തകര്‍ത്തെറിഞ്ഞ കപിലിന് അന്ന് നല്‍കിയത് രണ്ട് ഉണക്ക ചപ്പാത്തി, അയാള്‍ പട്ട് മെത്തയിലൂടെയല്ല സിംഹാസനം കീഴടക്കിയത്

Image 3
CricketTeam India

ജിതിന്‍ രാജ്‌മോഹന്‍

1970 കളിലേ ഒരു ബോംബെ ക്രിക്കറ്റ് ബോര്‍ഡ് ന്റെ കീഴിലുള്ള ഒരു അണ്ടര്‍ 19 കോച്ചിങ് ക്യാമ്പ്, ചുട്ടു പൊള്ളുന്ന വെയിലില്‍ നട്ടുച്ച വരെ കുടിക്കാന്‍ വെള്ളം പോലുമില്ലാത്ത ട്രെയിനിങ്ങ്.

ഉച്ചക്ക് തളര്‍ന്നു വിഷമിച്ച കുട്ടികള്‍ക്ക് മുന്നില്‍ ബോര്‍ഡ് ന്റെ ഭിക്ഷ പോലെ 2 ഉണക്ക ചപ്പാത്തിയും കറിയും.
പ്‌ളേറ്റ് ലേക്ക് ഒരു നിമിഷം നോക്കിയ ശേഷം 16 വയസ്സുകാരനായ ഹരിയാനക്കാരന്‍ പയ്യന്‍ ക്ഷുഭിതനായി, പൊട്ടിത്തെറിച്ചു..
‘ഞാനൊരു ഫാസ്റ്റ് ബോളറാണ്..
എനിക്ക് 2 ചപ്പാത്തി മതിയാവില്ല.. ‘

ബോര്‍ഡ് അംഗങ്ങളില്‍ ഒരാളും കോച്ചുമായ ‘കേക്കി തരാപൂര്‍’ തികഞ്ഞ പുച്ഛത്തോടെ ആ പയ്യനോട് പറഞ്ഞു..
‘എടാ കൊച്ചനേ, ഇത് ഇന്ത്യ ആണ്..
ഇവിടെ ഫാസ്റ്റ് ബോളര്‍മാരില്ല..’
ക്രൂരമായ ആ തമാശ, ക്യാമ്പില്‍ ചിരി പടര്‍ത്തി..
പക്ഷെ, അതിന്റെ പേരില്‍ ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ വീണ്ടും ഗ്രൗണ്ട് ലേക്ക് ഇറങ്ങിയ ആ പയ്യന്റെ പേര് പിന്നീട് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു എഴുതേണ്ടി വന്നത് ക്രിക്കറ്റ് ന്റെ റിക്കാര്‍ഡ് പുസ്തകങ്ങളിലേക്ക് ആയിരുന്നു.
കപില്‍ ദേവ് രാംലാല്‍ നിഖഞ്ച് !


70 ളില്‍ ഇന്ത്യന്‍ ബോളിങ് എന്നാല്‍ സ്പിന്‍ ബോളര്‍മാര്‍ മാത്രമായിരുന്നു. പലപ്പോഴും ന്യൂ ബോള് ന്റെ തിളക്കം തല്ലിക്കെടുത്താന്‍ മാത്രമായിരുന്നു മീഡിയം പെസര്‍മാരെ പോലും ഉപയോഗിച്ചിരുന്നത്..

1975 ല്‍ തന്റെ പതിനാറാം വയസ്സിലാണ് കപില്‍ ഹരിയനക്ക് വേണ്ടി രഞ്ജി ട്രോഫി മത്സരം കളിക്കുന്നത്. ആദ്യത്തെ മത്സരത്തില്‍ തന്നെ പഞ്ചാബ് നെ വെറും 73 റണ്‍സ് ന് ചുരുട്ടിക്കെട്ടിയത് കപില്‍ ന്റെ ആറു വിക്കറ്റ് പ്രകടനത്തിന്റെ പിന്ബലത്തിലായിരുന്നു. ആദ്യത്തെ രഞ്ജി സീസണില്‍ തന്നെ 30 മത്സരങ്ങളില്‍ നിന്ന് 120 വിക്കറ്റ് നേടി കപില്‍ സെലക്ട്രമാരുടെ ശ്രദ്ധയില്‍ പെട്ടു..
78 ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കപില്‍ ന്റെ debut പക്കസ്ഥനെതിരെ ആയിരുന്നു. തന്റെ പെയ്സും ബൗന്‍സും കൊണ്ട് പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാരെ കപില്‍ വട്ടം കറക്കി, നിരവധി തവണ ആ ടൂര്‍ണമെന്റ് ല്‍ പാക് ബാറ്‌സ്മാന്‍ മാര്‍ കപില്‍ ന്റെ ഏറു കൊണ്ട് പരിക്ക് പറ്റി വീണു. ആദ്യ സീരീസില്‍ തന്നെ തന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ലൂടെ 33 ബോളില്‍ ഒരു അര്‍ധസെഞ്ചുറി യും കപില്‍ നേടിയിരുന്നു.

