പോരാളികളായിരുന്നു അവര്‍ രണ്ട് പേരും, അചഞ്ചലമായ പ്രതിരോധത്തിന്റെ സമാനതകളില്ലാത്ത ഇന്നിംഗ്‌സുകള്‍

Image 3
CricketCricket News

റെയ്‌മോന്‍ മാമ്പിള്ളി

ഇന്നലെ ലോകം കണ്ട എക്കാലത്തെയും രണ്ട് ഏകദിനഇന്നിങ്‌സിലൊന്നിന്റെ 27 ആം വാര്‍ഷികമായിരുന്നു… ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിങ്‌സായി ഞാന്‍ കണക്കാക്കുന്നത് കപില്‍ ദേവിന്റെ 175*(138) ആണ്… അതിന് തത്തുല്യമോ ചിലരെങ്കിലും അതിന് മുകളിലോ പ്രതിഷ്ഠിക്കുന്നുണ്ട് റിച്ചാര്‍ഡ്‌സിന്റെ 189*(170) നെ…

രണ്ടിടത്തും സാഹചര്യങ്ങള്‍ സമാനമാണ്… 17/5 എന്ന നിലയില്‍ നിന്നാണ് കപില്‍ തന്റെ ഇന്നിങ്‌സ് പടുത്തയര്‍ത്തുന്നത്…102/7 എന്ന നിലയില്‍ വീണ് പോയ വിന്‍ഡീസിനെയാണ് റിച്ചാര്‍ഡ്‌സ് രക്ഷിച്ചെടുക്കുന്നത്… കപില്‍ യൗവനയുക്തനായിരുന്നെങ്കില്‍ റിച്ചാര്‍ഡ് 32 ലെത്തിയിരുന്നു.ഇന്ത്യയുടെ രണ്ടാമത്തെ ടോപ്പ് സ്‌കോറര്‍ 24 റണ്‍സെടുത്ത കിര്‍മാനിയെങ്കില്‍ വിന്‍ഡീസിന്‍േത് 26 റണ്‍സെടുത്ത ബപ്തിസ്റ്റയായിരുന്നു . എങ്കിലും ലോകകപ്പ് പോലൊരു വേദിയില്‍ നിര്‍ണായക മത്സരത്തില്‍ നടത്തിയ പ്രകടനത്തെ എതിരാളികളുടെ മേന്‍മ നോക്കാതെ ഒന്നാമതായി നിര്‍ത്താനാണെനിക്കിഷ്ട്ടം… കപിലിന്റെയും റിച്ചാര്‍ഡ്‌സിന്റെയും ബാറ്റിങ്ങ് വിലയിരുത്തുമ്പോള്‍ നമ്മള്‍ പോകേണ്ടത് 80 കളിലേക്കാണ്…. 250 ന് മുകളിലുളള സ്‌കോറുകള്‍ അണ്‍ചെയ്‌സബിളായ , 60തിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുളളവരെ വീശിയടിക്കാരായി കാണുന്നകാലം… 80 കളില്‍ ഇവരുടെ പ്രകടനത്തിന് ഒരു കാതമെങ്കിലും അകലെ നിര്‍ത്താവുന്നത് ഓസീസിലെ ബ്രസ്‌ബെയിനില്‍ ന്യൂസിലാണ്ടിനെതിരെ 1983 ല്‍ ഡേവിഡ് ഗവര്‍ നേടിയ 158(118) ആണ്….

