക്കക്കെതിരായ ലീഗ് മാച്ചില്‍ 69 റണ്‍സും നേടി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ടീം തോറ്റു .
എന്നാല്‍ പിന്നീട് നടന്ന 2003 ലെ അടുത്ത ലോകകപ്പ് ചരിത്രമായി. അപ്പോഴേക്കും ലോക വേദിയില്‍ ഏത് എതിരാളികളും ഭയക്കുന്ന ഒരു ടീമായി മാറിയിരുന്നു ടിക്കോളോയുടെ കെനിയ .എന്നാല്‍ തങ്ങള്‍ പോലും പ്രതീക്ഷിക്കാതെ ഒരുപാട് വിജയങ്ങളും ആയി സെമി ഫൈനലില്‍ എത്തിയ 2003 ലോകകപ്പ് കെനിയ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു. അവിടെയും തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ 51 ഉം ഇന്ത്യക്കെതിരെ സെമിയില്‍ 56 ഉം കുറിച്ച് ടിക്കോളോ മുന്നണിപ്പോരാളിയായി .2003 ല്‍ 9 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച കെനിയക്ക് വേണ്ടി 206 റണ്‍സ് ആണ് ടിക്കോളോ നേടിയത് .
ആ ലോകകപ്പിലെ പ്രകടനം കെനിയന്‍ ടീമിനെ ഒരു ടെസ്റ്റ് പദവിയിലേക്ക് ഉയര്‍ത്തും എന്ന് ഉറപ്പിച്ചതായിരുന്നു. ഐസിസി അവര്‍ക്ക് സാമ്പത്തിക ഭദ്രതയും ഉറപ്പു കൊടുത്തതായിരുന്നു. എന്നാല്‍ ഭരണകൂടം ആവശ്യമായ സാഹചര്യങ്ങളൊന്നും ഒരുക്കി കൊടുക്കാത്തതു കാരണം കെനിയന്‍ ക്രിക്കറ്റ് മെല്ലെ താഴേക്ക് പോകാന്‍ തുടങ്ങി .2003 ചരിത്ര സെമിഫൈനല്‍ കളിച്ച ശേഷം രണ്ടുവര്‍ഷങ്ങളില്‍ അവര്‍ക്ക് കളിക്കാന്‍ പറ്റിയത് വെറും 12 ഏകദിന മത്സരങ്ങള്‍ മാത്രം . ഫസ്റ്റ് ക്‌ളാസ് മത്സരങ്ങള്‍ വറ്റി വരണ്ട കെനിയയില്‍ ക്രിക്കറ്റ് ഏകദിന ടൂര്‍ണമെന്റുകളില്‍ മാത്രമായി ഒതുങ്ങി .
അതിനിടയിലും ടിക്കോളോ തന്റെ മികവ് തുടര്‍ന്നുകൊണ്ടേയിരുന്നു. 2006 ല്‍ ബര്‍മുഡ ക്കെതിരെ 111 റണ്‍സ് അടിച്ചുകൂട്ടിയ ടിക്കോളോയുടെ മനോഹരമായ പ്രകടനം ബര്‍മുഡ ക്കെതിരെ പരമ്പരയിലെ അവസാന മാച്ചില്‍ 305 റണ്‍സ് അടിച്ചു കൂട്ടിയ മാച്ചില്‍ കെനിയ 104 റണ്‍സ് വിജയം കുറിച്ചപ്പോള്‍ 3-0ന് പരമ്പര അവര്‍ തൂത്തുവാരുക കൂടി ചെയ്തു .
