ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഞങ്ങളെ മുറിവേല്‍പ്പിച്ചു, താങ്കളെ വെറുക്കാന്‍ ശ്രമിച്ചിട്ടും ഞങ്ങള്‍ക്കതിന് കഴിയുന്നില്ലല്ലോ

Image 3
Cricket

ധനേഷ് ദാമോധരന്‍

വിരാട് കോലിയും രോഹിത് ശര്‍മ്മയും സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ക്രിസ് ഗെയിലും എബി ഡിവില്ലിയേഴ്‌സും ഒക്കെ അരങ്ങു വാഴുന്ന ലോക ക്രിക്കറ്റില്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനായി ആവേശം ഉള്ളില്‍ മാത്രം ഒളിപ്പിച്ച് ,എത് വിജയ മുഹൂര്‍ത്തത്തിലും ,സമ്മര്‍ദ്ദത്തിലും ,തോല്‍വിയുടെ വേദനകളിലും ,ഒരു പോലെ ശാന്തനായി മാത്രം നില്‍ക്കുന്ന ഒരാള്‍ക്ക് ക്രിക്കറ്റെന്ന ഗെയിമില്‍ വിജയിക്കാന്‍ പറ്റുമോ ?

ഒറ്റവാക്കില്‍ ഭൂരിഭാഗം പേരും പറയുന്ന ഉത്തരം ‘ പറ്റില്ല ‘ എന്നായിരിക്കും .പക്ഷെ അവര്‍ ആ സമയത്ത് കെയ്ന്‍ സ്റ്റുവര്‍ട്ട് വില്യംസണ്‍ എന്ന പേര് ഓര്‍ത്തിട്ടുണ്ടാകാന്‍ സാധ്യതയില്ല .????

ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആര് എന്ന് ചോദിച്ചാല്‍ ഉത്തരം പലതാകും .എന്നാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും നല്ല മനുഷ്യന്‍ എന്ന ചോദ്യത്തിന് ഭൂരിഭാഗവും പറയുന്നത് ഒരേ ഒരു ഉത്തരം മാത്രമായിരിക്കും .

‘It was a shame that the ball hit stoke’s bat .But I, just hope it doens’t happen in moments like that .I don’t wish to nitpick, just hope it never happens in such moments ever again ‘

2019 ലോകകപ്പ് ഫൈനലിലെ ആ നിരാശക്ക് അയാള്‍ക്ക് പരാതിപ്പെടാമായിരുന്നു .വിമര്‍ശിക്കാമായിരുന്നു .ന്യായീകരിക്കാമായിരുന്നു .അതിന് ആവോളം അവസരവും അയള്‍ക്ക് ലഭിച്ചിരുന്നു .എന്നാല്‍ അയാള്‍ എപ്പോഴും അങ്ങനെ ആണ് .അയാളുടെ സ്വഭാവത്തില്‍ മറയില്ല .അല്ലെങ്കില്‍ സമ്മര്‍ദ്ദം നിറഞ്ഞ ആ അന്ത്യനിമിഷത്തില്‍ തന്റെ ടീം ജയിച്ചിട്ടും തോറ്റപ്പോള്‍ അയാള്‍ ഒരു ഭാവഭേദവുമില്ലാതെ ,പരാതിയില്ലാതെ ,എല്ലാ ദു:ഖവും മനസിലൊളിപ്പിച്ച് എതിര്‍ ടീമിനെ അഭിനന്ദിക്കാന്‍ പോകുകയില്ലല്ലോ ?

ആ മനുഷ്യന്റെ ശാന്തതയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക ?

ഒടുവില്‍ യുദ്ധത്തില്‍ തോറ്റിട്ടും തോല്‍ക്കാഞ്ഞ ആ മനുഷ്യന്‍ കുട്ടിക്കാലത്ത് തന്റെ ആരാധനാ പാത്രമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൈയ്യില്‍ നിന്നും ടൂര്‍ണമെന്റിലെ മികച്ചവനുള്ള ബഹുമതി സ്വീകരിക്കുമ്പോള്‍ ഒരു പക്ഷെ ഭൂരിഭാഗവും ഓര്‍ത്തത് 2003 ല്‍ നിര്‍വികാരനായി ഗാരി സോബേഴ്‌സില്‍ നിന്നും അതേ ബഹുമതി ഏറ്റു വാങ്ങിയ സച്ചിനെ തന്നെ ആയിരിക്കും.??????