റിച്ചാര്‍ഡ്‌സിന്റെ ഇന്നിങ്‌സിലേക്ക് വരട്ടെ… 11/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് റിച്ചാര്‍ഡ്‌സ് ക്രീസിലെത്തുന്നത്….ഒരുവശത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണിരുന്നു…. എന്നാല്‍ കരീബിയന്‍ വന്യതയുടെ കരുത്തും സൗന്ദര്യവും ബാറ്റിലാവാഹിച്ച, നെപ്പോളിയനെ പോലെ അതിപ്രതിസന്ധിഘട്ടത്തിലും അചഞ്ചലനായ സിംഹ ഹൃദയനായ റിച്ചാര്‍ഡ്‌സ്… ബോതമിനെ മിഡ്വിക്കറ്റിലേക്ക് ഫ്‌ളിക്ക് ചെയ്ത് ബൗണ്ടറി നേടിയാണ് റിച്ചാര്‍ഡ്‌സ് തുടങ്ങിയത്….ബോതമിനെ സ്‌ട്രെയ്റ്റ് ബൗണ്ടറി നേടിയാണയാള്‍ ഇന്ധിങ്‌സവസാനിപ്പിച്ചത്… ഇതിനിടയില്‍ പിറന്ന് വീണത് ചരിത്രമാണ്… റെക്കോര്‍ഡുകളുടെ പെരുമഴയാണ്… ഏകദിനത്തിലെ 13 വര്‍ഷം നീണ്ട് നിന്ന ടോപ്പ് സ്‌കോററുടെ റെക്കോര്‍ഡ് ഉള്‍പടെ….21 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ആ ബാറ്റില്‍ നിന്ന് പിറന്നു….അവസാന 58 പന്തില്‍ അയാള്‍ 86 റണ്‍സ് നേടി…9 താം വിക്കറ്റായി ഗാര്‍ണര്‍ പുറത്താക്കുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 166 മാത്രമായിരുന്നു…

ഏകദിന ക്രിക്കറ്റില്‍ പത്തില്‍ താഴെ മാത്രം ആവറേജും കരിയറില്‍ 282 റണ്‍സ് മാത്രവും നേടിയ ഹോള്‍ഡിങ്ങ്… അയാളുമായി ചേര്‍ന്ന് റിച്ചാര്‍ഡ്‌സ് അവസാന വിക്കറ്റ് പാര്‍ട്ടണര്‍ഷിപ്പ് ആരംഭിക്കുമ്പോള്‍ എക്കാലത്തെയും വലിയ പേസ് നിരയെ വച്ചും വിന്‍ഡീസിന് പ്രതീക്ഷകളെ ഇല്ലായിരുന്നു… പക്ഷേ റിച്ചാര്‍ഡ്‌സ്… അയാള്‍ തോല്‍വികളെ അംഗീകരിക്കാത്തവനായിരുന്നു…സെഞ്ചെറി നേടുന്നത് വരെ റിച്ചാര്‍ഡ്‌സ് ആക്രമസക്തനായില്ല… അത് കൊണ്ട് തന്നെ ഹോള്‍ഡിങ്ങിന് കുറച്ചേറെ ബോളുകള്‍ നേരിടേണ്ടി വന്നു…എന്നാല്‍ സെഞ്ചെറി നേടിയ ശേഷം റിച്ചാര്‍ഡ്‌സ് ഹോള്‍ഡിങ്ങിനെ ഒരു വശത്ത് നിര്‍ത്തി തച്ചു തകര്‍ക്കുകയായിരുന്നു… 106 റണ്‍സിന്റെ ഭേദിക്കാനാകാത്ത അവസാന വിക്കറ്റ് പാര്‍ട്ടണര്‍ഷിപ്പില്‍ 12 റണ്‍സ് മാത്രമായിരുന്നു ഹോള്‍ഡിങ്ങിന്റെ സംഭാവന…

ഒടുവില്‍ ഇന്നിങ്‌സിലെ അവസാന പന്തും ബൗണ്ടറിയിലെത്തിച്ച് തിരിഞ്ഞ് നടന്ന റിച്ചാര്‍ഡ്‌സിനായി സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്ന ഇംഗളീഷ് കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് പവനിലയിലേക്ക് യാത്രയാക്കി… 272 റണ്‍സ് അന്ന് അണ്‍ചേസബിളായിരുന്നു…168 റണ്‍സെ ഇംഗ്ലീഷ് ഇന്നിങ്‌സ് നീണ്ടുളളു… ബൗളിങ്ങിലും 35 റണ്‍സിന് 2 വിക്കറ്റ് നേടി റിച്ചാര്‍ഡ് ആ ഏകദിനം സ്വന്തം പേരിലെഴുതി ചേര്‍ത്തു…

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്