സ്റ്റേഡിയം ഉടന്‍ വിട്ടുനല്‍കണം, ബ്ലാസ്റ്റേഴ്‌സിനെ പ്രതിസന്ധിലാക്കി കെഎസിഎ രണ്ടും കല്‍പിച്ച്
കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയം ഉടന്‍ വിട്ടുനല്‍കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിസിഡിഎയ്ക്ക് കെസിഎ കത്ത് നല്‍കി. സ്റ്റേഡിയം ക്രിക്കറ്റിന് അനുയോജ്യമായ രീതിയിലാക്കാന്‍ ബന്ധപ്പെട്ടവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെസിഎ ആവശ്യപ്പെടുന്നു. നിലവില്‍ ഐഎസ്എല്ലിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഉപയോഗിക്കുന്ന സ്‌റ്റേഡിയമാണിത്.
സ്റ്റേഡിയം ഉപയോഗിക്കാന്‍ 30 വര്‍ഷത്തെ വാടകക്കാരാര്‍ നിലനില്‍ക്കുന്നുണ്ട്. ഈ കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം. ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിന് ക്രമീകരണം ഒരുക്കാനായി സ്റ്റേഡിയം പരമാവധി വേഗത്തില്‍ വിട്ടുനല്‍കണമെന്നുമാണ് കെസിഎയുടെ ആവശ്യം.
നേരത്തെ ക്രിക്കറ്റും ഫുട്ബോളും ഒരേ സീസണില്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് ഇതിന് കഴിഞ്ഞില്ല.
സ്റ്റേഡിയം നവീകരണത്തിനായി കോടികള്‍ ചിലവിട്ടതായി കത്തില്‍ കെസിഎ ചൂണ്ടിക്കാട്ടുന്നു. കെസിഎ യുടെ ആവശ്യങ്ങള്‍ പലതവണ അവഗണിക്കപ്പെട്ടതായും കത്തില്‍ വിമര്‍ശനമുണ്ട്.
നേരത്തെ സ്‌റ്റേഡിയം വിട്ടുതന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെസിഎ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് കൈമാറിയിരിക്കുന്നത്.