മാഡ്രിഡില്‍ സിംഹം ഉണര്‍ന്നു, നിഷ്പ്രഭമായി മെസിയും ഹസാര്‍ഡും

ഈഡന്‍ ഹസാര്‍ഡ്, ലൂയിസ് സുവാരസ് എന്നിവരായിരുന്നു മെസിയ്‌ക്കൊപ്പം ലോക്ഡൗണിനു ശേഷം പുനരാരംഭിച്ച ലാലിഗ കിരീടനിര്‍ണ്ണയത്തില്‍ ഉയര്‍ന്നു കേട്ട രണ്ടു സൂപ്പര്‍ താരങ്ങളുടെ പേരുകള്‍. കൂടാതെ നിരന്തരം പരിക്കുകളോടെ നിറം മങ്ങിയ റയല്‍ മാഡ്രിഡ് താരം ഗരത് ബേയ്‌ലിന്റെ മടങ്ങിവരവും ചര്‍ച്ചയായി. വാല്‍ഡെബെബാസിന്റെ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ലോക്ഡൗണിനു ശേഷം മികച്ച ഫിറ്റ്‌നസുള്ള റയല്‍ മാഡ്രിഡ് താരമായി ഗരത് ബേയ്ല്‍ തിരിച്ചു വരുമെന്നാണ്.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. കരീം ബെന്‍സിമയെന്ന അതുവരെ എല്ലാവരും അവഗണിച്ച താരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ലീഗില്‍ കണ്ടത്. ലോക് ഡൗണിനു മുമ്പ് 36 കളിയില്‍ നിന്ന് 19 ഗോളുകളുമായി മെസിയുടെ തൊട്ടുതാഴെ ടോപ് സ്‌കോറര്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നെങ്കിലും ബെന്‍സിമ എന്ന പ്രതിഭയില്‍ ആരും ശ്രദ്ധ ക്ഷണിച്ചില്ലെന്നതാണ് വസ്തുത.

ലോക്ഡൗണിനു ശേഷമുള്ള മാഡ്രിഡിന്റെ ആദ്യമത്സരത്തില്‍ തന്നെ ബെന്‍സിമ ക്രൂസിന്റെ ഗോളിനു വഴിയൊരുക്കുകയും രണ്ടു പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. വലന്‍സിയക്കെതിരെയുള്ള ബെന്‍സിമയുടെ രണ്ടു ഗോളുകളിലൊന്ന് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോപ്പസിന്റെ വിരലുകളെ തട്ടിയകന്നു വലയിലെത്തിയ മനോഹരമായ വോളിയായിരുന്നു.

ലാലിഗയുടെ ഗോള്‍ ഓഫ് ദി സീസണ്‍ ആയേക്കാവുന്ന ഈ ഗോളോടുകൂടി ഫെറന്‍ക് പുസ്‌കാസിനെ പിന്തള്ളി റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കും ബെന്‍സിമ ഉയര്‍ന്നു.

റയല്‍ മയ്യോര്‍ക്കയുമായുള്ള വിജയത്തിനു ശേഷം റയല്‍ സോസിഡാഡിനെതിരെയുള്ള വിജയഗോളും എസ്പാന്യോളിനെതിരെ ബെര്‍ണാഡോ എസ്പിനോസയുടെ കാലുകള്‍ക്കിടയിലൂടെ കൊടുത്ത ബാക്ക്ഹീല്‍ അസിസ്റ്റും ബെന്‍സിമയുടെ മായാജാലം വിളിച്ചോതുന്നവയാണ്. അഞ്ച് അത്യുജ്ജ്വല പ്രകടനങ്ങളിലൂടെ റയല്‍ മാഡ്രിഡിനെ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ പോയന്റ് പട്ടികയില്‍ 2 പോയിന്റിന്റെ ആധിപത്യത്തോടെ ഒന്നാമതെത്തിക്കാന്‍ ബെന്‍സിമയ്ക്ക് സാധിച്ചു. ഇതോടെ ബെന്‍സിമയുടെ പ്രകടനത്തെ മാഡ്രിഡില്‍ ഉറങ്ങുന്ന സിംഹം ഉണര്‍ന്നു എന്നാണ് ഫുട്‌ബോള്‍ ലോകം വിശേഷിപ്പിക്കുന്നത്.

You Might Also Like