സഞ്ജുവിനൊരു കുറവുണ്ട്, കളി ജയിപ്പിക്കാനാകാതിരുന്നത് അത് കൊണ്ടാണ്, തുറന്നടിച്ച് സൂപ്പര്‍ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന് കളി ജയിപ്പിക്കാന്‍ സാധിക്കാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടി മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍. സഞ്ജുവിന് വലിയ ടീമുകള്‍ക്കെതിരേ കളിച്ച് അനുഭവസമ്പത്ത് കുറവുള്ളതിനാലാണ് അവന് കളി ജയിപ്പിക്കാന്‍ സാധിക്കാതെ പോയതെന്നാണ് കമ്രാന്‍ വിലയിരുത്തുന്നത്.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം വിലയിരുത്തി തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കമ്രാന്‍ അക്മല്‍.

‘സഞ്ജു സാംസണ്‍ ആവിശ്യമുള്ള സമയം ആദ്യം തന്നെ എടുത്തിരുന്നു. എന്നാല്‍ തുടക്കം മുതല്‍ സഞ്ജു ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കഥ മാറുമായിരുന്നു. 86 റണ്‍സ് അവന്‍ നേടി. എന്നാല്‍ ആദ്യത്തെ 30-35 പന്തുകളില്‍ കാര്യമായ ആക്രമണത്തിന് സഞ്ജു മുതിര്‍ന്നില്ല. വലിയ ടീമുകള്‍ക്കെതിരേ കളിക്കുമ്പോഴുള്ള അനുഭവസമ്പത്ത് കുറവാണ് അതിന്റെ കാരണം’ കമ്രാന്‍ പറഞ്ഞു.

സഞ്ജു ആദ്യം നിലയുറപ്പിക്കാനായി പ്രതിരോധിച്ചാണ് കളിച്ചത്. ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ അത്തരമൊരു ഇന്നിങ്സ് കാഴ്ചവെക്കാനെ സഞ്ജുവിന് കഴിയുമായിരുന്നുള്ളൂ. സഞ്ജുവും ശ്രേയസും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സഞ്ജു തുടക്കം മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ച് പെട്ടെന്ന് വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ ചെറിയ സ്‌കോറില്‍ ഇന്ത്യ ഒതുങ്ങാന്‍ സാധ്യതകളേറെയാരുന്നു.

സഞ്ജുവിന്റെ പ്രകടനം വാഴ്ത്തുമ്പോഴും ശ്രേയസിന്റെ പ്രകടനം മറന്ന് പോകരുതെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. നിര്‍ണ്ണായക സമയത്ത് അനുഭവസമ്പന്നനായ താരം എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ശ്രേയസ് കാട്ടിത്തന്നുവെന്നാണ് കമ്രാന്‍ പ്രശംസിച്ചത്.

‘നിര്‍ണ്ണായക സമയങ്ങളില്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ എങ്ങനെ കളിക്കണമെന്നതാണ് ശ്രേയസ് അയ്യര്‍ കാട്ടിത്തന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാനും സാധിച്ചു. തന്റെ ജോലി ഭംഗിയായി അവന്‍ ചെയ്തു. ശ്രേയസ് പുറത്തായില്ലെങ്കില്‍ ഇന്ത്യ തീര്‍ച്ചയായും മത്സരം ജയിക്കുമായിരുന്നു’-കമ്രാന്‍ അക്മല്‍ കൂട്ടിച്ചേര്‍ത്തു.

 

You Might Also Like