25 ടെസ്റ്റ് പിന്നിട്ടപ്പോള്‍ കപില്‍ 1000 റന്‍സും, 100 വിക്കറ്റുകളും എന്ന നേട്ടം കൈവരിച്ചിരുന്നു. അതോടെ കപില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി വാഗ്ദാനം ആയേക്കുമെന്നു ഇന്ത്യന്‍ ആരാധകര്‍ ഉറപ്പിച്ചു.

83 ലെ ലോകകപ്പ് :
ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ട് ലേക്ക് അയക്കാനുള്ള ഫണ്ട് ഇല്ലാതെ ഉഴറിയ ബിസിസിഐ ലത മംഗേഷ്‌ക്കറുടെ ഒരു ഗാനമേള നടത്തിയാണ് 83 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്റെ യാത്രാച്ചിലവ് ലേക്കുള്ള പണം കണ്ടെത്തിയത് എന്നൊരു കഥയുണ്ട്. അത് അങ്ങനെ അല്ല, വിജയിച്ച ശേഷം ഗാനമേള നടത്തി ആ പണം ടീം അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കുക ആയിരുന്നു എന്നും വാദമുണ്ട്. കഥ എന്തായാലും ലോകകപ്പ് ന് പുറപ്പെട്ട ഇന്ത്യന്‍ ടീമിന് ഒരു ക്രിക്കറ്റ് കോച്ച് ഉണ്ടായിരുന്നില്ല,
ഒരു ഫിസിയോ ഉണ്ടായിരുന്നില്ല,
എന്തിന്, ഒരു ഡോക്റ്റര്‍ പോലും ഉണ്ടായിരുന്നില്ല.
കോച്ചിന്റെ അഭവത്തില്‍ ടീം നെ കളത്തിന് പുറത്തും അകത്തും നയിക്കേണ്ട ചുമതല കപില്‍ ദേവിനും മോഹിന്ദര്‍ അമര്‌നാഥിനും ആയിരുന്നു. പിന്നെ of course, സുനില്‍ ഗാവസ്‌കര്‍ too.

ലോകപ്പിലെ ആദ്യത്തെ മത്സരം, ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് നെ നേരിട്ടു. ക്രിക്കറ്റ് ലോകത്തിന് ഇന്ത്യയുടെ ഷോക്ക് ട്രീറ്റ്മെന്റ്.
ഇന്‍ഡ്യ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് നെ തോല്പിച്ചിരിക്കുന്നു. അതും ഒന്നും രണ്ടും ലോകകപ്പുകളിലെ രാജാക്കന്മാരെ തന്നെ..

എന്നാല്‍ അടുത്ത രണ്ടു മത്സരങ്ങളും തോറ്റതോടെ ഇന്ത്യ യുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേറ്റു. അതോടെ സിംബാബ്വെ ക്കെതിരെ ജയിച്ചേ തീരൂ എന്ന അവസ്ഥയായി. നിര്‍ണ്ണായക മത്സരത്തില്‍ സിംബാബ്വെ യെ നേരിട്ട ഇന്‍ഡ്യ യുടെ മുന്‍നിര കൂപ്പ് കുത്തി.

17/5 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കപില്‍ ന്റെ ഐതിഹാസികമായ ആ ഇന്നിംഗ്‌സ് പിറക്കുന്നത്. 138 പന്തില്‍ കപില്‍ 6 സിക്സും 16 ഫോറുമടക്കം 175 റണ്‍സ് അടിച്ചെടുക്കുമ്പോ അത് അന്നത്തെ ലോക റിക്കാര്‍ഡ് സ്‌കോര്‍ ആയിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ ഒന്‍പതാം വിക്കറ്റില്‍ സയീദ് കിര്‍മണി യെ കൂട്ടു പിടിച്ചു കൊണ്ടു 126 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു എന്നറിയുമ്പോഴാണ് ഈ ഇന്നിംഗ്‌സ് ന്റെ മഹത്വം വെളിവാവുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഈ ഇന്നിംഗ്‌സ് റെക്കോര്‍ഡ് ചെയ്യപ്പെട്ടില്ല. ബിബിസി ക്യാമറാമാന്മാര്‍ സമരത്തില്‍ ആയതായിരുന്നു കാരണം. ഇന്ത്യന്‍ ക്രിക്കറ്റ് ന്റെ യും കപില്‍ ദേവ് ആരാധകരുടെയും തീരാനഷ്ടം.