പക്ഷെ കെയിന്റ വേദന താങ്ങാവുന്നതിനപ്പുറമായിരുന്നു .തൊട്ടു മുന്‍പ് നാട്ടില്‍ നടന്ന 2015 ലോകകപ്പില്‍ കളിക്കാരനായി ഫൈനലില്‍ കളിച്ച് നഷ്ടപ്പെട്ട കിരീടം ഇത്തവണ നായകനായി കൈവിട്ടു പോയി .അതും സ്‌കോര്‍ കാര്‍ഡില്‍ നോക്കിയാല്‍ തോല്‍ക്കത്ത ഒരു മത്സരത്തില്‍ . വിശ്വ വേദിയിലെ ഏറ്റവും പ്രധാന മത്സരത്തില്‍ വിധി അയാളെ ചതിച്ചത് വളരെ ക്രൂരമായി ആയിരുന്നു .2 ലോകകപ്പുകള്‍ തുടര്‍ച്ചയായി കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മുറിവ് ന്യൂസിലണ്ട് എന്ന കൊച്ചു രാജ്യത്തിന് ഉണങ്ങാന്‍ വര്‍ഷമേറെ വേണ്ടി വരും എന്ന് കരുതിയെങ്കിലും

ഒടുവില്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന ശാന്തനായ ആ മനുഷ്യന്റെ കൈയിലൂടെ 2 തവണ നഷ്ട്ടപ്പെട്ട കിരീടം അവര്‍ക്ക് ലഭിച്ചിരിക്കുന്നു ?? അതും ഏത് ലോകകപ്പിനെക്കാളും വിലയുള്ള ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലൂടെ .

2019 സെമിഫൈനലില്‍ ടുര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യയെ തന്ത്രപരമായി വീഴ്ത്തിയ ആ മനുഷ്യന്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്തിട്ടും ഒരൊറ്റ മനുഷ്യന് പോലും കെയ്ന്‍ വില്യംസണ്‍ എന്ന മനുഷ്യനെ വെറുത്തിട്ടുണ്ടാവില്ല .കളിക്കളത്തില്‍ ഏറ്റവും അഗസ്സീവ് ആയ വിരാട് കോലി എന്ന ലോകത്തിലെ മാസ്റ്റര്‍ ബാറ്റ്‌സ്മാന്‍ വില്യംസണ്‍ എന്ന കളിക്കളത്തിലെ ശാന്തന് നല്‍കുന്ന ബഹുമാനവും സൗഹൃദവും മാത്രം മതി ചാമ്പ്യന്റെ വിശാലത അറിയാന്‍ .??????

ന്യൂസിലണ്ടിന്റെ ചരിത്രത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ ലോകം കീഴടക്കിയ ഇതിഹാസ താരങ്ങള്‍ ഉയര്‍ന്നു വരുന്നത് കണ്ടിട്ടുണ്ട്.ഗ്‌ളെന്‍ ട ര്‍ണര്‍ ,റിച്ചാര്‍ഡ് ഹാഡ്‌ലി ,മാര്‍ട്ടിന്‍ ക്രോ ,ബ്രണ്ടന്‍ മക്കുലം ,റോസ് ടെയ്‌ലര്‍ അങ്ങനെ പലരും .ഇവരെയൊക്കൊ പിന്നാലാക്കുന്നു വില്യംസണ്‍ .അതും 30 വയസിനുള്ളില്‍ ലോക ക്രിക്കറ്റിലെ മുഴുവന്‍ ആരാധകരുടെയും ഹുദയം കീഴടക്കിക്കൊണ്ട് .

കെയ്‌നിന്റെ ചെറുപ്പകാലത്തേ കിവി ഇതിഹാസം മാര്‍ട്ടിന്‍ ക്രോ ഒരു പ്രവചനം നടത്തിയിരുന്നു .കരിയര്‍ അവസാനിക്കുമ്പോള്‍ ന്യൂസിലണ്ടിന്റെ ഏറ്റവും മികച്ച താരമാകുമെന്ന് .എന്നാല്‍ കണക്കുകളും കളി മികവു കൊണ്ടും 30 വയസിനുള്ളില്‍ അയാള്‍ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തി ,അതും യാതൊരു അവകാശവാദങ്ങളും ഇല്ലാതെ തന്റെ ജോലി ഏറ്റവും ഭംഗിയായി ചെയ്ത് കൊണ്ട് .????