2007 ല്‍ ഏറ്റവും മികച്ച അസോസിയേറ്റ് ഏകദിന പ്ലെയറായ തെരഞ്ഞെടുക്കപ്പെട്ട ടിക്കോളോ ആ വര്‍ഷം നടന്ന ലോകകപ്പില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത് .മൂന്ന് മാച്ചില്‍ 155 റണ്‍സ് നേടിയ ടിക്കോളോയുടെ ശരാശരി 77.50 ഉം സ്‌ട്രൈക്ക് റേറ്റ് 82 ഉം ആയിരുന്നു .തുടര്‍ച്ചയായ നാലാം ലോകകപ്പിലും 2 അര്‍ധ സെഞ്ചുറികള്‍ അദ്ദേഹം നേടി . കാനഡയ്‌ക്കെതിരെ മത്സരത്തില്‍ പുറത്താകാതെ 72 റണ്‍സ് അടിച്ച ടികോളോ ഒരു കെനിയന്‍ ക്യാപ്റ്റന്റ ഉയര്‍ന്ന സ്‌കോര്‍ എന്ന ബഹുമതി നേടി. അന്ന് കെനിയ ജയിച്ചത് 7 വിക്കറ്റിന് .അന്ന് 92 ഏകദിനം കളിച്ച കെനിയയുടെ 90 മാച്ചിലും ഭാഗമായ ടിക്കോളോ 21 ആം അര്‍ധ സെഞ്ചുറി കുറിക്കുമ്പോള്‍ കെനിയ ആകെ നേടിയത് 85 അര്‍ദ്ധ സെഞ്ച്വറികള്‍ മാത്രമായിരുന്നു . അതേ ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 76 റണ്‍സ് ടിക്കോളോയുടെ ക്‌ളാസിന്റെ മറ്റൊരുദാഹരണമായിരുന്നു .തോറ്റ മാച്ചില്‍ കെനിയ ആകെ 177 റണ്‍ നേടിയപ്പോള്‍ ഉയര്‍ന്ന
രണ്ടാമത്തെ സ്‌കോര്‍ 17 മാത്രമായിരുന്നു .
2008 ല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് അക്കാദമി കെനിയന്‍ ടൂറിനു പോയപ്പോള്‍ ചതുര്‍ദിന മാച്ചിന്റെ ആദ്യ ദിനം കെനിയ 344/7 എന്ന സ്‌കോര്‍ കുറിച്ചപ്പോള്‍ 170 ഉം പിറന്നത് ടിക്കോളോയുടെ ബാറ്റില്‍ നിന്നായിരുന്നു .
2010 ല്‍ UAE യെ 4-0 ത്തിന് തൂത്തുവാരിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 77 പന്തില്‍ പുറത്താകാതെ 69 റണ്‍സെടുത്തതിനു പുറമെ ഏഴ് ഓവറില്‍ 18 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടീം ജയിച്ചത് 6 വിക്കറ്റിനായിരുന്നു .
ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം 2004 ചാമ്പ്യന്‍സ് ട്രോഫി സമയത്ത് നായക സ്ഥാനത്തു നിന്നും മാറി നിന്ന ടിക്കോളോ 2007 ല്‍ ഒരു അസോസിയേറ്റ് രാജ്യത്തു നിന്നും 100 ഏകദിനം കളിച്ച താരവും 2500 റണ്‍സ് ആദ്യമായി തികച്ച താരവുമായി .2009 ഐസിസി വേള്‍ഡ് കപ്പ് ക്വാളിഫയര്‍ സമയത്ത് ക്യാപ്റ്റനായി തിരിച്ചുവന്നു 2010 ല്‍ വിരമിക്കാനൊരുങ്ങിയെങ്കിലും പരിചയസമ്പത്ത് ആവശ്യപ്പട്ട രാജ്യത്തിന് വേണ്ടി നേടി 2011 ലോകകപ്പ് കളിക്കുകയായിരുന്നു .
2011 ല്‍ തന്റെ 5 ആമത്തേയും അവസാനത്തെയും ലോകകപ്പിന് വരുമ്പോള്‍ ടിക്കോളോ 40 കളിലെത്തിയിരുന്നു .കഴിഞ്ഞ 4 ലോകകപ്പിലും മികച്ചു നിന്ന ടിക്കോളോക്ക് പക്ഷെ ഇക്കുറി കയ്പുനീര്‍ കുടിച്ച അനുഭവമായി. കെനിയന്‍ ടീമിന്റെ ആദ്യ ലോകകപ്പിലും അവസാന ലോകകപ്പിലും ഭാഗഭാക്കായ ടിക്കോളോ ക്ക് 2011 ലോകകപ്പില്‍ 5 മാച്ചുകളില്‍ നേടാന്‍ കഴിഞ്ഞത് 44 റണ്‍സ് മാത്രം. മുമ്പ് നടന്ന നാലു ലോകകപ്പിലും രണ്ടുവീതം അര്‍ദ്ധ സെഞ്ച്വറികള്‍ നേടി ആവറേജ് 35നടുത്ത് നിന്ന ടിക്കോളോവിന് പക്ഷേ 2011-ലെ ദയനീയ പ്രകടനം കാരണം ശരാശരി 30 ലും താഴെ പോയി .