ഫോമിലേക്ക് മടങ്ങിയെത്തിയ ഇന്‍ഡ്യ തുടര്‍ന്ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു. സെമിയില്‍ ഇന്‍ഡ്യ ഇംഗ്ലണ്ട് നെ പരാജയപ്പെടുത്തിയപ്പോള്‍ പാകിസ്ഥാനെ മറികടന്നു കൊണ്ട് വെസ്റ്റ് ഇന്‍ഡീസും ഫൈനലില്‍ എത്തി.
എന്നാല്‍ കാര്യങ്ങള്‍ ഇത്തവണ ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. ഗാര്‍ണര്‍, റോബര്‍ട്ട്‌സ്, മാര്‍ഷല്‍, ഹോള്‍ഡിങ് എന്നിവര്‍ നയിച്ച വെസ്റ്റ് ഇന്‍ഡീസ് പേസ് അറ്റാക്ക് ന് മുന്നില്‍ ഇന്ത്യക്ക് അധികം ഒന്നും നേടാന്‍ കഴിഞ്ഞില്ല. 183 റണ്‍സ് ന് ഇന്‍ഡ്യ പുറത്ത്. വെസ്റ്റ് ഇന്‍ഡീസ് അപ്പോഴേക്കും ആഘോഷം തുടങ്ങിയിട്ടുണ്ടാവണം..
മദന്‍ലാല്‍ നെ തുര്‍ച്ചയായി ബൗണ്ടറി കടത്തിയ വിവിയന്‍ റിച്ചാര്‍ഡ്സ് അക്ഷരാര്‍ത്ഥത്തില്‍ അര്‍മ്മദിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ന്റെ ഹാട്രിക്ക് കിരീട നേട്ടത്തിന്റെ കരഘോഷം ഗാലറിയില്‍ തുടങ്ങിയിരുന്നു.
എന്നാല്‍ കപില്‍, മദന്‍ലാല്‍ ന് വീണ്ടും ഒരു ഓവര്‍ കൂടി നല്‍കുന്നു, ആവേശ തിമിര്‍പ്പില്‍ വീണ്ടും മദന്‍ലാലിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ച വിവിയന്‍ റിച്ചാര്‍ഡ്സ് ന് ഇത്തവണ ഷോട്ട് പിഴച്ചു, ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങിയ പന്തിനെ ലക്ഷ്യമാക്കി ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ നിന്ന് കപില്‍ ദേവ് പിന്നിലേക്ക് ഓടി, ഏകദേശം 22 യര്‍ഡുകള്‍ പിന്നോട്ട് ഓടി മിഡ് വിക്കറ്റ് ബൗണ്ടറിക്ക് അരികെ വച്ചു വിവിയന്‍ റിച്ചാര്‍ഡ്‌സ് ന്റെ ക്യാച് കപില്‍ സ്വന്തമാക്കി. വിവിയന്‍ റിച്ചാര്‍ഡ്സ് വീണു.
ആ വീഴ്ച്ചയില്‍ നിന്ന് പിന്നെ വെസ്റ്റ് ഇന്‍ഡീസ് കര കയറിയില്ല.
ക്ലൈവ് ലോയ്ഡ് അടക്കമുള്ള പ്രമുഖര്‍ പിന്നാലെ വീണപ്പോള്‍ ഇന്‍ഡ്യ വെസ്റ്റ് ഇന്‍ഡീസ് നെ തകര്‍ത്ത് കൊണ്ട് പ്രൂഡന്‍ഷ്യല്‍ ലോകകപ്പ് സ്വന്തമാക്കി. ലോഡ്സ് ന്റെ ബാല്‍ക്കണിയില്‍ കപില്‍ ദേവ് ഇന്ത്യക്ക് വേണ്ടി കിരീടം ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയില്‍ ആരാധകര്‍ 22 ഭാഷകളില്‍ പറഞ്ഞു ‘കപില്‍ ന്റെ ചെകുത്താന്മാര്‍ ലോകത്തിന്റെ പറുദീസയില്‍’