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനങ്ങള്‍ കണ്ട് വളര്‍ന്ന പയ്യന്‍ ചെറുപ്പത്തിലേ സച്ചിന്‍ എന്ന ബാറ്റ്മാനെ പോലെ അദ്ദേഹത്തിന്റെ മാന്യതയും എടുപ്പിലും നടപ്പിലും പ്രാവര്‍ത്തികമാക്കി. കുട്ടിക്കാലത്ത് സ്‌കൂള്‍ പഠന കാലത്ത് കളിച്ച കളികളിലെല്ലാം മികവ് തെളിയിച്ച ഒരു സമ്പൂര്‍ണ്ണ കായിക താരമായിരുന്നു കെയ്ന്‍ . സഹോദരന്‍ ലോഗനൊപ്പം റഗ്ബി ,ഹോക്കി ,ബാസ്‌ക്കറ്റ് ബോള്‍ ,ഫുട്‌ബോള്‍ ,വോളിബോള്‍ എന്ന് വേണ്ട സകതിലും മികവു കാട്ടിയ കെയ്ന്‍ അപൂര്‍വ പ്രതിഭ തന്നെയായിരുന്നു .സ്‌കൂള്‍ ക്രിക്കറ്റില്‍ നിന്നും മുഖ്യധാരയിലേക്ക് വരും മുന്‍പ് തന്നെ 40 സെഞ്ചുറികള്‍ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു ആ പയ്യന്‍ .അതിനകം തന്നെ ‘ Next Big Thing ‘ എന്ന് വാഴ്ത്തപ്പെട്ടിരുന്നു അദ്ദേഹം .

17 ആം വയസില്‍ 2008 ല്‍ മലേഷ്യയിലെ U-19 ലോകകപ്പില്‍ കിവി നായകനായി കാഴ്ച വെച്ച പ്രകടനങ്ങള്‍ വില്യംസണിന് ഒരു ബ്രേക്ക് ആയി .അന്ന് സെമിയില്‍ കോലിയുടെ ഇന്ത്യന്‍ പടയോട് പരാജയപ്പെട്ടുവെങ്കിലും വില്യംസണ്‍ തൊട്ടടുത്ത വര്‍ഷം തന്നെ ബ്ലാക്ക് ക്യാപ് ജേഴ്‌സി അണിഞ്ഞു .????

2010 ല്‍ അഹമ്മദാബാദില്‍ തന്റെ 20 ആം വയസില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ കെയ്ന്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രതിരോധിച്ച് 299 പന്തില്‍ 131 റണ്‍ നേടിയ ഇന്നിങ്‌സ് എന്തു കൊണ്ടും ഒരു അരങ്ങേറ്റ താരത്തിന് അഭിമാനിക്കാവുന്ന ഇന്നിങ്‌സ് ആയിരുന്നു .

2012 ല്‍ വെല്ലിംഗ്ടണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ 389 റണ്‍സ് ചേസ് ചെയ്ത് ന്യൂസിലണ്ട് 3 വിക്കറ്റിന് 32 ലെത്തി പരജയം തുറിച്ചു നോക്കിയ ടീമിനെ സ്റ്റയ്ന്‍ ,മോര്‍ക്കല്‍ മാര്‍ക്കെതിരെ ഉറച്ച് നിന്ന് താങ്ങി നിര്‍ത്തിയ വില്യംസണ്‍ ആകെ ന്യസിലണ്ട് 200 റണ്‍സ് നേടിയപ്പോള്‍ അതില്‍ പുറത്താ102 റണ്‍ നേടി രക്ഷകനായി സമനില നേടിക്കൊടുത്ത പ്രകടനം ന്യൂസിലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി വാഴ്ത്തപ്പെട്ടു .

ടീമംഗങ്ങള്‍ക്കിടയില്‍ ‘complete Man ‘ എന്നറിയപ്പെടുന്ന കെയ്ന്‍ എന്ന മഹാമനസ്‌കന്റ വലിയ മനസ് ലോകം കണ്ടു .2014 ലെ പാകിസ്ഥാന്‍ ടൂറില്‍ 5 മാച്ച് എകദിന പരമ്പരയിലെ മുഴുവന്‍ മാച്ച് ഫീയും പെഷവാര്‍ സ്‌കൂള്‍. ആക്രമണത്തില്‍ ദുരിതമനുഭവിച്ച കുടുംബാംഗങ്ങള്‍ക്ക് നല്‍കിയപ്പോള്‍ ക്രിക്കറ്റ് ലോകം ആ ചെറുപ്പക്കാരനെ മനസു കൊണ്ട് ആരാധിച്ചു .ആ കാലയളവില്‍ മറ്റ് ടീമുകളെ പോലെ വലിയ സാമ്പത്തികം ഇല്ലാഞ്ഞിട്ടും 132 കുട്ടികള്‍ അടക്കം 141 പേര്‍ മരിച്ച ദാരുണ / സംഭവത്തിന് സംഭാവന നല്‍കാന്‍ വില്യംസണ്‍ മടിച്ചില്ല .ഫലത്തില്‍ അയാള്‍ ആ പരമ്പര കളിച്ചത് .

