ഹെദരാബാദില്‍ നിന്നും ഓഫറുണ്ട്, അക്കാര്യത്തിനായി ബ്ലാസ്റ്റേഴ്‌സില്‍ തുടരുന്നു, നിലപാട് വ്യക്തമാക്കി സൂപ്പര്‍ താരം

കേരള ബ്ലാസ്റ്റേഴ്‌സില്‍ താന്‍ സംതൃപ്തനല്ലെന്ന് തുറന്ന് പറഞ്ഞ് മലയാളി താരം പി പ്രശാന്ത്. എന്നാല്‍ അത് ക്ലബിനോടുളള അസംതൃപ്തിയല്ലെന്നും മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തതിലുളള സങ്കടമാണെന്നും പ്രശാന്ത് തുറന്ന് പറയുന്നു.
അതെസമയം ഹൈദരാബാദില്‍ നിന്നടക്കം ഓഫറുണ്ടെന്ന് പറയുന്ന പ്രശാന്ത് തല്‍ക്കാലം ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും പറയുന്നു. മലയാളി മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് താരം മനസ്സ് തുറന്നത്.
‘തല്‍ക്കാലം അതിനെപ്പറ്റി ആലോചിക്കുന്നില്ല. ഇനിയുള്ള 2 വര്‍ഷവും ക്ലബ്ബിനായി എന്റെ 100 ശതമാനവും നല്‍കാനാണ് ശ്രമിക്കുന്നത്. ഹൈദരാബാദ് എഫ്‌സിയില്‍ നിന്നൊക്കെ ഓഫര്‍ ഉണ്ടായിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്‌സിനായി തിളങ്ങണമെന്നാണ് ആഗ്രഹം. അതിനു കഴിയുമെന്ന് വിശ്വാസമുണ്ട്. ഞാന്‍ സന്തുഷ്ടനല്ല, അത് ക്ലബ്ബിലുള്ള അസംതൃപ്തിയല്ല, മറിച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതു മൂലമാണ്.’
ഈ സീസണിലെ പ്രകടനത്തെ എങ്ങനെ വിലയിരുത്തണം എന്ന ചോദ്യത്തിന് പ്രശാന്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
‘പ്ലേ ഓഫ് കളിക്കണം, ചാംപ്യന്‍ഷിപ് നേടണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് എല്ലാ സീസണിലും ഇറങ്ങുന്നത്. ഇത്തവണ വ്യക്തിപരമായും ചില ലക്ഷ്യങ്ങള്‍ വച്ചിരുന്നു. എത്ര ഗോള്‍ നേടും, എത്ര അസിസ്റ്റ്, എന്നൊക്കെ. പക്ഷേ ടീം പിന്നോട്ടു പോയതിനൊപ്പം വ്യക്തിഗത ലക്ഷ്യത്തിലും എത്താന്‍ കഴിഞ്ഞില്ല. ഇത്തവണ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും എല്ലാം മികച്ചവരായിരുന്നു. എന്നിട്ടും തോറ്റതില്‍ വിഷമമുണ്ട്. പല കളികളും ചെറിയ ചില തെറ്റുകള്‍, ശ്രദ്ധക്കുറവ് എന്നിവ മൂലമാണ് തോറ്റത്. എല്ലാവരും പ്രതിരോധത്തെ കുറ്റപ്പെടുത്തുന്നത് കണ്ടു. പക്ഷേ മുന്നേറ്റവും മധ്യനിരയും പ്രസ് ചെയ്തിരുന്നെങ്കില്‍ പന്ത് പിന്നിലേക്ക് എത്തില്ല. തോല്‍വിയില്‍ എല്ലാവരും ഒരു പോലെ ഉത്തരവാദികളാണ്. പല കളികളിലും എതിരാളികളുടെ ഗോളുകള്‍ അവരുടെ ഭാഗ്യം അല്ലെങ്കില്‍ നമ്മുടെ പിഴവ് മൂലം ഉണ്ടായതാണ്. അവര്‍ സൃഷ്ടിച്ചെടുത്ത ഗോളുകള്‍ കുറവാണ്.’
കോച്ചിനെ കുറിച്ചും പ്രശാന്ത് വിലയിരുത്തി.
കളി രീതിയിലും കളിയോടുള്ള സമീപനത്തിലുമെല്ലാം വ്യത്യസ്തനായിരുന്നു കിബു വിക്കുന. നല്ല വ്യക്തി കൂടിയാണ്. ഡിഫന്‍സിലേക്ക് മാറേണ്ടി വന്നത് എന്റെ പ്രകടനത്തെ ബാധിച്ചു. വിങ്ങറായി കളിക്കാന്‍ വേണ്ട തയാറെടുപ്പുകളും പരിശീലനവും തുടര്‍ച്ചയായി നടത്തിയിരുന്നതിനാല്‍ മാറ്റം പ്രയാസമായിരുന്നു. ഞാന്‍ റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പ്രതിരോധത്തില്‍ നന്നായി കളിക്കാന്‍ കഴിയുന്നില്ലെന്ന് കോച്ചിനോട് തുറന്നു പറഞ്ഞു. അതോടെ പഴയ സ്ഥാനത്തേക്ക് തിരികെ പോയി. ആദ്യ കളി മുതലേ വിങ്ങറായി ഇറങ്ങിയിരുന്നെങ്കില്‍ നന്നായി കളിക്കാന്‍ കഴിയുമായിരുന്നു എന്നാണ് വിശ്വാസം.