തോല്‍പിക്കാന്‍ ഓഗ്‌ബെചെ വരെ ഇറങ്ങി, സിറ്റി ഗ്രൂപ്പിനെ പിടിച്ചുകെട്ടി ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങള്‍
ഐഎസ്എല്ലിലെ രണ്ടാം പ്രീസീസണ്‍ മത്സരം കഴിയുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചതിന് പുറമെ രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കാനും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കായി.
ഇതില്‍ ശ്രദ്ധേയം ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കളിച്ചവരെല്ലാം ഇന്ത്യന്‍ താരങ്ങളായിരുന്നു എന്നതാണ്. രണ്ടാം പ്രീസീസണ്‍ മത്സരത്തില്‍ മുംബൈയ്ക്കായി മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഓഗ്‌ബെചെയെ വരെ കളത്തിലിറക്കിയപ്പോഴാണ് ജെസലിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ താരങ്ങളെ വെച്ച് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ കോട്ട തീര്‍ത്തത്.
രണ്ട് വിദേശതാരങ്ങളാണ് ഒരോ പകുതിയിലും മുംബൈയ്ക്കായി ഇറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് പരീക്ഷിച്ചത്.
ബ്ലാസ്‌റ്റേഴ്‌സിലെ മറ്റൊരു ഇന്ത്യന്‍ പ്രതിരോധ താരമായിരുന്ന നിഷു കുമാര്‍ പോലും കളിക്കാതിരുന്നപ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. പരിക്കാണ് നിഷുവിനെ പുറത്തിരുത്താന്‍ കാരണം. നിലവില്‍ പരിക്ക് ഭേദമായെങ്കിലും നിഷുവിനെ വെച്ച് റിസ്‌ക് എടുക്കേണ്ടെന്നായിരുന്നു പരിശീലകന്‍ കിബു വികൂനയുടെ തീരുമാനം.
ഡിഫന്‍സില്‍ ജസ്സലിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം തന്നെ ആണ് ബ്ലാസ്റ്റേഴ്സ് തീര്‍ത്തത്. വിംഗുകളില്‍ ഐഎസ്എല്ലിലെ പറക്കും സിംഗ് എന്ന് അറിയപ്പെടുന്ന സത്യസന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകര്‍ത്തത്. മലയാളി താരം കെപി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ അടിച്ച് കൂട്ടിയത്.