2015 ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മാച്ചില്‍ കെയിനിന്റെ മൂല്യം കണ്ട മറ്റൊരു ഇന്നിങ്‌സ് പിറന്നു .സംഗക്കാരയുടെ ഇരട്ട സെഞ്ചുറിയില്‍ 135 റണ്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ ലങ്കക്കെതിരെ രണ്ടാം വട്ടം 159 ന് 5 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലണ്ടിനെ 524 ല്‍ എത്തിച്ച വില്യംസണ്‍ നേടിയത് 10 മണിക്കൂര്‍ ക്രീസില്‍ പട നയിച്ചു .നേടിയത് 242 റണ്‍സ് .ആദ്യ ഇന്നിങ്‌സില്‍ 69 റണ്‍സടിച്ച കെയിനിന്റെ മികവില്‍ ന്യൂസിലണ്ട് 193 റണ്‍സിന് ജയിച്ചു .??????

2015 ലോകകപ്പില്‍ ആസ്‌ട്രേലിയക്കെതിരെ ലീഗ് റൗണ്ടില്‍ നടന്ന മാച്ചില്‍ വില്യംസണിന്റെ മനക്കരുത്ത് കണ്ടു .152 റണ്‍ ചേസ് ചെയ്ത ന്യൂസിലണ്ട് വിക്കറ്റുകള്‍ പരക്കെ നഷ്ടമായി 146 ന് 9 എന നിലയിലെത്തുമ്പോഴും വില്യംസണ്‍ മറുതലക്കല്‍ ഉണ്ടായിരുന്നു .ഒടുവില്‍ ട്രെന്റ് ബോള്‍ട്ടിനെ മറുതലക്കല്‍ സാക്ഷി നിര്‍ത്തി സിക്‌സര്‍ അടിച്ച് കളി ജയിപ്പിച്ച വില്യംസ്ണിന്റെ ഷോട്ട് ആ ലോകകപ്പിന്റെ തന്നെ ഷോട്ട് ആയിരുന്നു .45 പന്തില്‍ 42 റണ്‍ നേടിയ കെയ്ന്‍ രാജ്യത്തിന്റെ ഹീറോ ആയ നിമിഷങ്ങള്‍ ആയിരുന്നു അത് .

25 വയസിനുള്ളില്‍ മുഴുവന്‍ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിക്കൊണ്ട് ആ നേട്ടം കൈവരിച്ച പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നതിനു പുറമെ വെറും 91 ഇന്നിങ്‌സില്‍ നേട്ടം കൈവരിച്ച് ഏറ്റവും വേഗത്തില്‍ ആ നേട്ടം കൈവരിച്ച ആളുമായി.

ബ്രണ്ടന്‍ മക്കുലത്തിന്റെ ഡെപ്യൂട്ടി ആയി ഏറെക്കാലം നിന്ന കെയ്ന്‍ 2016 ല്‍ ബ്രണ്ടന്‍ വിരമിച്ചതോടെ നായക പദവിയിലുമെത്തി .മികച്ച ഫീല്‍ഡര്‍ കൂടി ആയ കെയ്ന്‍ പാര്‍ട് ടൈം ബാളര്‍ കൂടിയാണ് .ടെസ്റ്റില്‍ 29 ഉം ഏകദിനത്തില്‍ 37 ഉം വിക്കറ്റുകള്‍ വില്യംസണിന്റെ പേരിലുണ്ട് .85 ടെസ്റ്റുകളിലെ 53.95 ശരാശരിയില്‍ 24 സെഞ്ചുറികളടക്കം നേടിയ 7230 റണ്‍സും 151 ഏകദിനങ്ങളില്‍ 47.48 ശരാശരിയില്‍ 13 സെഞ്ചുറികളടക്കം നേടിയ 6173 റണ്‍സും നേടിയ കെയ്‌നിന്റെ മികച്ച സ്ഥിതി വിവരക്കണക്കുകള്‍ മാത്രമല്ല അയാളെ മഹാനാക്കുന്നത് . റണ്‍സുകള്‍ നേടിയ രീതിയും ,ടീമില്‍ ഉണ്ടാക്കിയ ഇംപാക്ടും കുടി കണക്കിലെടുക്കുമ്പോള്‍ വില്യംസണ്‍ ലോക ക്രിക്കറ്റിലെ മിന്നും താരമാകുന്നു .??????

