വില്യംസണും ഷഹീന്‍ അഫ്രീദിയും പിന്മാറി, സൂപ്പര്‍ ടൂര്‍ണമെന്റിന് മുഖത്തടി

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന പരീക്ഷണ ടൂര്‍ണമെന്റായ ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗില്‍ നിന്ന് താരങ്ങളുടെ പിന്മാറ്റം തുടരുന്നു. ഏറ്റവും ഒടുവില്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണും പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയുമാണ് പിന്മാറിയത്.
ബിര്‍മിംഗ്ഹാം ഫീനിക്‌സിലാണ് ഇരു താരങ്ങളും ഉള്‍പ്പെട്ടിരുന്നത്. വില്ല്യംസണു പകരം കിവീസ് താരം തന്നെയായ ഫിന്‍ അലനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വല്‍, ആന്ദ്രേ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഝൈ റിച്ചാര്‍ഡ്‌സണ്‍, ആരോണ്‍ ഫിഞ്ച്, ആദം സാംപ തുടങ്ങിയവരൊക്കെ ദി ഹണ്ട്രഡ് ലീഗില്‍ നിന്ന് പിന്മാറിയിരുന്നു.
100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ന്റെ ഒരു ഇന്നിംഗ്‌സില്‍ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂര്‍ണമെന്റുകള്‍ പ്രത്യേകമായി നടക്കും.
ഈ വര്‍ഷം ജൂലായിലാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങള്‍ അവസാനിക്കും. എട്ട് വേദികളിലായി കഴിഞ്ഞ വര്‍ഷം മത്സരങ്ങള്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് മാറ്റിവെക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ആര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടില്ല.