വില്യംസണ്‍ എല്ലാ മത്സരവും കളിയ്ക്കില്ല, വെളിപ്പെടുത്തലുമായി കിവീസ് പരിശീലകന്‍

Image 3
CricketTeam India

ന്യൂസിലന്‍ഡിനായി ടി20 ലോകകപ്പില്‍ കെയിന്‍ വില്യംസണ്‍ എല്ലാ മത്സരവും കളിയ്ക്കില്ലെന്ന് സൂചന നല്‍കി മുഖ്യ പരിശീലകന്‍ ഗാരി സ്റ്റെഡ്. കൈമുട്ടിനേറ്റ പരിക്ക് അലട്ടുന്നതിനാലാണ് വില്യംസണ്‍ ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

നേരത്തെ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരങ്ങളില്‍ ഒന്നിലും വില്യംസണ്‍ കളിച്ചിരുന്നില്ല. ശരിയായ വിശ്രമം ആവശ്യമായതിനാലാണ് സന്നാഹ മത്സരത്തില്‍ കളിക്കാതിരുന്നതെന്നും താരം ചില മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുവാനുള്ള സാധ്യത കൂടുതലാണെന്നും ന്യൂസിലാണ്ട് നായകനെക്കുറിച്ച് കോച്ച് പറഞ്ഞു.

നേരത്തെ ഐപിഎല്ലിലെ അവസാന മത്സരത്തിലും കെയ്ന്‍ വില്യംസണ്‍ കളിച്ചിരുന്നില്ല. ഐപിഎല്ലില്‍ കെയ്ന്‍ വില്യംസന്‍ നയിച്ച സണ്‍റൈസസ് ഹൈദരാബാദ് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായാണ് സണ്‍റൈസസ് ഫിനിഷ് ചെയ്തത്.

ഈ മാസം 26ന് പാകിസ്ഥാനെതിരെയാണ് ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരം. ലോകകപ്പ് സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ വന്‍ മുന്നൊരുക്കത്തോടെയാണ് ന്യൂസിലന്‍ഡ് ലോകകപ്പിന് എത്തുന്നത്.