3 ഫോര്‍മാറ്റുകളിലും തന്റെ കോപ്പി ബുക്ക് ശൈലി നിലനിര്‍ത്തി ഗിയര്‍ മാറ്റുന്ന വില്യംസണ്‍ T20 ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നത് അറിയുക പോലുമില്ല .തന്റെ സ്വഭാവം പോലെ തന്നെ ബൗളര്‍മാരെ ,വേദനിപ്പിക്കാകെ ,മര്‍ദ്ദിക്കാതെ തോന്നിപ്പിച്ച് കൊണ്ട്, എന്നാല്‍ അതിവേഗത്തില്‍ റണ്‍ നേടി പോകുന്ന അപൂര്‍വ കേളി ശൈലി വില്യംസണില്‍ കാണാം .ആദ്യ 2 ഏകദിനങ്ങളിലും പൂജ്യത്തിന് പുറത്തായ വില്യംസണ്‍ പക്ഷെ 2010 ല്‍ ബംഗ്ലാദേശില്‍ ഡാക്കയില്‍ സെഞ്ചുറി നേടിയപ്പോള്‍ അത് ഏറ്റവും പ്രായം കുറഞ്ഞ ഒരു കിവി ബാറ്റ്‌സ്മാന്റെ സെഞ്ചുറി ആയിരുന്നു .

IPL ക്രിക്കറ്റില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് ഒരു കൂട്ടം ആരാധകര്‍ സൃഷ്ടിക്കപ്പെടാനുള്ള കാരണവും മറ്റാരുമല്ല .നിലവില്‍ ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ കൂടിയായ വില്യംസണ്‍ 2018 ല്‍ നായകനായി ടീമിനെ ഫൈനലിലെത്തിച്ചതു കൂടാതെ ആ വര്‍ഷം 735 റണ്‍ നേടി ഏറ്റവും മികച ബാറ്റ്‌സ്മാനുള്ള ഓറഞ്ച് ക്യാപും സ്വന്തമാക്കിയിരുന്നു .2016 ല്‍ സണ്‍ റൈസേഴ്‌സ് IPL കിരീടം ഉയര്‍ത്തുമ്പോള്‍ നിര്‍ണായക സംഭാവനകള്‍ കെയിനിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു .

FAB 4 ലെ മറ്റുള്ളവര്‍ ,അല്ലെങ്കില്‍ ലോക ക്രിക്കറ്റിലെ മറ്റ് പലരും വില്യംസണിനേക്കാള്‍ മുന്നിലായിരിക്കാം ,വില്യംസണിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയക്കാം .എന്നാല്‍ റെക്കോര്‍ഡുകള്‍ക്കൊക്കെ അപ്പുറത്തുള്ള ‘സീറോ ഹെറ്റേഴ്സ് ‘ എന്ന അപൂര്‍വ ഭാഗ്യം മറികടക്കാന്‍ മറ്റൊരാള്‍ക്കും ആകില്ലെന്നുറപ്പ് . ??????

പ്രിയ വില്യംസണ്‍ ,
2019 ലോകകപ്പിലും ഇപ്പോള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഹൃദയം തകര്‍ന്ന ഞങ്ങള്‍ താങ്കളെ വെറുക്കാന്‍ ശ്രമിച്ചക്കുന്നു .പക്ഷെ നിങ്ങളുടെ കുട്ടിത്തം നിറഞ്ഞ മുഖവും ,ഹൃദയ വിശാലതയും കാണുമ്പോള്‍ താങ്കളെ വീണ്ടും വീണ്ടും ആരാധിക്കുവാനാണ് തോന്നുന്നത് .????

ക്രിക്കറ്റ് ഒരു ‘ Gentlemen Game’ ആണെങ്കില്‍ അതിന്റെ പര്യായമാണ് ‘ കെയിന്‍ വില്യംസണ്‍ ‘ .ഈ ഗെയിമിന്റെ അന്തസ്സ് എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് നിങ്ങളെ പോലുള്ള മാന്യന്‍മാര്‍ തന്നെയാണ് .??????

ഇനി വരുന്നത് എന്നും ലോക ക്രിക്കറ്റില്‍ രണ്ടാം തട്ടില്‍ കിടന്നിരുന്ന കിവികളുടെ കുതിപ്പായിരിക്കും .അതിന്റെ നങ്കൂരക്കാരനാകട്ടെ കെയിന്‍ വില്യംസണ്‍ എന്ന നായകന്‍മാരുടെ നായകനും

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