അവസാന ലോകകപ്പില്‍ കല്‍ക്കത്തയില്‍ റേ പ്രൈസിനു മുന്നില്‍ LBW ല്‍ കുടുങ്ങി ടിക്കോളോ പുറത്തു പോകുമ്പോള്‍ സിംബാബ്വെ കളിക്കാര്‍ ആഘോഷിച്ചിരുന്നില്ലെന്നത് തന്നെ ടിക്കോളോ എന്ന ക്രിക്കറ്ററെ ലോകം എത്ര ബഹുമാനിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു .അദ്ദേഹത്തിന് കൈ നല്‍കി യാത്ര നല്‍കിയ എതിര്‍ ടീം അദ്ദേഹം പവലിയന്‍ കയറുന്നതു വരെയും കൈയ്യടിക്കുന്ന കാഴ്ച സാധാരണ ഗതിയില്‍ ഒരു ഇതിഹാസത്തിന് നല്‍കുന്ന യാത്രയപ്പിനെ തന്നെ അനുസ്മരിപ്പിക്കുന്നതായിരുന്നു .
അഞ്ചു ലോകകപ്പുകളില്‍ നിന്നായി 68 29 ശരാശരിയിലും 68 സ്‌ട്രൈക്ക് റേറ്റിലും 8 ഫിഫ്റ്റികള്‍ അടക്കം 768 റണ്‍സും ഓഫ് സ്പിന്‍ ബൗളിങ്ങിലൂടെ നേടിയ 15 വിക്കറ്റുകളും ഇന്നേ വരെ ലോകകപ്പ് കളിച്ച ഒരു അസോസിയേറ്റ് പ്‌ളെയറുടെ ഏറ്റവും മികച്ച പ്രകടനമാണ് .കരിയറിലെ അവസാന 17 മാച്ചില്‍ 14 ല്‍ താഴെ ആവറേജ് പോയതു കൊണ്ട് മാത്രം ടോട്ടല്‍ കരിയര്‍ ആവറേജ് കുറഞ്ഞ ടിക്കോളോ ഏകദിനത്തില്‍ 32.95 ശരാശരിയില്‍ 94 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സൂക്ഷിച്ച എക്കണോമി 4.73 മാത്രമാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ അദ്ദേഹത്തെക്കാള്‍ വിക്കറ്റുകള്‍ നാട്ടുകാരനായ തോമസ് ഒഡോയോക്ക് മാത്രമാണ് .137 വിക്കറ്റുകള്‍ .
എന്നും മികച്ച ടീമുകള്‍ക്ക് എതിരെ നിര്‍ണായക മാച്ചുകളില്‍ കഴിവു തെളിയിക്കുന്ന ടിക്കോളോ ടോപ് ടെന്‍ രാജ്യങ്ങള്‍ക്കെതിരെ 92 മാച്ചുകളില്‍ 27.23 ശരാശരിയില്‍ 73.95 പ്രഹര ശേഷിയില്‍ 2 സെഞ്ചുറികളും 18 അര്‍ധ സെഞ്ചുറികളുമടക്കം 2397 റണ്‍ നേടിയപ്പോള്‍ അസോസിയേറ്റ് രാജ്യങ്ങള്‍ക്കെതിരെ 42 മാച്ചുകളില്‍ 34.13 ശരാശരിയില്‍ 80.18 സ്‌ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറിയും 6 സെഞ്ചുറിയുമടക്കം 1024 റണ്‍സ് ആണ് . മൂവായിരത്തിലധികം റണ്‍ നേടിയ അദ്ദേഹത്തിന് പിറകില്‍ 2364 റണ്‍ നേടിയ ഒഡോയോയും 2312 നേടിയ ഒട്ടിനോയും മാത്രമാണ് 2000 ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.
