കശ്മീരി ഗോള്‍കീപ്പര്‍ ബ്ലാസ്റ്റേഴ്‌സില്‍ , ചരിത്രം പിറക്കുമോ?

Image 3
FootballISL

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സംഘാടക ഒരു ടീമിനു സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താവുന്ന പരമാവധി ഇന്ത്യന്‍ താരങ്ങളുടെ എണ്ണം 18ല്‍ നിന്നും 30 ആയി ഉയര്‍ത്തിയത്. സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താവുന്ന ഗോള്‍കീപ്പര്‍മാരുടെ എണ്ണവും വര്‍ധിപ്പിച്ചു. മൂന്നിന് പകരം ഇനി നാല് ഗോള്‍കീപ്പര്‍മാരെ സ്വാകാഡില്‍ ഉള്‍പ്പെടുത്താം. പ്രഭ്ഷുഖന്‍ ഗില്‍, ആല്‍ബിനോ ഗോമസ്, ബിലാല്‍ ഖാന്‍ എന്നീ ഗോള്‍കീപ്പര്‍മായിരിക്കും ആദ്യ മൂന്ന് ഗോള്‍ കീപ്പര്‍മാര്‍ എന്നാണ് സൂചന.

എന്നാല്‍ നാലാം ഗോള്‍കീപ്പര്‍ ആയി ആരായിരിക്കും ടീമില്‍ ഉണ്ടാവാന്‍ സാധ്യത. ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിലെ പ്രതിഭാധനനായ യുവ ഗോള്‍കീപ്പര്‍. മുഹീത് ഷബീര്‍ ഖാന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ജമ്മു കശ്മീര്‍ സ്വദേശിയായ മുഹീത്തിന്. 18 വയസ്സ് മാത്രമാണ് പ്രായം.

ഗോള്‍കീപ്പര്‍ ആയിരുന്ന തന്റെ പിതാവ് ഷബീര്‍ ഹുസൈന്‍ ഖാനിന്റെ വഴിയേ തന്നെയായിരുന്നു മുഹീതും സഞ്ചരിച്ചത്. കുട്ടിക്കാലത്ത് പിതാവിനൊപ്പം സഞ്ചരിച്ച് അദ്ദേഹത്തിന്റെ മത്സരങ്ങള്‍ കണ്ടിരുന്ന മുഹീത് ഒരിക്കല്‍ ഒരു മത്സരത്തില്‍ തന്റെ പിതാവിന്റെ തകര്‍പ്പന്‍ സേവുകളുടെ പിന്‍ബലത്തില്‍ ടീം ജയിക്കുന്നത് കാണുകയും അദ്ദേഹത്തെ ആരാധകര്‍ പൊതിയുന്നതും അനുമോദിക്കുന്നതും കാണാനിടയാകുകയും ചെയ്തു. ആ നിമിഷം മുഹീത് തനിക്കും ഒരു ഗോള്‍കീപ്പര്‍ ആകണം എന്നുറപ്പിച്ചു.

തടിച്ച ശരീര പ്രകൃതിയുയുണ്ടായിരുന്ന മുഹീത് തന്റെ സ്വപ്നം സഫലമാക്കാന്‍ വേണ്ടി ഭക്ഷണ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. അതിനു ഫലവും ഉണ്ടായി. എട്ടാം വയസ്സില്‍ തന്റെ പിതാവിനൊപ്പം പരിശീലനം ആരംഭിച്ച മുഹീത് 14 വയസ്സ് വരെ പരിശീലനം നടത്തിയതും അദ്ദേഹത്തിനൊപ്പമായിരുന്നു. 14 വയസ്സ് വരെയും മറ്റൊരു അക്കാദമിയിലും മുഹീത് പരിശീലനത്തിലേര്‍പ്പെട്ടിരുന്നില്ല.

ഇതിനിടയില്‍ കശ്മീര്‍ സ്റ്റേറ്റ് ഫുട്‌ബോള്‍ അക്കാദമിയുടെ അണ്ടര്‍ -14 ടീമിന്റെ സെലെക്ഷന്‍ ട്രയല്‍സില്‍ മുഹീത് പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കശ്മീര്‍ സ്റ്റേറ്റ് ഫുട്‌ബോള്‍ അക്കാദമിയില്‍ അണ്ടര്‍ -14 ടീമില്‍ ആദ്യ മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനം ആയിരുന്നില്ല മുഹീതിന്റേത്. പല മത്സരങ്ങളിലും ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന മുഹീത് പതിയെ താളം കണ്ടെത്തി.

