സച്ചിന്‍ പവലിയനിലെ സാധനങ്ങള്‍ കട്ടത് ജയേഷും കൂട്ടരും, വിവാദത്തില്‍ വഴിത്തിരിവ്

Image 3
CricketTeam India

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോര്‍ജിനും എതിരെ ഗുരുതര ആരോപണവുമായി ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റും കെസിഎ മുന്‍ പ്രസിഡന്റുമായ ടി സി മാത്യു. പവലിയനിലെ സാധനങ്ങള്‍ ജയേഷ് ജോര്‍ജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും ടി സി മാത്യു ആരോപിച്ചു.

പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം എടുത്തുകൊണ്ടുപോയി. പവലിയനിലെ വസ്തുക്കള്‍ 2018ല്‍ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തില്‍ നടത്തിയ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ല്‍ കാണാതായ വസ്തുക്കളുടെ പേരില്‍ ഇപ്പോള്‍ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണെന്നും ടി സി മാത്യു പറഞ്ഞു.

എക്‌സിബിഷനിലെ ചിത്രങ്ങളും ടി സി മാത്യു പുറത്തുവിട്ടു. സച്ചിനേയും ക്രിക്കറ്റിനേയും ജയേഷും സംഘവും അപമാനിച്ചു. ജയേഷ് ജോര്‍ജും കേരള ഫുട്‌ബോള്‍ അസോ.സെക്രട്ടറി അനില്‍ കുമാറും ചേര്‍ന്ന് സ്‌കോര്‍ ലൈന്‍ എന്ന കമ്പനി നടത്തുന്നുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും വളര്‍ത്തുകയാണ് കമ്പനിയും ലക്ഷ്യം. ബിസിസിഐ ഔദ്യോഗിക സ്ഥാനത്തിരുന്ന് സ്വകാര്യ കമ്പനി നടത്തുന്നത് ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരാണ്.

ജയേഷിന്റെ ഭാര്യയുടെ പേരിലുള്ള പി ആര്‍ കമ്പനി കെസിഎയില്‍ നിന്ന് പണം തട്ടിയെടുത്തു. ഡീസല്‍ മോഷ്ടിച്ചത് പിടികൂടിയതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും ടി സി മാത്യു പറഞ്ഞു.

ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയുമായുള്ള ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ റദ്ദാക്കില്ലെന്ന ജയേഷ് ജോര്‍ജിന്റെ പ്രസ്താവന രാജ്യതാല്‍പര്യത്തിന് എതിരാണെന്നും ടി സി മാത്യു പറഞ്ഞു. ഇന്ത്യന്‍ വിപണി പിടിക്കുന്നതിനാണ് വിവോ ഇത്രയും വലിയ് തുകയ്ക്ക് കരാര്‍ ഉണ്ടാക്കിയത്. 2018ല്‍ ലേലത്തിന്റെ അവസാന റൗണ്ടില്‍ പങ്കെടുത്തത് ഒപ്പോയും വിവോയുമാണ്.

രണ്ട് ചൈനീസ് കമ്പനികളുടെയും മാതൃസ്ഥാപനം ഒന്നാണ്. സ്വതന്ത്രസ്ഥാപനമായ ബിസിസിഐ ഈ ഘട്ടത്തില്‍ ആര്‍ജവമുള്ള നിലപാട് എടുക്കണം. കേന്ദ്രസര്‍ക്കാരിനോട് ആലോചിച്ചല്ല ബിസിസിഐ തീരുമാനങ്ങള്‍ എടുക്കാറുള്ളതെന്നും ഈ ഘട്ടത്തില്‍ സാമ്പത്തിക നഷ്ടത്തിനല്ല പ്രാധാന്യം നല്‍കേണ്ടതെന്നും ടി സി മാത്യു പറഞ്ഞു.