2011 ലോകകപ്പിനു ശേഷം വിരമിച്ച ടിക്കോളോ താന്‍ ഒരു പാട് തവണ പര്യടനത്തിനു പോയ ഉഗാണ്ട ദേശീയ ടീമിന്റെ ബാറ്റിങ്ങ് കോച്ച് ആയി സേവനമനുഷ്ഠിക്കവെ കെനിയയുടെ അഭ്യര്‍ത്ഥന പ്രകാരം രണ്ടര വര്‍ഷത്തിനു ശേഷം വീണ്ടും 2013 ല്‍ 42 ആം വയസ്സില്‍ 2013 ഐസിസി T20 വേള്‍ഡ് ക്വാളിഫയര്‍ ടൂര്‍ണമെന്റ് കളിച്ചു.
ടിക്കോളോ അവിടെയും തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല .മറ്റുള്ളവര്‍ 9 മണി മുതല്‍ നെറ്റ് പ്രാക്ടീസിന് വരുമ്പോള്‍ ആ 42 കാരന്‍ 7 മണിക്ക് മുമ്പ് ഗ്രൗണ്ടിലെത്തുമായിരുന്നു . 4 മണിക്ക് പ്രാക്ടീസ് കഴിഞ്ഞ് മറ്റുള്ളവര്‍ ഗ്രൗണ്ട് വിടുമ്പോഴും 6 മണിവരെ ജിമ്മില്‍ ചെലവഴിച്ച് ചെറുപ്പക്കാര്‍ക്കൊപ്പം ഓടിയെത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം . കെനിയ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യോഗ്യത നേടിയില്ലെങ്കിലും ബാറ്റില്‍ ചെറുപ്പമൊളിപ്പിച്ച ടിക്കോളോ ആയിരുന്നു അവരുടെ ഏറ്റവും വലിയ റണ്‍ സ്‌കോറര്‍ .അതേ ടൂര്‍ണമെന്റില്‍ താന്‍ ബാറ്റിംഗ് പരിശീലിപ്പിച്ച ഉഗാണ്ടക്കെതിരെ പുറത്താകാതെ 55 റണ്‍ നേടിയത് കൗതുകകരമായി .മടങ്ങിവരവില്‍ അദ്ദേഹം 4 T20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ചു .
2016 ല്‍ ഉഗാണ്ടയുടെ ബാറ്റിങ്ങ് പരിശീലകനായ ടിക്കോളോയുടെ കീഴില്‍ T20 ആഫ്രിക്കന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായി .2013 ല്‍ കെനിയ U-19 പരിശീലകനായ ടിക്കോളോ 2016 ല്‍ ഉഗാണ്ടയുടെ മുഖ്യ പരിശീലകനായി .
2011 ലോകകപ്പിനു മുമ്പായി സീനിയേഴ്‌സിനെ ഒഴിവാക്കിയതായിരുന്നു കെനിയന്‍ ടീമിന്റെ തകര്‍ച്ചയ്ക്ക് മുഖ്യ കാരണമായത് . ആഫ്രിക്കയില്‍ ഫുട്‌ബോളും അത് ലറ്റിക്‌സിനും പിറകില്‍ മാത്രം സ്ഥാനമുള്ള ക്രിക്കറ്റിനാകട്ടെ സാമ്പത്തികമായി സഹായവും ലഭിക്കുന്നില്ല .സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കാത്ത അവര്‍ക്ക് ICC നല്‍കുന്ന തുക മാത്രമാണ് ഇന്നാശ്രയം .സത്യത്തില്‍ ടിക്കോളോയുടെ വിരമിക്കലോടെ കെനിയന്‍ ക്രിക്കറ്റ് അസ്തമിച്ചുവെന്ന് പോലും പറയാം .