മുഹീത് താന്‍ ഏറെയിഷ്ട്ടപ്പെടുന്ന പരിശീലകന്‍ ആയ സാജിദ് യൂസുഫ് ടറിനെ കണ്ടുമുട്ടിയതും കശ്മീര്‍ സ്റ്റേറ്റ് അക്കാഡമിയില്‍ വെച്ചു തന്നെയായിരുന്നു. സാജിദ് യൂസുഫും മിറാജുദ്ധീന്‍ വാഡുവും ഉള്‍പ്പെട്ട പരിശീലകര്‍ ആയിരുന്നു കശ്മീര്‍ സ്റ്റേറ്റ് അക്കാഡമിയുടെ പരിശീലക ചുമതല വഹിച്ചിരുന്നത്. കശ്മീര്‍ സ്റ്റേറ്റ് അക്കാദമി അണ്ടര്‍ -14 ടീമില്‍ നിന്നും മുഹീത് പിന്നീട് റിയല്‍ കശ്മീര്‍ അണ്ടര്‍ -16 ടീമിലും പിന്നീട് ലോണ്‍ സ്റ്റാര്‍ കശ്മീര്‍ അണ്ടര്‍ -16 ടീമിലും എത്തി.

തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളുടെ മുഹീതിനെ ഇന്ത്യന്‍ അണ്ടര്‍ -19 ടീമിന്റെ ക്യാമ്പില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പക്വത കൈവരിച്ചിട്ടില്ലാത്തതിനാല്‍ ഫൈനല്‍ ടീമില്‍ ഇടം നേടാന്‍ മുഹീതിനു കഴിഞ്ഞില്ല. എങ്കിലും പരിശീലന ക്യാമ്പില്‍ ഇന്ത്യന്‍ അണ്ടര്‍ -19 ക്യാമ്പില്‍ ഫ്‌ലോയ്ഡ് പിന്റോയും ഗോള്‍കീപ്പിങ് പരിശീലകന്‍ യുസുഫ് അന്‍സാരിയും അടക്കമുള്ള പരിശീലകരുടെ കീഴില്‍ വിദഗ്ദ്ധ പരിശീലനം നേടാന്‍ മുഹീതിനു കഴിഞ്ഞു.

ആ സമയത്തു ഇന്ത്യക്ക് അണ്ടര്‍ -17 ടീം ഇല്ലാതിരുന്നതിനാലും ഇന്ത്യയില്‍ നടന്ന ലോകകപ്പിനുള്ള അണ്ടര്‍ -17 ടീമില്‍ മറ്റു ഗോള്‍കീപ്പര്‍മാര്‍ സ്ഥാനം ഉറപ്പിച്ചിരുന്നതിനാലും മത്സരപരിചയം കുറവായതിനാലും ദേശീയ തലത്തില്‍ മുഹീതിന് മറ്റു അവസരങ്ങള്‍ ലഭിച്ചില്ല.

ഇന്ത്യന്‍ അണ്ടര്‍ -19 ക്യാമ്പില്‍ നിന്നും കശ്മീര്‍ സ്റ്റേറ്റ് അക്കാദമി ടീമില്‍ തിരിച്ചെത്തിയ മുഹീത് അണ്ടര്‍ -18 ഐ ലീഗില്‍ ടീമിനായി കളത്തിലിറങ്ങി. അണ്ടര്‍ -18 ഐ ലീഗില്‍ മികച്ച പ്രകടനം തുടര്‍ന്ന മുഹീതിനെ മുമ്പ് ലോണ്‍ സ്റ്റാര്‍ കശ്മീര്‍ ടീമില്‍ മുഹീത് തകര്‍ത്തു കളിക്കുന്നത് നേരില്‍ കണ്ട ഇന്ത്യയിലെ ഏറ്റവും പരിചയ സമ്പന്നനായ ഗോള്‍കീപ്പിങ് പരിശീലകന്‍ യുസുഫ് അന്‍സാരി ഇന്ത്യന്‍ ആരോസ് ടീമിലേക്ക് ട്രയല്‍സിനു ക്ഷണിച്ചു. പക്ഷെ നിര്‍ഭാഗ്യം കൊണ്ടു മാത്രം അവിടെയും സെലക്ഷന്‍ നേടാന്‍ മുഹീതിനു കഴിഞ്ഞില്ല.