66 : 1 എന്ന ബെറ്റിങ് സാധ്യത മാത്രം കല്പിച്ചിരുന്ന, ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഒരു നേരിയ സാധ്യത പോലും കല്പിക്കാതിരുന്ന ഒരു ടീം ലോകകപ്പ് സ്വന്തമാക്കി നാട്ടില്‍ മടങ്ങിയെത്തിയത് രാജകീയമായിട്ടാരുന്നു. പ്രസിഡന്റ് സെയില്‍ സിംഗും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യും ഇന്ത്യന്‍ ടീം നെ വരവേറ്റു. ഇന്ത്യ വിജയിച്ചു നിമിഷങ്ങള്‍ക്കകം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പബ്ലിക്ക് ഹോളിഡേ പ്രഖ്യാപിച്ചതും അന്ന് ഈ നേട്ടം ഇന്‍ഡ്യ എത്രത്തോളം വിലമതിച്ചിരുന്നു എന്നു വ്യക്തമാക്കുന്നതാണ്.

കപില്‍ ദേവും ചേതന്‍ ശര്‍മ്മയും

താരതമ്യേന ദുര്‍ബലമായ ഒരു ടീം നെ സകല മേഖലയിലും മുന്നില്‍ നിന്ന് നയിക്കുക, ടീം ലെ സ്റ്റാര്‍ ബോളര്‍ ആയിരിക്കുമ്പഴും നിര്‍ണായക മത്സരങ്ങളില്‍ ടീം നെ ബാറ്റ് കൊണ്ട് നയിക്കുക. ചാമ്പ്യന്‍ എന്നു അക്ഷരം തെറ്റാതെ വിളിക്കാം..
ഫീല്‍ഡില്‍ ഫിറ്റ്‌നസ് ന്റെ ആള്‍രൂപമായിരുന്നു കപില്‍. അസാധ്യമായ പേസ് ജനറേറ്റ് ചെയ്തിരുന്ന കപില്‍ന്റെ വിളിപ്പേര്

‘Hariyana Hurricane’ എന്നയിരുന്നു. അസാമാന്യമായ കായികക്ഷമത ഉണ്ടായിരുന്ന കപില്‍ ന് ഒരിക്കല്‍ പോലും ഇഞ്ചുറി യോ ഫിറ്റ്‌നസ് പ്രോബ്ലമോ കൊണ്ട് ഒരൊറ്റ ടെസ്റ്റ് മത്സരം പോലും മിസ് ആയിട്ടില്ല. ഒരൊറ്റ ടെസ്റ്റില്‍ പോലും കപില്‍ Runout ആയിട്ടില്ല എന്നൊരു റെക്കോഡും അദ്ദേഹത്തിന്റെ പേരില്‍ ഉണ്ട്.
ഏറ്റവും വേഗത്തില്‍ 1000 റന്‍സും 100 വിക്കറ്റും തികച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാര്‍ഡ് ഏറെക്കാലം കപില്‍ ന് സ്വന്തമായിരുന്നു.
4000 റന്‍സും 400 ടെസ്റ്റ് വിക്കറ്റുകളും എന്ന കപില്‍ ന്റെ റിക്കാര്‍ഡ് ഇനിയും തകര്‍ക്കപ്പെട്ടിട്ടില്ല. 2000 ല്‍ കോര്ട്‌നി വാല്‍ഷ് മറികടക്കുന്നത് വരെ ടെസ്റ്റ് ലെ കപില്‍ ന്റെ 434 വിക്കറ്റുകള്‍ എന്ന നേട്ടം ഒരുപാട് കാലം ഒരു ലോകറെക്കോര്‍ഡ് ആയി തന്നെ തുടര്‍ന്നിരുന്നു..

കപില്‍ ദേവ് ന്റെ കാലഘട്ടത്തില്‍ ഏകദിന ക്രിക്കറ്റ് അതിന്റെ ശൈശവ ദിശയിലായിരുന്നു. ഒരര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഏകദിന ക്രിക്കറ്റ് ന്റെ ജനപ്രീതി ഈ ലെവല്‍ ലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് കപില്‍ വഹിച്ചിട്ടുള്ളതും. കപില്‍ ക്രീസില്‍ എത്തിയാല്‍ ജയമോ തോല്‍വി യോ എന്നതിലപ്പുറം ബോളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുന്ന ഒരു വിരുന്നാണ് എന്നത് തന്നെയായിരുന്നു കപില്‍ നെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആക്കി മാറ്റിയ ഘടകം. ക്രിക്കറ്റ് ന്റെ സമഗ്ര മേഖലകളിലും ആധിപത്യം പുലര്‍ത്തുകയും ലോകകപ്പ് അടക്കം നേടുകയും ചെയ്ത കപില്‍ ദേവ് നെ പോലൊരു ക്രിക്കറ്റ് താരം അതിന് മുന്‍പോ അതിന് ശേഷമോ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇല്ല.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്