തങ്ങളുടെ കാലത്തിന് ശേഷം ഇന്ത്യയ്ക്കത് സാധിച്ചിട്ടില്ല, വലിയ നാണക്കേടെന്ന് കൈഫ്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണല്ലോ ടീം. ജൂണ്‍ 18ന് സാതാംപ്ടണില്‍ ആണ് ലോകം കാത്തിരിക്കുന്ന തീപ്പെരി ഫൈനല്‍ നടക്കുന്നത്. എന്നാല്‍ മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

അത് മറ്റൊന്നുമല്ല. ഏറെ നാളായി പ്രഝാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിനെ തോല്‍പിക്കാന്‍ കഴിയാത്ത ദുരവസ്ഥയാണ് കൈഫ് ചൂണ്ടികാണിക്കുന്നത്. തങ്ങളുടെ കാലത്തിന് ശേഷം പ്രധാന മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കൈഫ് പറഞ്ഞു.

‘ഐ.സി.സി ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിച്ച അവസാന ടീം ഞങ്ങളുടെ പഴയനിരയുടേത് ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നിലവിലെ ഇന്ത്യന്‍ ടീമിന് ഈ തോല്‍വികള്‍ക്ക് അവസാനം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു’ കൈഫ് പറഞ്ഞു.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ന്യൂസീലന്‍ഡ് ഇന്ത്യക്ക് എന്നും തലവേദനയാണ്. 2019ലെ ഏകദിന ലോക കപ്പില്‍ ഗംഭീര പ്രകടനവുമായി കിരീടം ഉറപ്പിച്ച് മുന്നേറിയ ഇന്ത്യ സെമിയില്‍ നിര്‍ഭാഗ്യകരമായി ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്.

2003ലെ ലോകകപ്പിലാണ് അവസാനമായി ഐ.സി.സി ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചത്. അന്ന് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ കൈഫായിരുന്നു. അവസാനമായി ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ തോറ്റ് നാണംകെട്ടിരുന്നു.

You Might Also Like