വീണ്ടും കശ്മീര്‍ സ്റ്റേറ്റ് അക്കാദമിയില്‍ തിരിച്ചെത്തിയ മുഹീത് കളി തുടര്‍ന്നു. അതിനു ശേഷം ടാറ്റാ ഫുട്‌ബോള്‍ അക്കാഡമിയിലെ സെലെക്ഷന്‍ ട്രയല്‍സില്‍ 40 യുവ താരങ്ങളില്‍ നിന്നും 3 പേരെ ടെസ്റ്റിനു വിളിച്ചപ്പോള്‍ അതില്‍ ഒരാളായി മുഹീതും ഉണ്ടായിരുന്നു. പക്ഷെ അവിടെയും മുഹീതിനെ നിര്‍ഭാഗ്യം പിടികൂടി.

പിന്നീടാണ് കശ്മീര്‍ സ്റ്റേറ്റ് അക്കാദമിയുടെ മുന്‍ പരിശീലകനും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ സഹ പരിശീലകനുമായ ഇഷ്ഫാഖ് അഹമ്മദ് മുഹീതിനെ ട്രയല്‍സിനായി ബ്ലാസ്റ്റേഴ്‌സിലേക്ക് ക്ഷണിക്കുന്നത്. സ്റ്റേറ്റ് അക്കാദമിയില്‍ മുഹീതിന്റെ പ്രതിഭ നേരില്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ട്രയല്‍സിനുള്ള ക്ഷണം. ദിവസങ്ങള്‍ നീണ്ട ട്രയല്‍സിനു ശേഷം മുഹീതിനെ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിലേക്ക് സെലക്ട് ചെയ്തു.

അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. കശ്മീരിലെ കാലാവസ്ഥയില്‍ നിന്നും കേരളത്തില്‍ എത്തിയ മുഹീത് ഇവിടുത്തെ ചൂടിനോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുത്തു എങ്കിലും മിന്നും പ്രകടനങ്ങളുമായി പരിശീലകരുടെ ഹൃദയം കവര്‍ന്നു.

ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമില്‍ നിന്നും നിലവിലുള്ള ഗോള്‍കീപ്പര്‍മാരില്‍ 70% ല്‍ കൂടുതല്‍ മത്സരങ്ങളിലും ഗോള്‍വല കാത്ത യുവ പ്രതിഭയാണ് മുഹീത്. കേരള പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ ഉള്‍പ്പടെ മിന്നും സേവുകളുമായി ഈ പ്രതിഭാധനനായ ഗോള്‍കീപ്പറുടെ പ്രകടനം നമ്മള്‍ കണ്ടതാണ്. കഠിനാധ്വാനിയാണ് മുഹീത്. മെച്ചപ്പെടാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാശാലി..

ഇന്നു റിസര്‍വ് ടീമിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ മുഹീത് ആന്നെന്ന കാര്യത്തില്‍ സംശയം ഇല്ല. അന്നു ഇന്ത്യന്‍ അണ്ടര്‍ -19 ക്യാമ്പില്‍ മുഹീതിന്റെ ഗോള്‍കീപ്പിങ് പരിശീലകന്‍ ആയിരുന്ന യുസുഫ് അന്‍സാരി ഇന്നു ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ ഗോള്‍കീപ്പിങ് പരിശീലകന്‍ ആണ്. ഇന്ത്യയിലെ ഗോള്‍കീപ്പര്‍മാരില്‍ സുബ്രതോ പോളിനെയും ഗുര്‍പ്രീത് സിങ് സന്ധുവിനെയും ഏറെയിഷ്ട്ടപ്പെടുന്ന മുഹീതിന്റെ അന്താരാഷ്ട്ര തലത്തിലെ ഫേവറിറ്റ് ഗോള്‍കീപ്പര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ ആണ്.

കേരളത്തെയും കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തെയും എല്ലാം ഒരുപാട് ഇഷ്ടപെടുന്ന ഈ യുവ ഗോള്‍കീപ്പറിനെ വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിലേക്ക് പ്രൊമോട്ട് ചെയ്‌തേക്കു. അങ്ങനെയെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിചയ സമ്പന്നനായ പോളിഷ് ഗോള്‍കീപ്പിംഗ് പിരിശീലകന്‍ ബാര്‍ട്ടോസ് ഗ്രൊസാകിന് കീഴില്‍ പരിശീലനത്തിന് മുഹീത്തിന് അവസരം ലഭിക്കും.

കടപ്പാട് : ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഫോര്‍ എവര്‍ വാട്‌സാപ്പ് ഗ്രൂപ്പ് ( എഴുതിയത് ആരെന്ന് വ്യക്തമല്ല)