ഐഎസ്എല്ലില്‍ സഹല്‍ ഇത്തവണ എന്ത് ചെയ്യും, വുകോമനോവിച്ചിന്റെ വെളിപ്പെടുത്തല്‍

ഐഎസ്എല്‍ എട്ടാം സീസണില്‍ അച്ചടക്കത്തോടെയുളള മുന്നൊരുക്കവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോവയില്‍ പന്ത് തട്ടുക. പ്രീസീസണില്‍ പുലര്‍ത്തിയ മികവ് ഐഎസ്എല്ലില്‍ ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരള ക്ലബ്. പുതിയ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ അത്ഭുതങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് കാണിക്കാനാകും എന്ന പ്രതീക്ഷ ആരാധകര്‍ക്കുമുണ്ട്.

നിലവിലെ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ പ്രധാന ഇന്ത്യന്‍ താരം പതിവ് പോലെ സഹല്‍ അബ്ദുല്‍ സമദാണ്. കഴിഞ്ഞ സീസണുകളില്‍ നിരാശാജനകമായ പ്രകടനത്തിലൂടെ ആരാധകരെ സങ്കടത്തിലാഴ്ത്തിയ സഹല്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിനായി എങ്ങനെ കളിയ്ക്കുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.

നേരത്തെ ഏഴാം സീസണ് ശേഷം കാര്യമായി സഹലിന് കളിയ്ക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ദേശീയ ടീം ക്യാംപും പരുക്കും കാരണം പ്രീസീസണിലും ഡ്യൂറാന്റ് കപ്പിലുമെല്ലാം വളരെ കുറച്ച് മാത്രമാണ് സഹല്‍ കളിച്ചത്. എന്നാല്‍ ഐഎസ്എല്ലില്‍ ഇതിന് മാറ്റമുണ്ടാകുമെന്ന സൂചനയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നല്‍കുന്നത്.

‘സഹല്‍ ഇക്കുറി വിവിധ പൊസിഷനുകളിലാകും കളിക്കുക, ടീമിലെ എല്ലാ കളിക്കാര്‍ക്കും അവരവരുടേതായ റോളുകളുണ്ട്, കേരളാ ബ്ലാസ്റ്റേഴ്‌സിന്റേയും ഇന്ത്യന്‍ ദേശീയ ടീമിന്റേയും ഏറ്റവും പ്രധാന താരമാകാനുള്ള എല്ലാ കഴിവും സഹലിനുണ്ട്, അതുകൊണ്ട് തന്നെ സഹലിന് ഏറ്റവും അനുയോജ്യമായ റോള്‍ തന്നെ ഞങ്ങള്‍ തയ്യാറാക്കും’ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇവാന്‍ പറഞ്ഞു.

 

You Might Also Like