2 ഇരട്ട സെഞ്ചുറികളടക്കം 11 ഫസ്റ്റ് ക്‌ളാസ് സെഞ്ചുറികള്‍ക്കുടമയായ ടിക്കോളോ നോണ്‍ ടെസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് കണ്ണുംപൂട്ടി പറയാം . ദക്ഷിണാഫ്രിക്കയിലെ ബോര്‍ഡര്‍ ടീമിനും ബംഗ്‌ളാദേശിലെ ക്‌ളബ്ബ് ലീഗിലും പരിചയ സമ്പത്തുള്ള ടിക്കോളോയുടെ മൂത്ത സഹോദരന്‍ ടോം മുന്‍ കെനിയന്‍ ക്യാപ്റ്റനും ഇളയ സഹോദരന്‍ ഡേവിഡ് 1996 ല്‍ ലോകകപ്പ് കളിച്ചയാളുമാണ് .
2003 ല്‍ ചരിത്രം കുറിച്ച ടീമിന്റെ നായകന്‍ എന്ന നിലയിലും ഓള്‍റൗണ്ട് മികവിനൊപ്പം കുറിച്ച അസാമന്യ ബാറ്റിങ്ങ് പ്രകടനങ്ങളും ടിക്കോളോയെ മഹാനാക്കുന്നു .
135 ഏകദിനങ്ങള്‍ 3468 റണ്‍സുകള്‍ , 3 സെഞ്ച്വറികള്‍, 24 അര്‍ധ സെഞ്ചുറികള്‍ .
62 ഫാസ്റ്റ് ക്ലാസ് മാച്ചുകള്‍ 4728 റണ്‍സുകള്‍ 11 സെഞ്ചുറികള്‍ ,26 അര്‍ധ സെഞ്ചുറികള്‍ .
11 T20 മാച്ചുകള്‍ 260 റണ്‍സ്
213 ലിസ്റ്റ് എ മത്സരങ്ങള്‍ 6105 റണ്‍സ് 9 സെഞ്ചുറികള്‍ 40 അര്‍ധ സെഞ്ചുറികള്‍ .
ആധുനിക ക്രിക്കറ്റില്‍ ഇതൊന്നും വലിയ സംഖ്യകളായി തോന്യേക്കില്ല.പക്ഷേ തീരെ മത്സര പരിചയം കിട്ടാതെ പലപ്പോഴും വലിയ വേദികളില്‍ വന്‍ തോക്കുകളുടെ കളിക്കേണ്ടി വന്നിട്ടും ഒരു അസോസിയേറ്റ് താരത്തിന് ഇത്തരം കണക്കുകള്‍ എന്നത് ആദരിക്കപ്പെടേണ്ടതാണ് .
21 വര്‍ഷത്തെ കരിയറില്‍ 5 ലോകകപ്പുകളില്‍ കളിച്ച് പാകിസ്ഥാനെതിരെയും ന്യൂസിലണ്ടിനെതിരെയും ഒഴികെ എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടുകയും കരിയറില്‍ 3 അന്താരാഷ്ട്ര സെഞ്ചുറികളും മൂന്ന് 90 കളും സ്വന്തമായ ടിക്കോളോ തന്റെ കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ട വലിയ താരങ്ങള്‍ക്കൊപ്പം തന്നെ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സ്ഥാനം നേടിയ ആളാണ് .
കെനിയന്‍ ക്രിക്കറ്റിലെ മഹാത്മാഗാന്ധിയെന്ന് ടീമംഗങ്ങള്‍ വിശേഷിപ്പിക്കുന്ന അതേ ആള്‍ തന്നെ ‘Gunnzie ‘ എന്നും വിളിക്കപ്പെടുന്നത് വൈരുദ്ധ്യമായി തോന്നാം .എന്നാല്‍ കളിക്കളത്തില്‍ കെനിയയെ ഒരു പുതുയുഗത്തിലേക്ക് നയിച്ച ടികോളോ തോക്കില്‍ നിന്നും വെടിയുതിര്‍ക്കുന്ന തരത്തില്‍ കാഴ്ച വെച്ച ബാറ്റിങ്ങ് വിസ്‌ഫോടനങ്ങള്‍ കണ്ടവര്‍ക്കറിയാം ആ 2 വിശേഷണങ്ങളുടെയും വൈരുദ്ധ്യങ്ങളിലെ സമാനതകള്‍.
……. ജൂണ്‍ 24 .. ടികോളോയുടെ ജന്‍മദിനം .
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